
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ സംസ്ഥാന സർക്കാരിന് ഉറച്ച ഭൂരിപക്ഷമുണ്ടായിട്ടും കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയില്‍ അനുനയ നീക്കങ്ങള്‍ നടത്തുന്നതിനിടെ വിമതർക്കെതിരെ ശക്തമായ നടപടിയുമായി നിയമസഭാ സ്പീക്കർ.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ ഹിമാചല്‍ സ്പീക്കർ അയോഗ്യരാക്കി.
രജിന്ദർ റാണ, സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാല്, ദേവീന്ദർ കുമാർ ഭൂട്ടോ, രവി ഠാക്കൂർ, ചേതന്യ ശർമ എന്നീ എംഎല്‍എമാരെയാണ് അയോഗ്യരാക്കിയത്. ബജറ്റ് സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തർക്കം പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കിടയിലും കൂറുമാറിയവർക്കെതിരെ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതിന്റെ ഭാഗമാണ് അയോഗ്യരാക്കിക്കൊണ്ടുള്ള നടപടി.
കർണാടക ഉപമുഖ്യമന്ത്രിയും തന്ത്രജ്ഞനുമായ ഡി.കെ.ശിവകുമാറിനെയും ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനെയും ഭൂപൂന്ദർ ഹൂഡയെയുമാണ് പാർട്ടിക്കകത്തെ പടലപ്പിണക്കം തീർക്കാൻ ഹൈക്കമാൻഡ് ഷിംലയിലേക്ക് അയച്ചത്.
‘കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച ആറ് എംഎല്‍എമാർ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരുടെ നിയമസഭാ അംഗത്വം റദ്ദാക്കുന്നു’ സ്പീക്കർ കുല്‍ദീപ് സിങ് പതാനിയ പറഞ്ഞു.
ആറ് എംഎല്‍എമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് സ്പീക്കർ അയോഗ്യരാക്കിയത്. ബാക്കിയുള്ള എംഎല്‍എമാരെ കൂടെ നിർത്താൻ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു ഷിംലയില്‍ യോഗം വിളിച്ച് ചേർത്തു. എഐസിസി നിരീക്ഷകർ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ന് റിപ്പോർട്ട് നല്‍കും.
പാർട്ടി നല്കിയ വിപ്പ് ലംഘിച്ച് ധനബില്‍ പാസാക്കുമ്ബോള്‍ അടക്കം വിട്ടുനിന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെയും സ്പീക്കർ അയോഗ്യരാക്കിയത്. എംഎല്‍എമാരില്‍ നിന്ന് ഇന്നലെ വിശദീകരണം തേടിയ ശേഷമാണ് സ്പീക്കർ കുല്‍ദീപ് സിങ് പഠാനിയയുടെ നടപടി. മറുപടി നല്കാൻ ഏഴ് ദിവസത്തെ സാവകാശം വേണമെന്ന് വിമതർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല. ഇതോടെ ബിജെപിക്ക് ഒപ്പമുള്ള എംഎല്‍എമാരുടെ എണ്ണം 34 ല്‍ നിന്ന് 28 ആയി കുറഞ്ഞു.
കോണ്‍ഗ്രസിന് ഉറച്ച ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് പാർട്ടിയുടെ ആറ് എംഎല്‍എ.മാരും സർക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിയുടെ സ്ഥാനാർത്ഥി മനു അഭിഷേക് സിംഘ്വി പരാജയപ്പെട്ടിരുന്നു.
രാജ്യസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് സ്വതന്ത്രരരും ആറ് വിമതരം ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ തോല്‍വിക്ക് കാരണമായത്. പാർട്ടി എംഎല്‍എമാർ അയോഗ്യരായത് കോണ്‍ഗ്രസിന്റെ അംഗസംഖ്യ കേവല ഭൂരിപക്ഷമായ 35ന് താഴെയെത്തിക്കുകയും ചെയ്തിട്ടുണ്ട് . നിയമസഭയുടെ അംഗസംഖ്യ കുറഞ്ഞതിനാല്‍ തല്ക്കാലം സർക്കാരിന് പിടിച്ചു നില്ക്കാം. വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ് കടന്നത്.
മുതിർന്നനേതാവ് ആനന്ദ് ശർമയെ പിന്തുണയ്ക്കുന്നവരും പി.സി.സി. അധ്യക്ഷ പ്രതിഭാ സിങ്ങിനെ പിന്തുണയ്ക്കുന്നവരുമാണ് ഹിമാചലിലെ വിമത നീക്കത്തിന് പിന്നില്‍. രാജ്യസഭാ തിരഞ്ഞെടുപ്പിലെ കൂറുമാറ്റത്തിന് പിന്നാലെ പ്രതിഭാ സിങിന്റെ മകനും പൊതുമരാമത്ത് മന്ത്രിയുമായ വിക്രമാദിത്യസിങ് രാജിവെച്ച് വിമത ഭീഷണിയുയർത്തിയിരുന്നെങ്കിലും ഹൈക്കമാൻഡിന്റെ ഇടപെടലില്‍ നിലപാടില്‍ അയവ് വരുത്തിയിരുന്നു.
കോണ്‍ഗ്രസിലെ തർക്കം മുതലെടുത്ത് സർക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ബിജെപി. നീക്കംതുടരുന്നതിനിടെ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി സർക്കാർ താത്കാലിക ആശ്വാസംനേടിയിരുന്നു.
സ്പീക്കറുടെ ചേംബറിലെത്തി പ്രതിഷേധവുമുയർത്തി. പ്രതിപക്ഷനേതാവ് ജയറാം താക്കൂർ അടക്കം 15 ബിജെപി. അംഗങ്ങളെ സ്പീക്കർ കുല്‍ദീപ് സിങ് പതാനിയ സസ്പെൻഡ്ചെയ്യുകയുമുണ്ടായി. ശബ്ദവോട്ടോടെ ബജറ്റ് പാസാക്കി സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരിക്കുകയാണ്.
രാജി പിൻവലിച്ചെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഹിമാചലില്‍ സ്വീകരിക്കുന്ന നടപടിക്ക് അനുസരിച്ചാകും ഭാവിനീക്കമെന്ന് മന്ത്രി വിക്രമാദിത്യ സിങ് മുന്നറിയിപ്പ് നല്കി. നേതൃമാറ്റം അടക്കം ആവശ്യമാണോയെന്നത് പരിഗണിക്കാൻ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നിരീക്ഷകരോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതല്‍ എംഎല്‍എമാർ കാലുമാറാതിരിക്കാനാണ് വിമതരെ ഉടൻ പുറത്താക്കിയുള്ള മുന്നറിയിപ്പ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. സ്പീക്കറുടെ നടപടിയില്‍ വിമതർ സ്വീകരിക്കുന്ന നിയമനടപടികളുടെ ഭാവി ഇനി നിർണ്ണായകമാകും.