കള്ളക്കുറിശ്ശി വിഷമദ്യദുരന്തത്തിലെ മുഖ്യപ്രതി അറസ്റ്റിലായി

Spread the love

തമിഴ്‌നാട്ടില്‍ കള്ളക്കുറിശ്ശിയില്‍ ഉണ്ടായ വിഷമദ്യദുരന്തത്തില്‍ പ്രധാനപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജമദ്യം ഉണ്ടാക്കിയതെന്നും വിതരണം ചെയ്തതായും കരുതുന്ന ചിന്നദുരൈ എന്നയാളെ കടലൂരില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. ഇതോടെ മദ്യം വിതരണം ചെയ്തവര്‍ അടക്കം പത്തുപേര്‍ അറസ്റ്റിലായി. ഇന്ന് നിയമസഭാസമ്മേളനം തുടങ്ങാനിരിക്കെ സര്‍ക്കാരിന് വലിയ സമ്മര്‍ദ്ദമുണ്ട്. വ്യാജമദ്യ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 70 ലധികം കേസുകളില്‍ പ്രതിയാണ് ചിന്നദുരൈ. അതേസമയം വ്യാജമദ്യദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 49 ആയി. ആറുപേരാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. നൂറോളം പേരാണ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. നാലു ജില്ലകളിലായാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതിനിടയില്‍ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അണ്ണാ ഡിഎംകെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തേ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പ്രതികളെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ദളിത് പാര്‍ട്ടികളും ഇന്ന് സമരം ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പോകുന്ന തമിഴാ വെട്രി കാഴ്ച തലവനും നടനുമായ സൂപ്പര്‍താരം വിജയ് ഉള്‍പ്പെടെയുള്ളവര്‍ ചികിത്സയില്‍ കഴിയുന്നവരെ കാണാനെത്തിയിരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ പരാജയത്തെ നടന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച താരം പുറത്തിറക്കിയ പ്രസ്താവനയില്‍ മരിച്ചവരുടെ കുടുംബങ്ങളോട് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.