
ലോകത്തുടനീളമുള്ള അര്‍ജന്റീന ആരാധകര്‍ക്ക് സന്തോഷം. കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ അര്‍ജന്റീന കാനഡയെ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഗോളടിച്ചില്ലെങ്കിലും അസിസ്റ്റുമായി മെസ്സി കളം നിറഞ്ഞു. ലൗത്തരോ മാര്‍ട്ടീനസും ജൂലിയന്‍ അല്‍വാരസുമായിരുന്ന അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്. അര്‍ജന്റീനയ്ക്ക് അനായാസ മത്സരമായിരുന്നു നടന്നത്. മെസ്സി ഏറ്റവും കൂടുതല്‍ കോപ്പാ കളിക്കുന്ന താരമായിട്ടാണ് മാറിയത്. ഈ കളിയോടെ തന്റെ ഏഴാം കോപ്പാ ടൂര്‍ണമെന്റില്‍ കളിക്കുന്ന മെസ്സി മുപ്പത്തഞ്ചാം മത്സരമാണ് കളിച്ചത്. എണ്‍പത്തിയേഴാം മിനിറ്റില്‍ മെസ്സി കൊടുത്ത തകര്‍പ്പന്‍ പാസില്‍ നിന്നുമായിരുന്നു മാര്‍ട്ടീനസിന്റെ ഗോള്‍. ഈ മത്സരത്തോടെ അമേരിക്കയില്‍ ക്ലബ്ബിനും രാജ്യത്തിനുമായി ഗോളുകളും അസിസ്റ്റുമായി മെസ്സി 50 തികച്ച മത്സരം കൂടിയായിരുന്നു ഇത്. കോപ്പ അമേരിക്കയുടെ 47-ാമത് എഡിഷന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയാണ് ആതിഥേയത്വം വഹിക്കുന്നത്, ചിലിക്ക് (2015, 2016) ശേഷം തുടര്‍ച്ചയായി കോപ്പ അമേരിക്ക കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമായി മാറാനാണ് ലയണല്‍ മെസ്സിയുടെ ആളുകള്‍ ലക്ഷ്യമിടുന്നത്. ഇത് മെസ്സിയുടെ അവസാന അന്താരാഷ്ട്ര ടൂര്‍ണമെന്റായിരിക്കുമെന്ന് വിശ്വസിക്കുന്ന അനേകരുണ്ട്. താരം ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. അതേസമയം കോപ്പ അമേരിക്ക 2024 അവസാനിച്ചതിന് ശേഷം താന്‍ അന്താരാഷ്ട്ര ഡ്യൂട്ടിയില്‍ നിന്ന് വിരമിക്കുമെന്ന് ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്ബ് അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ എയ്ഞ്ചല്‍ ഡി മരിയ പ്രഖ്യാപിച്ചിട്ടുണ്ട്. മെസ്സിയും ഡി മരിയയ്ക്ക് പിന്നാലെ അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ നിന്നും വിരമിച്ചേക്കുമെന്നാണ് സൂചന.