ഹിന്ദുമത വിശ്വാസ പ്രകാരം ഗംഗാ നദി പുണ്യ നദിയാണ്. പരമശിവന്‍റെ നെറുകയിലെ ജഡയില്‍ നിന്നും ഉത്ഭവിക്കുന്നതായി ഹിന്ദു പുരാണങ്ങളില്‍ വിവരിക്കുന്ന ഗംഗയുടെ തീരത്ത്, ഓരോ ദിവസവും ആയിരക്കണക്കിന് വിശ്വാസികളെത്തുന്ന നൂറുകണക്കിന് ആരാധനാലയങ്ങളാണ് ഉള്ളത്.
ആരാധനാലയങ്ങളിലെത്തുന്നവര്‍ ജലത്തിന്‍റെ ഗുണനിലവാരത്തില്‍ ആശങ്കപ്പെടാതെ, ഗംഗയില്‍ കുളിക്കുന്നത് എല്ലാ പാപങ്ങളും കഴുകിക്കളയുമെന്ന വിശ്വാസത്താല്‍, ‘സ്നാനം’ ചെയ്താണ് തിരികെ പോകുന്നതും.
ഹിന്ദു വിശ്വാസപ്രകാരമുള്ള നിരവധി കർമ്മങ്ങള്‍ക്കാണ് ഓരോ ദിവസവും ഗംഗ സാക്ഷ്യം വഹിക്കുന്നതും. അതില്‍ മൃതദേഹ സംസ്കാരം മുതല്‍ ദൈവ പ്രാര്‍ത്ഥന വരെയുള്ള നിരവധി ചടങ്ങുകള്‍ അടങ്ങിയിരിക്കുന്നു. ഓരോ ദിവസവുമെത്തുന്ന വിശ്വാസികള്‍ ഗംഗയിലേക്ക് നാണയങ്ങളെറിയുന്നതും പതിവാണ്. ഈ നാണയങ്ങള്‍ ആര്‍ക്കും ഉപകാരപ്പെടാതെ നദിയിലെ ചളിയില്‍ അടിയുന്നു. എന്നാല്‍, സോഷ്യല്‍ സന്ദേഷ് എന്ന ഇന്‍സ്റ്റാഗ്രാം വീഡിയോ ഇത്തരം നാണയങ്ങള്‍ വീണ്ടെടുക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ പങ്കുവച്ചപ്പോള്‍ അത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു.