എന്തെല്ലാം എഴുതിവിട്ടിട്ടും ഫലം വന്നത് കണ്ടില്ലെ?; ഇടത് മുന്നണി വിജയം പരാമര്‍ശിച്ച്‌ മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം | തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ നേട്ടം എടുത്ത് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ ഫലം വന്നത് കണ്ടില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂരില്‍ മുഖാമുഖം പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ഒരു മാധ്യമം മുഖാമുഖം പരിപാടിയെക്കുറിച്ച്‌ ഒരു റിപ്പോര്‍ട്ട് എഴുതി. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ഓഫീസുകള്‍ വല്ലാതെ വിഷമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വിഷമിക്കുകയാണെന്നും എഴുതി. മുഖാമുഖം പരിപാടിക്ക് എങ്ങനെ ആളെക്കൂട്ടും എന്നതാണ് വിഷമത്തിന് കാരണം. ആളുകള്‍ ഇല്ലാതെ ബുദ്ധിമുട്ടിപോകുന്നുവെന്നാണ് ഈ റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാവുക. എന്നാല്‍ ഇന്നലെ കണ്ടില്ലേ. നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല ജനങ്ങള്‍ കാര്യങ്ങള്‍ എടുക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലേ?- മുഖ്യമന്ത്രി ചോദിച്ചു.

എല്‍ഡിഎഫ് അല്ലേ ഭരിക്കുന്നത്. ആളെ കൂട്ടാന്‍ അത്ര പ്രയാസമുണ്ടാവില്ലല്ലോ. റിപ്പോര്‍ട്ടര്‍ വെറുതെ എഴുതുന്നതല്ല, എഴുതിപ്പിക്കുന്നതാണ് . ജനങ്ങള്‍ക്ക് എല്ലാം തിരിച്ചറിയാന്‍ കഴിയും. നന്നാവില്ലെന്ന് അറിയാം, എങ്കിലും പറയുന്നുവെന്നേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആദിവാസി, ദളിത് വിഷയങ്ങളിലുള്ള മുഖാമുഖം പരിപാടി ഇന്ന് കണ്ണൂരിലാണ് നടക്കുകയാണ്. ഈ മാസം 18ന് കോഴിക്കോട്ട് ആരംഭിച്ച മുഖാമുഖം പരിപാടി മാര്‍ച്ച്‌ മൂന്നിന് സമാപിക്കും

Leave a Reply

Your email address will not be published.