
ബെംഗളൂരുവില്‍ ആമസോണ്‍ ഡെലിവറി ബോക്‌സിനുള്ളില്‍ നിന്ന് വിഷപ്പാമ്ബിനെ കിട്ടിയെന്ന പരാതിയുമായി ദമ്പതികള്‍ രംഗത്ത്. സര്‍ജപൂര്‍ റോഡില്‍ താമസിക്കുന്ന ദമ്പതികള്‍ക്കാണ് ഗെയിമിംഗിനായുള്ള എക്‌സ് ബോക്‌സ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്തതപ്പോള്‍ പെട്ടിയില്‍ നിന്നും വിഷപ്പാമ്ബിനെ കിട്ടിയത്. സംഭവത്തെ തുടര്‍ന്ന് പരാതി നല്‍കിയെങ്കിലും പരിശോധിക്കാമെന്ന ഓട്ടോമേറ്റഡ് മറുപടി മാത്രമാണ് ലഭിച്ചതെന്നാണ് ദമ്പതികള്‍ പറയുന്നത്. ബോക്‌സിനെ ചുറ്റി ഒട്ടിച്ച ടേപ്പിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൂര്‍ഖന്‍.അതുകൊണ്ടാണ് ബോക്‌സ് തുറന്നപ്പോള്‍ വീട്ടിലുള്ളവര്‍ക്ക് കടിയേല്‍ക്കാതിരുന്നതെന്ന് ദമ്പതികള്‍ പറഞ്ഞു. പാമ്പിനെ വിദഗ്ധ സഹായത്തോടെയാണ് മാറ്റിയതെന്ന് ദമ്പതികള്‍വ്യക്തമാക്കി. ആമസോണിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ വിളിച്ചെങ്കിലും രണ്ട് മണിക്കൂറിനടുത്ത് യാതൊരു സഹായവും ലഭിച്ചില്ലെന്ന് ദമ്പതികള്‍ ഉന്നയിച്ചു. പാഴ്‌സല്‍ ഡെലിവറി ചെയ്ത ആള്‍ക്ക് തന്നെ ബോക്‌സ് കൈമാറി. റീഫണ്ട് ലഭിച്ചു. പക്ഷേ ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടെത്തിയതിലും സുരക്ഷയില്‍ ഇത്രയും ഗുരുതരമായ വീഴ്ച സംഭവിച്ചതിനും ആമസോണ്‍ മറുപടി പറയണമെന്ന് എഞ്ചിനീയര്‍മാരായ ദമ്പതികള്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദമ്ബതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.