അമ്പതാം വാര്‍ഷികം ആഘോഷിക്കാന്‍ സപ്‌ളൈകോ

Spread the love

സബ്‌സീഡിയുള്ള സാധനങ്ങള്‍ കിട്ടാനില്ലാതെ ജനങ്ങള്‍ നട്ടം തിരിയുമ്ബോള്‍ അമ്ബതാം വാര്‍ഷികം ആഘോഷിക്കാന്‍ സപ്‌ളൈക്കോ. ജൂണ്‍ 25 ന് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ ആഘോഷം നടക്കാനിരിക്കെ വന്‍ വിമര്‍ശനം ഉയരുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും ആഘോഷങ്ങള്‍ മുടക്കമില്ലാതെ നടത്തുകയാണെന്നും സാധനങ്ങളില്ലാതെ ഷെല്‍ഫുകള്‍ കാലിയായി കിടക്കുമ്ബോള്‍ ആഘോഷത്തിന് എന്തു പ്രസക്തി എന്നുമാണ് ഉയരുന്ന വിമര്‍ശനങ്ങള്‍. അതേസമയം ചെലവ് കുറച്ചുള്ള ലളിതമായ ആഘോഷമാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണ് സപ്‌ളൈക്കോയുടെ വിശദീകരണം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ചൊവ്വാഴ്ചയാണ് സംഘടിപ്പിക്കുന്നത്. വിപുലമായ പരിപാടികള്‍ ഒഴിവാക്കിയെന്നും ലളിതമായ ചടങ്ങുകള്‍ മാത്രമാണുള്ളതെന്നും സപ്ലൈകോ മാനേജ്മെന്റ് വിശദീകരിച്ചു. 600 കോടിയിലധികം രൂപ കുടിശ്ശിക ഉള്ളതിനാല്‍ വിതരണക്കാര്‍ സപ്ലൈകോയുമായി സഹകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കുടിശ്ശിക വീട്ടാനും പണം അനുവദിക്കാനും ധനവകുപ്പ് തയ്യാറാകുന്നുമില്ല. 1974ലാണ് സര്‍ക്കാര്‍ സപ്ലൈകോ സ്ഥാപിച്ചത്. ഓരോ മാസവും 231 കോടി ശരാശരി വരുമാനമുണ്ടായിരുന്ന സ്ഥാപനത്തിന് ഇപ്പോഴുള്ളത് 100 കോടിയില്‍ താഴെയായി കുറഞ്ഞുവെന്നാണ് നേരത്തേ ഭക്ഷ്യമന്ത്രി നിയമസഭയെ അറിയിച്ചത്. വില കൂട്ടിയിട്ടു പോലും മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ കിട്ടാനില്ല. പഞ്ചസാര സ്റ്റോക്ക് എത്തിയിട്ട് പത്തുമാസം കഴിഞ്ഞു.

Leave a Reply

Your email address will not be published.