Pollution; രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം കൂടുതൽ; വായു നിലവാര സൂചിക 400 കടന്നു

Spread the love

ദില്ലിയിലെ മലീനികരണ തോത് വർധിച്ച് അന്തരീക്ഷം ഗുരുതരാവസ്ഥയിൽ. വായു നിലവാര സൂചിക 400 കടന്നു. ഗവർണറും ബിജെപിയും പരിഹാര നടപടികൾ തടയുന്നു എന്നാണ് എ എ പിയുടെ ആരോപണം. പരാജയം അംഗീകരിച്ച് അരവിന്ദ് കെജ്‌രിവാൾ രാജി വെക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.

ദില്ലിയിലെ വായു മലിനീകരണം വളരെ മോശമായി തുടരുകയാണ്. കഴിഞ്ഞ രണ്ടു വർഷത്തെ അപേക്ഷിച്ച് ഈ തവണ ഒക്ടോബർ നവംബർ മാസങ്ങളിൽ വായു മലിനീകരണം കൂടുതലാണെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. രാവിലെയാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ദില്ലിയിലെ പല ഭാഗങ്ങളിലും പുകമഞ്ഞ് അനുഭവപ്പെട്ടു. കാഴ്ചകൾ മങ്ങി തുടങ്ങി.

വാഹനങ്ങളിൽ നിന്നുള്ള പുകയും കാറ്റിന്റെ വേഗത കുറഞ്ഞതും വായു മലിനീകരണം രൂക്ഷമാകാൻ കാരണമായിട്ടുണ്ട്. ദില്ലിയിലെ വായു മലീനികരണത്തിന്റെ 26 ശതമാനവും അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ്. ബുരാരി, നരേല , അശോക് വിഹാർ, സോണിയ വിഹാർ വിവേക് വിഹാർ തുടങ്ങിയ ഇടങ്ങളിൽ വായു നിലവാര സൂചിക 460 ന് മുകളിലെത്തി.ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പുകയാണ് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നത്.

വായു മലിനീകരണം രൂക്ഷമാകുന്നത് കണക്കിലെടുത്ത് മൈതാനങ്ങളിൽ നടത്തുന്ന കായിക പരിശീലനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു സംഘടനകളും ഒഴിവാക്കി. വായു മലീനികരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 521 വാട്ടർ സ്‌പ്രീംഗളറുകൾ, 233 ആന്റി സ്മോഗ് ഗണ്ണുകൾ, 150 മൊബൈൽ ആന്റി സ്മോഗ് ഗണ്ണുകൾ എന്നിവ തുടർച്ചയായി പ്രവർത്തിപ്പിക്കുന്നുണ്ട്. അന്തരീക്ഷം മോശം അവസ്ഥയിലെത്തിയതോടെ നിർമ്മാണ പൊളിക്കൽ പ്രവർത്തനങ്ങൾക്ക് വിലക്കേർപെടുത്തിയിരുന്നു. ഇതിനിടെ അന്തരീക്ഷത്തെ ചൊല്ലിയുള്ള എ എ പി – ബിജെപി വാക്ക് പോര് തുടരുകയാണ്.

Leave a Reply

Your email address will not be published.