“ചന്ദ്രിക” പത്രത്തിൻ്റെ റസിഡൻ്റ് എഡിറ്ററായി റിട്ടയർ ചെയ്ത എഴുത്തുകാരനാണ് ടി.സി മുഹമ്മദ് സാഹിബ്. കൂത്തുപറമ്പിലെ തൻ്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്നു. തലശ്ശേരിയിൽ കോടിയേരി അനുസ്മരണത്തോട് അനുബന്ധിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഞാൻ. ടി.സി കാണാൻ ആഗ്രഹം പ്രകടിപ്പിച്ച കാര്യം സഖാവ് പൊന്ന്യൻ ചന്ദ്രനാണ് ഉണർത്തിയത്. കേട്ട ഉടൻ തന്നെ പോകാൻ തീരുമാനിച്ചു.


ടി.സിയുടെ ഏറ്റവും പുതിയ പുസ്തകം സി.എച്ചിനെ കുറിച്ചാണ്. ”ഷേറെ കേരള” അഥവാ കേരളത്തിൻ്റെ സിംഹം. പോസ്റ്റ് വഴിയാണ് പുസ്തകം എനിക്കു കിട്ടിയത്. നൂറ് പേജോളം വരും. ടി.സി യുടേതായത് കൊണ്ട് വായിക്കാൻ നല്ല ഒഴുക്ക്. രണ്ട് രാത്രി കൊണ്ട് പാരായണം ചെയ്തു തീർത്തു. ചന്ദ്രികയും സി.എച്ചും തമ്മിലുള്ള ബന്ധം ഒരു കൊച്ചു കോപ്പയിൽ ഒതുക്കിയ പ്രതീതി. സി.എച്ചിനെ കുറിച്ചുള്ള ഏതാണ്ടെല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. അതിലൊന്നും കാണാത്ത പല കാര്യങ്ങളും ടി.സിയുടെ ചെറു ഗ്രന്ഥത്തിലുണ്ട്.
32 വർഷത്തെ ചന്ദ്രികയിലെ ജോലിയാണ് ടി.സിയെ അനുഭവങ്ങളുടെ പെരുന്തച്ചനാക്കിയത്. എഴുപത്തിയേഴുകാരനായ ടി.സി മുഹമ്മദിന് ബാഫഖി തങ്ങൾ, പൂക്കോയ തങ്ങൾ, ഇസ്മായിൽ സാഹിബ്, സി.എച്ച്, സേട്ടു സാഹിബ്, ബനാത് വാല, ശിഹാബ് തങ്ങൾ, ഇ അഹമ്മദ് സാഹിബ് എന്നിവരുമായെല്ലാം അടുപ്പമുണ്ട്. ലീഗ് ദേശീയ നേതാക്കളുടെ ഇംഗ്ലീഷ് പ്രസംഗം ആൾക്കൂട്ടങ്ങൾ നിറഞ്ഞ ലീഗ് സമ്മേളനങ്ങളിൽ എത്രയോ വർഷങ്ങൾ പരിഭാഷപ്പെടുത്തിയത് ടി.സിയാണ്. ഇസ്മായിൽ സാഹിബിൻ്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ ഭാഗ്യവാൻമാരിൽ ജീവിച്ചിരിക്കുന്ന ഒരേയൊരാൾ.
ലീഗിൻ്റെ വളർച്ചയുടെ ഓരോഘട്ടങ്ങൾക്കും സാക്ഷിയായ മനുഷ്യൻ. പാർട്ടിയുടെ ജയാപജയങ്ങളിൽ സന്തോഷിക്കുകയും ദു:ഖിക്കുകയും ചെയ്ത ചന്ദ്രിക ജീവനക്കാരൻ. കുറച്ച് മാത്രം സംസാരിക്കുകയും മൗനം കൊണ്ട് പല സങ്കീർണ്ണ പ്രശ്നങ്ങൾക്കും പരിഹാരം കാണുകയും ചെയ്തിരുന്ന പഴയ നേതാക്കളുടെ പൈതൃകത്തിൽ നിന്നുള്ള പുതിയ ലീഗ് നേതൃത്വത്തിൻ്റെ വ്യതിചലനത്തിൽ വേദനിക്കുന്ന ബുദ്ധിയുള്ള ലീഗ് പ്രവർത്തകൻ. സമസ്തയും ലീഗും തമ്മിലുള്ള അകൽച്ച ഒഴിവാക്കണമായിരുന്നു എന്ന് കട്ടായം പറഞ്ഞ വ്യക്തി.
ടി.സി ഒരു പുതിയ പുസ്തകത്തിൻ്റെ പണിപ്പുരയിലാണ്. ചിലതെല്ലാം അതിലദ്ദേഹം തുറന്നു പറയുന്നുണ്ടെന്ന് സംസാരത്തിനിടെ സൂചന നൽകി. കൊട്ടാര വിദൂഷകൻമാർക്കിടയിൽ ഒറ്റപ്പെട്ട ബീർബൽമാരും വേണമല്ലോ? സത്യങ്ങൾ “നേതൃത്വ”ത്തെ ബോദ്ധ്യപ്പെടുത്താൻ കാലം ചിലരെ ചുമതലപ്പെടുത്തും. ആ ചുമതലക്കാരനാണോ ടി.സി? അതിനുത്തരം കിട്ടാൻ ടി.സിയുടെ പുസ്തകം പുറത്തുവരുന്നതു വരെ കാത്തിരിക്കാം.
ഒരു സാധാരണ വീട്ടിലാണ് ടി.സി താമസിക്കുന്നത്. 6500 സ്ക്വയർ ഫീറ്റ് പോയിട്ട് 2500 സ്ക്വയർ ഫീറ്റ് പോലുമില്ലാത്ത വീട്. കട്ടിലിനടിയിൽ 47 ലക്ഷം പോയിട്ട് പത്ത് രൂപ പോലും സൂക്ഷിക്കാനില്ലാത്ത കറകളഞ്ഞ പൊതുപ്രവർത്തകൻ. ലീഗിൽ തനിക്കുണ്ടായ വ്യക്തി ബന്ധങ്ങൾ പണപ്പിരിവിനും ധനസമ്പാദനത്തിനും ഉപയോഗിക്കാത്ത ടി.സിയെ പുത്തൻകൂറ്റുകാരായ യുവതുർക്കികൾക്ക് പരിചയമുണ്ടാകാൻ സാദ്ധ്യത നന്നേ കുറവ്. കൂലിയും വേലയുമില്ലാതെ നേടിയ കൊട്ടാര സമാനമായ വീടോ വില പിടിപ്പുള്ള കാറോ കെ.എം.സി.സിക്കാരായ സമ്പന്നരുമൊത്തുള്ള “സ്ലീപ്പിംഗ് പാർട്ട്ണർ” ബിസിനസോ ഇല്ലാത്ത ഉൽകൃഷ്ടൻ. ലീഗിനെ സ്നേഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു ഉത്തമ മനുഷ്യൻ.
യാത്ര പറഞ്ഞിറങ്ങുമ്പോൾ പഴയ തലമുറയിലെ പച്ചയായ ഒരു ലീഗുകാരനെ കണ്ട സംതൃപ്തി അനിർവചനീയമായിരുന്നു.