ഖത്തര്‍-ബഹ്‌റൈൻ കോസ് വേ പദ്ധതിയുമായി മുന്നോട്ട്

Spread the love

ദോഹ: ഖത്തറിനെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണവുമായി മുന്നോട്ടു പോകാൻ ഖത്തർ-ബഹ്‌റൈൻ ഫോളോഅപ്പ് കമ്മിറ്റിയുടെ യോഗത്തില്‍ ധാരണയായി.

ഫ്രൻഡ്ഷിപ് ബ്രിഡ്ജ് എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതി ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരവും യാത്രയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2008ലാണ് പ്രഖ്യാപിക്കപ്പെടുന്നത്.

പാലത്തിന്റെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കാനും പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനും യോഗത്തില്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. 

ഖത്തറിന് വേണ്ടി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ജനറല്‍ അഹ്മദ് ബിൻ ഹസൻ അല്‍ ഹമ്മാദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മനാമയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ബഹ്‌റൈൻ സംഘം പങ്കെടുത്തു.

ഖത്തർ ബഹ്റൈൻ കോസ് വേയുടെ മാതൃക

ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന കോസ് വേ പദ്ധതിയുടെ പുനരുജ്ജീവനമായിരുന്നു ഫോളോഅപ് കമ്മിറ്റിയുടെ നാലാമത് യോഗത്തിലെ പ്രധാന അജണ്ടയെന്ന് ഖത്തർ വാർത്തഏജൻസി റിപ്പോർട്ട് ചെയ്തു. പുതിയ തീരുമാനം ഇരുരാജ്യങ്ങളുടെയും വളർച്ചയിലും പുരോഗതിയിലും വലിയ സ്വാധീനം ചെലുത്തുമെന്ന് ക്യു.എൻ.എ റിപ്പോർട്ട് ചെയ്തു.

300 കോടി ഡോളർ ചെലവ് കണക്കാക്കപ്പെടുന്ന പദ്ധതി ബഹ്‌റൈനെ ഖത്തറിന്റെ വടക്കു പടിഞ്ഞാറൻ തീരവുമായി ബന്ധിപ്പിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യാത്രാസമയം അഞ്ച് മണിക്കൂറില്‍ നിന്ന് 30 മിനിറ്റായി കുറയും.കഴിഞ്ഞ വർഷം നവംബറില്‍ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആല്‍ഥാനിയും ബഹ്‌റൈൻ കിരീടാവകാശിയും തമ്മില്‍ മനാമയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കോസ് വേ പദ്ധതി വീണ്ടും സജീവമായത്. 

Leave a Reply

Your email address will not be published.