പാതിരാത്രിയില്‍ പെയിന്റടിച്ചു, വാര്‍ഡുകളിലെ ബെഡ് ഷീറ്റ് മാറ്റി; മോദി എത്തുന്നതിന് മുൻപ് മോര്‍ബി സിവില്‍ ആശുപത്രിയിലെ മോടിപിടിപ്പിക്കൽ

Spread the love

ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം ദുരന്തത്തില്‍ പരിക്കേറ്റവരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുന്‍പ്, ആശുപത്രി വൃത്തിയാക്കിയ അധികൃതരുടെ നടപടി വിവാദത്തില്‍. രാത്രി ആശുപത്രിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇന്ന് മോദി സന്ദർശനം നടത്താനിരിക്കവെയാണ് മോര്‍ബി സിവില്‍ ആശുപത്രിയിൽ സംഭവം നടന്നത്. ആശുപത്രി പെയിന്റടിക്കുന്നതിന്റെയും ഓടയുടെ സ്ലാബുകള്‍ മാറ്റുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നു. ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ഇന്ന് പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ 135പേര്‍ കൊല്ലപ്പെട്ടിരുന്നു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഏറിയപങ്കും ചികിത്സ തേടിയിരിക്കുന്നത് മോര്‍ബി സിവില്‍ ആശുപത്രിയിലാണ്. ആശുപത്രിയുടെ സൗകര്യകുറവാണ് ഈ നടപടിയിലൂടെ പുറത്തുവന്നതെന്ന് ഇതിനോടകം തന്നെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

ആശുപത്രിയിലെ ചില ചുമരുകള്‍ പെയിന്റടിച്ചു. പുതിയ വാട്ടര്‍ കൂളറുകള്‍ സ്ഥാപിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ കിടത്തിയിരിക്കുന്ന രണ്ട് വാര്‍ഡുകളിലെ ബെഡ് ഷീറ്റുകള്‍ മാറ്റി. പാത്രിരാത്രിയില്‍ ആശുപത്രി പരിസരം ജീവനക്കാര്‍ വൃത്തിയാക്കി.

അതേസമയം, പ്രധാനമന്ത്രിയുടെ ഫോട്ടോഷൂട്ടിന് വേണ്ടി ഇവന്റ് മാനേജ്‌മെന്റ് നടത്താനായി ബിജെപി തിരക്കിലാണെന്ന് എഎപി പരിഹസിച്ചു. പ്രധാനമന്ത്രിയുടെ ചിത്രങ്ങളില്‍ അപാകതകളില്ലെന്ന് ഉറപ്പാക്കാനാണ് ആശുപത്രി വൃത്തിയാക്കിയതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ‘അവര്‍ക്ക് നാണമില്ല, നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടും ബിജെപി ഇവന്റ് മാനേജ്‌മെന്റിന്റെ തിരക്കിലാണ്.’- കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published.