കടക്കെണിയില്‍ മലയാളി, നിക്ഷേപത്തിലും പിന്നില്‍; കേരളത്തിലെ 65% കുടുംബങ്ങള്‍ക്കും സമ്ബാദ്യമില്ല VM TV NEWS CHANNEL

Spread the love

ന്യൂഡല്‍ഹി: രാജ്യത്ത് സമ്ബാദ്യവും നിക്ഷേപവും കുറഞ്ഞതും കടം കൂടിയതുമായ കുടുംബങ്ങള്‍ ഏറെയുള്ള സംസ്ഥാനങ്ങളില്‍ കേരളവും.

കോവിഡിനുശേഷം വിവിധ സൂചികകളുടെ അടിസ്ഥാനത്തില്‍ രാജ്യത്താകെയുള്ള ഒരു ലക്ഷം വീടുകളുടെ വിവരങ്ങള്‍ ശേഖരിച്ച പ്രകാരം നബാർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണിത്.

ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സ്വാശ്രയസംഘങ്ങളിലും ചിട്ടികളിലുമൊക്കെയായി രാജ്യത്തെ 66 ശതമാനം കുടുംബത്തിനും (കാർഷിക കുടുംബങ്ങളില്‍ 71 ശതമാനം, കാർഷികേതര കുടുംബങ്ങളില്‍ 58 ശതമാനം) സമ്ബാദ്യമുള്ളപ്പോള്‍, കേരളത്തിലിത് 35 ശതമാനം പേർക്കുമാത്രമാണ്. 65 ശതമാനം കുടുംബങ്ങള്‍ക്കും സമ്ബാദ്യമില്ല. ഗോവ മാത്രമാണ് ഇക്കാര്യത്തില്‍ (29 ശതമാനം) കേരളത്തിന് പിന്നിലുള്ളത്.

സമ്ബാദ്യക്കാര്യത്തില്‍ ഉത്തരാഖണ്ഡ് (93 ശതമാനം), ഉത്തർപ്രദേശ് (84 ശതമാനം), ഝാർഖണ്ഡ് (83 ശതമാനം) എന്നിങ്ങനെ 11 സംസ്ഥാനങ്ങളാണ് 70 ശതമാനത്തിനുമുകളില്‍. 18 ശതമാനം കുടുംബങ്ങളും അവരുടെ സമ്ബാദ്യം വീടുകളിലാണ് സൂക്ഷിക്കുന്നത്. 2021 ജൂലായ് മുതല്‍ 2022 ജൂണ്‍ വരെയുള്ള കാർഷിക വർഷത്തിലായിരുന്നു സർവേ. ഇക്കാലയളവില്‍, സമ്ബാദിക്കുന്ന കുടുംബങ്ങളുടെ വാർഷിക സമ്ബാദ്യം ശരാശരി 20,139 രൂപയാണ്.

നിക്ഷേപത്തിലും പിന്നില്‍

ഭൂമി, സ്വർണം, സർക്കാർ ബോണ്ടുകള്‍, സ്ഥിരനിക്ഷേപം, ഓഹരികള്‍, കിസാൻ വികാസ് പത്ര, ബോണ്ടുകള്‍ എന്നിങ്ങനെയുള്ള നിക്ഷേപങ്ങളുടെ കാര്യത്തിലും കേരളം പിന്നിലാണ്. കേരളം, ഗോവ, ജമ്മു-കശ്മീർ, കർണാടക, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ 20 ശതമാനത്തില്‍ താഴെ പേർക്കാണ് നിക്ഷേപമുള്ളത്.

കടക്കെണിയില്‍ മലയാളി

രാജ്യത്താകെ 52 ശതമാനം കുടുംബങ്ങള്‍ കടക്കെണിയിലാണെന്ന് സർവേ വ്യക്തമാക്കുന്നു. കാർഷികകുടുംബങ്ങളിലിത് 55 ശതമാനവും മറ്റുകുടുംബങ്ങളില്‍ 48 ശതമാനവുമാണ്. ശരാശരി കടം 90,372 രൂപ വരും (കാർഷിക കുടുംബങ്ങള്‍ക്ക് 91231, മറ്റുള്ളവർക്ക് 89074). എന്നാല്‍, പ്രതികുടുംബ കടം ഏറ്റവും കൂടുതല്‍ കേരളത്തിലാണ്-1,98,951 രൂപ. ഏറ്റവും കുറവ് ഝാർഖണ്ഡിലും-21,060 രൂപ.

കുടുംബങ്ങളുടെ ശരാശരി കടം കൂടുതലുള്ള സംസ്ഥാനങ്ങള്‍

കേരളം 1,98,951 രൂപ

നാഗാലാൻഡ് 1,97,229

മിസോറം 1,81,531

ഗോവ 1,79,973

പഞ്ചാബ് 1,59,237

ലഡാക്ക് 1,45,201

അരുണാചല്‍ പ്രദേശ് 1,42,358

ഗുജറാത്ത് 1,41,351

ജമ്മു-കശ്മീർ 1,39,358

തെലങ്കാന 1,29,599

ഹിമാചല്‍ പ്രദേശ് 1,28,656

കർണാടക 1,14,196

മണിപ്പുർ 1,05,667

Leave a Reply

Your email address will not be published.