അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാരച്ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക.നിലവിൽ ഉമ്മൻചാണ്ടിയുടെ മൃതദേഹം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുകയാണ്. വിലാപയാത്ര സഞ്ചരിക്കുന്ന ഓരോ കേന്ദ്രങ്ങളിലും വൻജനാവലിയാണ് പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാനെത്തുന്നത്. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് തുടങ്ങി കേശവദാസപുരം വഴി വെമ്പായം, വെഞ്ഞാറമൂട്, കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, ചിങ്ങവനം, കോട്ടയം തിരുനക്കര വഴിയാണ് മൃതദേഹം പുതുപ്പള്ളിയിലെത്തിക്കുക. എല്ലാ ചെറുകേന്ദ്രങ്ങളിലും വലിയ ജനക്കൂട്ടം തടിച്ചുകൂടുന്നതുകൊണ്ടും ഉമ്മൻചാണ്ടിയെ കാണാൻ അവരെ അനുവദിക്കുന്നതുകൊണ്ടും കോട്ടയത്തെ മൈതാനിയിൽ എത്താൻ രാത്രി പത്തുമണി കഴ്ഴിഞ്ഞേക്കുമെന്നാണ് സൂചന.
ഉമ്മൻചാണ്ടിയുടെ സംസ്കാര ശുശ്രൂഷകൾ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിലാണ് നടക്കുക. സഭയിലെ മെത്രാപ്പോലീത്തന്മാർ സഹകാർമ്മികർ ആയിരിക്കും.സെന്റ് ജോർജ് വലിയ പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കബറിടത്തിലാണ് സംസ്കാര ശുശ്രൂഷകൾ നടക്കുക.