മണിപ്പൂരിൽ കുകി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകളെ പൂർണ്ണനഗ്നരാക്കി നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും, സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഞെട്ടൽ രേഖപ്പെടുത്തിയും വിമർശിച്ചും രംഗത്തെത്തി.
പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചുവെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഇന്ത്യയെന്ന ആശയം മണിപ്പൂരിൽ ആക്രമിക്കപ്പെടുമ്പോൾ രാജ്യം മിണ്ടാതെയിരിക്കില്ലെന്നും മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം തങ്ങൾ നിൽക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ലൈംഗികാതിക്രമങ്ങളുടെ ചിത്രങ്ങൾ ഹൃദയഭേദകമെന്നായിരുന്നു പ്രിയങ്കഗാന്ധിയുടെ പ്രതികരണം. കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും കണ്ണടച്ച് ഇരിക്കുന്നത് എന്തുകൊണ്ടെന്ന് ചോദിച്ച പ്രിയങ്കാ ഗാന്ധി ഇത്തരം ചിത്രങ്ങളും അക്രമങ്ങളും അവരെ അസ്വസ്ഥമാക്കുന്നില്ലേയെന്നും ചോദിച്ചു. ഇരട്ട എൻജിൻ സർക്കാരിന്റെ കീഴിൽ നടക്കുന്ന അതിക്രമങ്ങളിൽ നരേന്ദ്രമോദി മൗനം തുടരുന്നുവെന്നും മൗനം മനുഷ്യത്വമില്ലായ്മയുടെ പ്രതിബിംബമാണെന്നുമായിരുന്നു സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.
വര്‍ഗീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവം പുറത്തുവന്നത് ജൂലൈ 19നാണ്. കുകി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് നേരെയാണ് ക്രൂരതയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് നാലിന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവരുന്നത്. സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായതായി കുകി ഗോത്ര സംഘടന ആരോപിച്ചു.
ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇന്‍ഡീജീനിയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐടിഎല്‍എഫ്) പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മെയ്‌തേയി വിഭാഗത്തിലുള്ളവരാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയതെന്നാണ് ആരോപണം. നിസഹായകരായ സ്ത്രീകളെ മെയ്‌തേയി വിഭാഗത്തിലുള്ളവര്‍ ഉപദ്രവിക്കുന്നത് വീഡിയോയിലുണ്ടെന്നും ട്രൈബല്‍ ലീഡേഴ്സ് ഫോറം ചൂണ്ടിക്കാട്ടി. ഈ സംഭവത്തിന് തൊട്ടു മുമ്പുള്ള ദിവസമാണ് മെയ്തെയ് -കുകി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയത്.