പാര്‍ലമെന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുമ്പോള്‍ ഇത്തവണ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടത് സര്‍ക്കാരിന് വെല്ലുവിളിയാകും ഉയര്‍ത്തുക. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പാര്‍ലമെന്റില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. രണ്ട് മാസം പിന്നിടുമ്പോഴും കലാപം നിയന്ത്രിക്കാൻ കഴിയാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ വിമർശനമാകും പ്രതിപക്ഷം ഉന്നയിക്കുക.വിലക്കയറ്റം, ദില്ലി ഓര്‍ഡിനന്‍സ് ഫെഡറലിസം തകര്‍ക്കുന്നു , അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം എന്നിവ പാര്‍ലമെന്റില്‍ പ്രതിപക്ഷം ശക്തമായി തന്നെ ഉന്നയിക്കും. അതേസമയം, കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ഉച്ചയക്ക് ശേഷം ചേരും. എന്‍ഡിഎ സഭാ നേതാക്കളുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. പ്രതിപക്ഷ നേതൃയോഗം ബെംഗളുരുവിലും എന്‍ഡിഎ നേതൃയോഗം ദില്ലിയിലും ഇന്നലെ ചേര്‍ന്നിരുന്നു. രാജ്യത്തിന്റെ സുരക്ഷ, പുരോഗതി, ജനങ്ങളുടെ ശാക്തീകരണം എന്നിവയാണ് എന്‍ഡിഎ ലക്ഷ്യമിടുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ പ്രതിപക്ഷ ഐക്യം ശക്തമായ സാഹചര്യത്തില്‍ സഭാ സമ്മേളനം കൂടുതല്‍ പ്രക്ഷുബ്മാകാനാണ് സാധ്യത.