കുഴപ്പിക്കുന്ന ഐഫോണ്‍ ഫീച്ചര്‍; കള്ളനും പൊലീസിനും ഒരുപോലെ ‘ആപ്പ്’ VM TV NEWS CHANNEL

Spread the love

ന്യൂയോര്‍ക്ക്: ആപ്പിളിന്‍റെ പുതിയ സുരക്ഷാ ഫീച്ചർ കള്ളൻമാർക്ക് മാത്രമല്ല പൊലീസുകാർക്കും ആപ്പാകുന്നുവെന്ന് റിപ്പോർട്ട്.

ആപ്പിളിന്‍റെ ഐഒഎസ് 18.1ലെ പുതിയ സുരക്ഷാ ഫീച്ചറാണ് പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഫോറൻസിക് പരിശോധനയ്ക്ക് സൂക്ഷിച്ചിരുന്ന ചില ഐഫോണ്‍ മോഡലുകള്‍ സ്വന്തമായി റീബൂട്ട് ചെയ്യുന്നത് യുഎസിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത് സംബന്ധിച്ച ആശങ്കകള്‍ ഉയർന്നുവന്നത്.

ഐഫോണിന്‍റെ സുരക്ഷാ ഫീച്ചറുകള്‍ മറികടക്കുന്നതില്‍ ഇത് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പറയുന്നു. റീബൂട്ടുകള്‍ക്ക് കാരണമാകുന്നത് ഐഒഎസ് 18.1ലുള്ള പുതിയ ഫീച്ചറാണെന്നും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

iOS 18.1 ഐഫോണില്‍ ‘ഇൻആക്ടിവിറ്റി റീബൂട്ട്’ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട് എന്ന് 404 മീഡിയ റിപ്പോർട്ട് ചെയ്യുന്നതായി ഗാഡ്‌ജറ്റ്‌സ്360യിലെ വാര്‍ത്തയില്‍ പറയുന്നു. ഡിട്രോയിറ്റിലെ പൊലീസ് ഉദ്യോഗസ്ഥരാണ് സ്റ്റോറേജില്‍ ഫോറൻസിക് പരിശോധനയ്ക്കായി സൂക്ഷിച്ചിരുന്ന ചില ഐഫോണ്‍ യൂണിറ്റുകള്‍ റീബൂട്ട് ചെയ്യുന്നതായി കണ്ടെത്തിയത്. പിടിച്ചെടുത്ത ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി രൂപകല്പന ചെയ്ത ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ അണ്‍ലോക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഐഫോണിനെ മറ്റ് ഉപകരണങ്ങളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇതുവഴി കസ്റ്റഡിയിലുള്ള ഐഫോണുകള്‍ റീബൂട്ട് ചെയ്യുന്നതിനുള്ള സിഗ്നല്‍ അയച്ചുവെന്നുമുള്ള മിഷിഗണ്‍ പൊലീസ് രേഖയും 404 മീഡിയ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഈ വാദം നിരാകരിച്ച്‌ ഒരു സുരക്ഷാ ഗവേഷകൻ രംഗത്ത് വന്നിട്ടുണ്ട്. ഫോണിന്‍റെ നെറ്റ്‌വർക്ക് നിലയുമായി ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്ന സുരക്ഷാ ഫീച്ചറിന് ബന്ധമൊന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ആദ്യമായിട്ടല്ല ഇത്തരമൊരു ഫീച്ചർ ആപ്പിള്‍ അവതരിപ്പിക്കുന്നത്. 2016-ല്‍ എഫ്ബിഐയ്‌ക്കായി ഒരു ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാൻ കമ്ബനി വിസമ്മതിച്ചിരുന്നു. എന്നാല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാൻ എഫ്ബിഐ ഒടുവില്‍ ഒരു മൂന്നാം കക്ഷിയെ ഉപയോഗിക്കുകയായിരുന്നു. അതിന് പിന്നാലെ ആപ്പിള്‍ അതിന്‍റെ സ്മാർട്ട്‌ഫോണുകളില്‍ യുഎസ്ബി ഡീബഗ്ഗിംഗ് പ്രവർത്തനരഹിതമാക്കുന്ന ഒരു ക്രമീകരണം ചേർക്കുകയായിരുന്നു.

Leave a Reply

Your email address will not be published.