ടി പി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ നീക്കം

Spread the love

ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ജയിലില്‍ നിന്നും വിട്ടയയ്ക്കാന്‍ നീക്കം. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോള്‍ ടി പി കേസിലെ രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നീ മൂന്ന് പ്രതികളെ ഉള്‍പ്പെടുത്തുകയായിരുന്നു. ടി പി കേസിലെ പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി ഉത്തരവ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി ശരിവെച്ചത്. പൊലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മൂന്ന് പ്രതികളെ വിട്ടയയ്ക്കാന്‍ സര്‍ക്കാരിന് ഉത്തരവിറക്കാനാകും. അതില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെയാണ് പ്രതികള്‍ മോചിതരാകുകയും ചെയ്യും. ജൂണ്‍ 13 ന്് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ട് ശിക്ഷാ ഇളവ് നല്‍കാന്‍ പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയതായിട്ടാണ് വിവരം. പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വര്‍ഷം കഠിന തടവുമാണ് 2014 ല്‍ വിചാരണക്കോടതി വിധിച്ചത്. ഇതില്‍ കുഞ്ഞനന്തന്‍ മരിച്ചു. തടവുകാര്‍ക്ക് സ്പെഷ്യല്‍ റിമിഷന്‍ നല്‍കി വിട്ടയക്കാന്‍ വേണ്ടി തീരുമാനിച്ചെന്നും പ്രതികളുടെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് സഹിതം ഫയലുകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു കത്തില്‍. പട്ടികയില്‍ സൂചിപ്പിക്കുന്ന പ്രതികളുടെ റിമിഷനായി പ്രതികളുടെ ബന്ധുക്കളുടേത് ഉള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിലേക്ക് അയക്കണമെന്നും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published.