
ജോധ്പൂർ: (KVARTHA) ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയും ഇരയും പരസ്പരം മുഖാമുഖം വരുന്നത് ഉചിതമല്ലെന്ന് രാജസ്താൻ ഹൈകോടതിയുടെ സുപ്രധാന വിധി.2012ലെ കുട്ടികളുടെ സംരക്ഷണ (പോക്സോ) നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക് പരോള്‍ കാലയളവ് ഇര താമസിക്കുന്ന അതേ നഗരത്തിലോ ഗ്രാമത്തിലോ ചിലവഴിക്കാൻ കഴിയില്ലെന്ന് ബെഞ്ച് പറഞ്ഞു.
കുറ്റവാളിയും ഇരയും ഒരേ നഗരത്തിലോ ഗ്രാമത്തിലോ താമസിക്കുന്ന കേസുകളില്‍ കുറ്റവാളി പരോള്‍ കാലയളവ് മറ്റെവിടെയെങ്കിലും ചെലവഴിക്കേണ്ടിവരുമെന്ന് ജസ്റ്റിസ് ദിനേശ് മേത്തയും ജസ്റ്റിസ് രാജേന്ദ്ര പ്രകാശ് സോണിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞു. കുറ്റവാളിയും ഇരയും മുഖാമുഖം വരരുതെന്നും ഇത് ഇര മറക്കാൻ ആഗ്രഹിക്കുന്ന അവളുടെ കഷ്ടപ്പാടുകളെ ഓർമ്മിപ്പിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവ് തൻ്റെ ആദ്യ പരോള്‍ അപേക്ഷ നാഗൗറിലെ ജില്ലാതല പരോള്‍ കമ്മിറ്റി നിരസിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. അജ്മീർ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍.
ആദ്യ പരോളിനുള്ള അപേക്ഷ നിരസിച്ചതില്‍ സമിതിക്ക് നിയമപരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും നിരസിക്കാൻ എടുത്ത കാരണങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അഭിഭാഷകൻ വാദിച്ചു.
കുറ്റകൃത്യത്തിൻ്റെ ഗൗരവം ചൂണ്ടിക്കാട്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ (എഎജി) അനില്‍ ജോഷി ഹർജിയെ എതിർത്തു. വാദങ്ങള്‍ കേട്ട കോടതി 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും 5,000 രൂപ വീതമുള്ള രണ്ട് ആള് ജാമ്യത്തിലും യുവാവിനെ ആദ്യ പരോളില്‍ 20 ദിവസത്തേക്ക് വിട്ടയക്കാൻ കോടതി ഉത്തരവിട്ടു.