
മണിപ്പൂരില്‍ സി.ആർ.പി.എഫ് ജവാൻമാരുമായി പോവുകയായിരുന്നു ബസ് കത്തിച്ചു. കാങ്‌പോപ്പി ജില്ലയിലെ കാങ്‌പോപ്പി ബസാറില്‍ വെച്ചാണ് സംഭവം. തിങ്കളാഴ്ച രാത്രിയായിരുന്നു ബസ് കത്തിച്ചത്. എന്നാല്‍, ബസിലുണ്ടായിരുന്ന ജവാൻമാരെ സുരക്ഷിതമായി പുറത്തിറക്കിയതിനാല്‍ ആർക്കും അപകടമൊന്നും സംഭവിച്ചില്ല. എം.എൻ 06 ബി 0463 എന്ന രജിസ്ട്രേഷൻ നമ്ബറിലുള്ള ബസാണ് ആള്‍ക്കൂട്ടം തടഞ്ഞത്. ഇത് മെയ്തേയി വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള ബസാണെന്ന് ആരോപിച്ചായിരുന്നു തടയല്‍. സംഭവമറിഞ്ഞ് പൊലീസ് ഉടൻ തന്നെ സ്ഥലത്തേക്ക് എത്തിയെങ്കിലും ബസ് കത്തിക്കുന്നത് തടയാൻ സാധിച്ചില്ല. ഏകദേശം രണ്ടായിരത്തോളം വരുന്ന ആളുകള്‍ റോഡ് ബ്ലോക്ക് ചെയ്തതോടെ പൊലീസിന് ബസിനടുത്തേക്ക് എത്താൻ സാധിച്ചില്ല. പിന്നീട് ശ്രമകരമായ ദൗത്യത്തിനൊടുവില്‍ പൊലീസ് ആള്‍ക്കുട്ടത്തെ പിരിച്ചുവിടകയായിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം മണിപ്പൂരിലേക്ക് കൂടുതല്‍ സി.ആർ.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, ആർ.എ.ഫ് സംഘങ്ങള്‍ എത്തുകയാണ്. മണിപ്പൂരില്‍ ഇപ്പോഴും സംഘർഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സൈനികർ പ്രദേശത്തേക്ക് എത്തുന്നത്. അതേസമയം, മണിപ്പൂരില്‍ തന്നെ നടന്ന മറ്റൊരു സംഭവത്തില്‍ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ഒരാള്‍ അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഇയാളുടെ തലക്ക് പിന്നിലാണ് വെടിയേറ്റതെന്ന് പൊലീസ് അറിയിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അറിയിച്ച പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാൻ തയാറായില്ല. മണിപ്പൂരില്‍ സമാധാനമുണ്ടാക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ച ദിവസം തന്നെയാണ് സംസ്ഥാനത്ത് സംഘർഷമുണ്ടായത്. മണിപ്പൂരിലെ സംഘർഷം ലഘൂകരിക്കാൻ കുക്കി-മെയ്തേയി വിഭാഗങ്ങളുമായി ചർച്ച നടത്തുമെന്ന് അമിത് ഷാ അറിയിച്ചിരുന്നു. കൂടുതല്‍ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിക്കാനും തീരുമാനിച്ചിരുന്നു.