കുമ്ബനാട്: തിങ്കളാഴ്ച അർധരാത്രി കഴിഞ്ഞാണ് കോയിപ്രം പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍കോള്‍ എത്തിയത്. കുമ്ബനാട് ടി.കെ.
റോഡില്‍ മണിയാറ്റ് ഓഡിറ്റോറിയത്തിന് സമീപം അപകടം നടന്നിരിക്കുന്നു എത്രയും പെട്ടെന്ന് സ്ഥലത്തെത്തണമെന്നുള്ള സന്ദേശമായിരുന്നു അത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സി.പി.ഒ. അഭിലാഷ് ഉടൻതന്നെ സ്ഥലത്തെത്തി. കാറിടിച്ച് തള്ളയും കുട്ടികളും അടങ്ങുന്ന പന്നിക്കൂട്ടം റോഡില്‍ ചിതറിക്കിടക്കുന്നു.
കാഴ്ചയില്‍ 60 കിലോയ്ക്ക് മുകളില്‍ ഭാരം തോന്നിക്കുന്ന തള്ള പന്നിയുടെ രണ്ട് കാലുകള്‍ ഒടിഞ്ഞനിലയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പന്നിക്കുട്ടികള്‍ നാലും ചത്തിരുന്നു. നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന എസ്.ഐ. എസ്. ഷൈജു, സി.പി.ഒ. സുരേഷ് എന്നിവരും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. തിരുവല്ലയില്‍ ഹോട്ടല്‍ നടത്തുന്ന ചുരുളിക്കോട് സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാർ ആയിരുന്നു അപകടത്തില്‍പ്പെട്ടത്. കാറിന്റെ മുൻഭാഗത്ത് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പന്നികള്‍ കൂട്ടത്തോടെ റോഡ് മുറിച്ചുകടക്കുമ്ബോഴാണ് അപകടമുണ്ടായത്.
പോലീസിന് പണിയായി പന്നിക്കുട്ടികള്‍ ചത്തെങ്കിലും തള്ളക്ക് സാരമായ പരിക്കേറ്റിട്ടുള്ളതിനാല്‍ പോലീസിന് സംഭവസ്ഥലത്തുനിന്ന് പോകാൻ പറ്റാതായി. ഒരു മണിയോടുകൂടി പല ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളെയും ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുത്തില്ല. ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതയെ ലൈനില്‍ കിട്ടി. പ്രസിഡന്റ് വരാമെന്ന് സമ്മതിച്ചെങ്കിലും വാഹനസൗകര്യം ഇല്ലെന്ന് പറഞ്ഞു. വേഗം റെഡിയായി വിട്ടുപടിക്കല്‍ നിന്നോ പോലീസ് ജീപ്പ് അയക്കാമെന്നായി എസ്.ഐ.
തള്ളപ്പന്നിയെ വെടിവെച്ച് കൊന്നു പ്രസിഡന്റിനെയും കൂട്ടി സ്ഥലത്തെത്തിയപ്പോഴാണ് അടുത്തപ്രശ്നം. എസ്.ഐ. ഷൈജു വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമുമായി ബന്ധപ്പെട്ടെങ്കിലും അവർ കൈയൊഴിഞ്ഞു. ‘ഇത് ഞങ്ങളുടെ ഡ്യൂട്ടിയല്ല പഞ്ചായത്തിനാണ് എന്തെങ്കിലും ചെയ്യാൻ കഴിയുക അവരുമായിട്ട് ബന്ധപ്പെടുക,’ ചാറ്റല്‍ മഴയും നനഞ്ഞ് എല്ലാവരുംകൂടി ആലോചിച്ചു ഇനി എന്ത് ചെയ്യണമെന്ന്. പ്രസിഡന്റ് വീണ്ടും മെമ്ബർമാരായ മുകേഷ് മുരളിയെയും ജോണ്‍സനെയും വിളിച്ചു.
അപകടത്തില്‍പ്പെട്ട കാർ
അവർ പറഞ്ഞത് പ്രകാരം ഷൂട്ടറെ വരുത്തി തള്ളപ്പന്നിയെ കൊല്ലാൻ തീരുമാനമായി. പക്ഷേ ഒരുകുഴപ്പം, കോയിപ്രം പഞ്ചായത്തില്‍ ഷൂട്ടർമാർ ഇല്ല. സ്ഥിരമായി പഞ്ചായത്തില്‍ വരാറുള്ള ഷൂട്ടർമാരെയെല്ലാം വിളിച്ചെങ്കിലും ആരെയും കിട്ടിയില്ല. ഒടുവില്‍ എഴുമറ്റൂരിലുള്ള ഒരു ഷൂട്ടറെയാണ് സംഘടിപ്പിച്ചത്. ഷൂട്ടർ എത്തി തള്ളപന്നിയെ വെടിവെച്ച് കൊന്നപ്പോഴേക്കും സമയം മൂന്നുമണി.
പന്നികളെ ആരെങ്കിലും തട്ടിയെടുത്താലോ അപ്പോള്‍ വീണ്ടും പ്രശ്നം. പന്നികളെ റോഡ് വശത്ത് ഇട്ടിട്ട് പോയാല്‍ ആരെങ്കിലും കൊണ്ടുപോയാലോ…? അതൊഴിവാക്കാൻ പന്നികളുടെ ജഡത്തില്‍ ഡീസല്‍ ഒഴിക്കാം എന്നുള്ള തീരുമാനമായി. ഡീസല്‍ വാങ്ങുവാനായി വീണ്ടും പോലീസ് ജീപ്പ് ഓടി. നാല് ലിറ്റർ ഡീസല്‍ പന്നികളുടെ ദേഹത്ത് ഒഴിച്ചു. അടുത്തുള്ള വീടിന്റെ ഗേറ്റിനുള്ളിലേക്ക് പന്നിക്കൂട്ടങ്ങളെ വലിച്ചുമാറ്റിയിടുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞപ്പോള്‍ പുലർച്ചെ നാലുമണി.
ചൊവ്വാഴ്ച രാവിലെ 11 മണിയോടുകൂടി പഞ്ചായത്ത് പ്രസിഡന്റും മെമ്ബർമാരും സ്ഥലത്തെത്തിയപ്പോള്‍ വീണ്ടും പ്രശ്നം. പന്നിയെ പറമ്ബില്‍ കുഴിച്ചിടാൻ വീട്ടുകാർ സമ്മതിക്കുന്നില്ല. ഒടുവില്‍ ഒരുമണിക്കൂർ മാരത്തോണ്‍ ചർച്ചകള്‍ക്കൊടുവില്‍ പന്നിയെ അടുത്ത വീട്ടുകാരുടെ പറമ്ബിന്റെ ഒരുമൂലയ്ക്ക് മറവ് ചെയ്യുവാൻ തീരുമാനിച്ചു.
ലണ്ടൻ: യുകെയില്‍ തങ്ങാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഒരു ഇന്ത്യൻ യുവതി പങ്കുവച്ച ലിങ്ക്‌ഡ്‌ഇൻ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചർച്ചയാവുകയാണ്.
ഇംഗ്ളണ്ടിലെ ലെയ്‌സെസ്റ്റർ സർവകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ എംഎസ്‌സി ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശ്വേതാ കോതണ്ഡൻ എന്ന യുവതി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
വിസ കാലാവധി കഴിയാറായെന്നും യുകെയില്‍ തങ്ങുന്നതിനായി ശമ്ബളമില്ലാതെ ജോലി ചെയ്യാൻവരെ തയ്യാറാണെന്നും യുവതിയുടെ കുറിപ്പില്‍ പറയുന്നു. മാത്രമല്ല, അവധിയെടുക്കാതെ അധിക ജോലി ചെയ്യാൻ തയ്യാറാണെന്നും കുറിപ്പിലുണ്ട്. 2021ലാണ് പഠനത്തിനായി ശ്വേത യുകെയിലെത്തിയത്. 2022ല്‍ പഠനം പൂർത്തിയാക്കിയതിനുശേഷം വിസ സ്‌പോണ്‍സർ ചെയ്യുന്ന യുകെ ജോലി കിട്ടുന്നതിനായി കഠിന പരിശ്രമത്തിലാണെന്നും അതിനായി സഹായിക്കണമെന്നുമാണ് യുവതി ആവശ്യപ്പെടുന്നത്. യുകെയില്‍ നിന്ന് നാട് കടത്തപ്പെടുമെന്ന് ഭയന്നാണ് യുവതി ഇത്തരമൊരു പോസ്റ്റ് പങ്കുവയ്ക്കാൻ മുതിർന്നതെന്ന് വ്യക്തമാണ്.
യുവതിയുടെ പോസ്റ്റിന്റെ പൂർണരൂപം
എന്റെ ഗ്രാജ്വേറ്റ് വിസ മൂന്ന് മാസത്തിനുള്ളില്‍ അവസാനിക്കും. യുകെയില്‍ തുടരാൻ എന്നെ സഹായിക്കുന്നതിന് ഇത് വീണ്ടും പോസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ഞാൻ ശ്വേത, ഇന്ത്യയില്‍ നിന്നുള്ള ഒരു അന്താരാഷ്ട്ര വിദ്യാർത്ഥിനിയാണ്. 2021ല്‍ വലിയ സ്വപ്നങ്ങളുമായാണ് ഞാൻ യുകെയിലേക്ക് വന്നത്. 2022ല്‍ ബിരുദം നേടിയത് മുതല്‍, വിസ സ്‌പോണ്‍സർ ചെയ്‌ത യുകെ ജോലിക്കായി ഞാൻ വിശ്രമമില്ലാതെ തിരയുകയാണ്. എന്നാല്‍ എനിക്കോ എന്റെ ബിരുദത്തിനോ എന്റെ കഴിവുകള്‍ക്കോ യാതൊരു വിലയും തൊഴില്‍ വിപണിയില്‍ ഇല്ലെന്ന് എനിക്ക് മനസിലായി. 300ല്‍ അധികം ജോലികള്‍ക്ക് അപേക്ഷിച്ചു.
ഈ ലിങ്ക്ഡ്‌ഇൻ പോസ്റ്റ് യുകെയില്‍ ദീർഘകാല ഭാവി സുരക്ഷിതമാക്കാനുള്ള എന്റെ അവസാന പ്രതീക്ഷയാണ്. വിസ സ്‌പോണ്‍സർ ചെയ്യുന്ന ഡിസൈൻ എഞ്ചിനീയർ ജോലികളാണ് ഞാൻ തിരയുന്നത്.
എന്റെ യോഗ്യതകള്‍ ഇവയാണ്:
മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസോടെ രണ്ട് ബിരുദം.
ഡിസൈൻ എഞ്ചിനീയർ ആയുള്ള മുൻ പരിചയം.
യുകെയിലെ ആമസോണിലെ പ്രവൃത്തി പരിചയം. ഓരോ ഷിഫ്റ്റിലും നൂറിലധകം പ്രശ്‌നങ്ങള്‍ ഞാൻ പരിഹരിച്ചു.
നിങ്ങള്‍ ഡിസൈൻ എഞ്ചിനീയറെ തേടുന്ന യുകെ തൊഴിലുടമയാണെങ്കില്‍, എന്നെ നിയമിച്ചാല്‍ നിങ്ങള്‍ക്ക് ഖേദിക്കേണ്ടിവരില്ല.
എന്റെ മൂല്യം തെളിയിക്കാൻ ദിവസവും 12 മണിക്കൂറും ആഴ്ചയില്‍ 7 ദിവസവും ജോലി ചെയ്യാൻ ഞാൻ തയ്യാറാണ്.
നിങ്ങള്‍ ഇത് വായിക്കുന്ന ഒരു അന്തർദേശീയ വിദ്യാർത്ഥിയാണെങ്കില്‍, ഇത് റീപോസ്റ്റ് ചെയ്ത് സഹായിക്കണം
‘ഒരു മാസത്തേക്ക് എന്നെ സൗജന്യമായി നിയമിച്ചുനോക്കൂ. ഞാൻ കൃത്യമായി ജോലി ചെയ്തില്ലെങ്കില്‍, എന്നെ അപ്പോള്‍തന്നെ പുറത്താക്കാം, ഒരു ചോദ്യവും ചോദിക്കില്ല’ എന്നും യുവതി സ്വന്തം ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. യുവതിയുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
പോസ്റ്റ് വിഡ്ഢിത്തമാണെന്നും തൊഴിലുടമകള്‍ക്ക് യഥാർത്ഥമല്ലാത്ത പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നും ചിലർ വിമർശിച്ചു. ‘ഇന്ത്യക്കാരുടെ പ്രതിച്ഛായ നശിപ്പിക്കുന്നു’, ‘പണക്കാരായ കുട്ടികളുടെ പ്രശ്നമാണിത്, യാതൊന്നും ചിന്തിക്കാതെ വിദേശത്ത് പഠിക്കാൻ പോകും, ശേഷം യാഥാർത്ഥ്യബോധം ഉണ്ടാവുമ്ബോള്‍ അവതാളത്തിലാവും’, ‘അടിമയാകാൻ ആഗ്രഹിക്കുന്നു’, ‘ഇന്ത്യയിലേക്ക് വരാതിരിക്കാൻ എന്തുംചെയ്യുന്ന തലമുറ’ എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് പോസ്റ്റിന് കൂടുതലായും ലഭിക്കുന്നത്.
ഹിന്ദുമത വിശ്വാസ പ്രകാരം ഗംഗാ നദി പുണ്യ നദിയാണ്. പരമശിവന്‍റെ നെറുകയിലെ ജഡയില്‍ നിന്നും ഉത്ഭവിക്കുന്നതായി ഹിന്ദു പുരാണങ്ങളില്‍ വിവരിക്കുന്ന ഗംഗയുടെ തീരത്ത്, ഓരോ ദിവസവും ആയിരക്കണക്കിന് വിശ്വാസികളെത്തുന്ന നൂറുകണക്കിന് ആരാധനാലയങ്ങളാണ് ഉള്ളത്.
ആരാധനാലയങ്ങളിലെത്തുന്നവര്‍ ജലത്തിന്‍റെ ഗുണനിലവാരത്തില്‍ ആശങ്കപ്പെടാതെ, ഗംഗയില്‍ കുളിക്കുന്നത് എല്ലാ പാപങ്ങളും കഴുകിക്കളയുമെന്ന വിശ്വാസത്താല്‍, ‘സ്നാനം’ ചെയ്താണ് തിരികെ പോകുന്നതും.
ഹിന്ദു വിശ്വാസപ്രകാരമുള്ള നിരവധി കർമ്മങ്ങള്‍ക്കാണ് ഓരോ ദിവസവും ഗംഗ സാക്ഷ്യം വഹിക്കുന്നതും. അതില്‍ മൃതദേഹ സംസ്കാരം മുതല്‍ ദൈവ പ്രാര്‍ത്ഥന വരെയുള്ള നിരവധി ചടങ്ങുകള്‍ അടങ്ങിയിരിക്കുന്നു. ഓരോ ദിവസവുമെത്തുന്ന വിശ്വാസികള്‍ ഗംഗയിലേക്ക് നാണയങ്ങളെറിയുന്നതും പതിവാണ്. ഈ നാണയങ്ങള്‍ ആര്‍ക്കും ഉപകാരപ്പെടാതെ നദിയിലെ ചളിയില്‍ അടിയുന്നു. എന്നാല്‍, സോഷ്യല്‍ സന്ദേഷ് എന്ന ഇന്‍സ്റ്റാഗ്രാം വീഡിയോ ഇത്തരം നാണയങ്ങള്‍ വീണ്ടെടുക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ പങ്കുവച്ചപ്പോള്‍ അത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു.
എറണാകുളം: ആലുവ എസ്.എൻ.ഡി.പി ഹയർസെക്കന്‍ററി സ്കൂളില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ 135 പ്ലസ്ടു വിദ്യാർത്ഥികള്‍ പെരുവഴിയില്‍ നരകയാതന അനുഭവിച്ചെന്ന പരാതിയില്‍ ശക്തമായ നടപടികളുമായി മനുഷ്യാവകാശ കമ്മീഷൻ.
പരാതിയെക്കുറിച്ച് വിശദവും ഫലപ്രദവുമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ട ആർ.റ്റി.ഒ യെ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ ചുമതലപ്പെടുത്തണമെന്ന് നുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ആർ.റ്റി.ഒ യുടെ അന്വേഷണ റിപ്പോർട്ട് മൂന്ന് ആഴ്ചക്കുള്ളില്‍ കമ്മീഷനില്‍ സമർപ്പിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. സംഭവത്തിന് ഉത്തരവാദികളായ ടൂർ ഓപ്പറേറ്റർമാരുടെ പെർമിറ്റ് റദ്ദാക്കാൻ പര്യാപ്തമായ പാളിച്ചകളാണോ സംഭവിച്ചതെന്ന കാര്യത്തില്‍ ആർ.റ്റി.ഒ യുടെ അഭിപ്രായവും കമ്മീഷനില്‍ സമർപ്പിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു. ആലുവഎസ്.എൻ.ഡി.പി ഹയർസെക്കന്ററി സ്കൂള്‍ പ്രിൻസിപ്പലും റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ചാലുടൻ കേസ് എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
വെള്ളിയാഴ്‌ച പുലർച്ചെ പുറപ്പെട്ട സംഘത്തിന് കൊടൈക്കനാലില്‍ താമസ സൗകര്യം ഏർപ്പെടുത്താൻ ടൂർ പാക്കേജ് കണ്ടെക്റ്റിംഗ് സ്ഥാപനം തയ്യാറായില്ലെന്നാണ് പരാതി. തുടർന്ന് ബസില്‍ കഴിച്ചുകൂട്ടിയ സംഘത്തെ ഊട്ടിയിലേക്ക് കൊണ്ടുപോയി. ഊട്ടിയില്‍ പ്രാഥമികകൃത്യങ്ങള്‍ നിർവഹിക്കാൻ മാത്രം സൗകര്യം നല്‍കിയതായി പരാതിയിലുണ്ട്. പത്രവാർത്തയുടെ അടിസ്ഥാത്തില്‍ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വീടിനരികില്‍ നിർത്തിയിട്ട കാറിനുള്ളില്‍ കളിക്കുന്നതിനിടെ ഡോർ ലോക്കായതിനെ തുടർന്ന് സഹോദരങ്ങളായ നാല് കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിച്ചു.
ഗുജറാത്തിലെ അമ്രേലിയില്‍ രണ്‍ധിയ ഗ്രാമത്തിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളുടെ മക്കളാണ് മരിച്ചത്. ജോലിക്ക് പോയിരുന്ന രക്ഷിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് ദാരുണസംഭവം ശ്രദ്ധയില്‍പെട്ടത്.
മധ്യപ്രദേശ് സ്വദേശിയായ സോബിയ മച്ചാർ എന്നയാളുടെ മക്കളായ സുനിത (എഴ്), സാവിത്രി (നാല്), വിഷ്ണു (അഞ്ച്), കാർത്തിക് (രണ്ട്) എന്നീ കുട്ടികളാണ് മരിച്ചത്. ഇയാള്‍ക്ക് ഏഴ് മക്കളാണുള്ളത്. ഭരത് മന്ഥാനി എന്നയാളുടെ ഫാമിലാണ് സോബിയ മച്ചാറും ഭാര്യയും ജോലിചെയ്തിരുന്നത്. കുഞ്ഞുങ്ങളെ വീട്ടിലാക്കിയാണ് ഇവർ പോകാറുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ഫാം ഉടമയായ ഭരത് മന്ഥാനിയുടെ കാർ ഇവരുടെ വീടിന് സമീപം പാർക്ക് ചെയ്തിരുന്നു. രാവിലെ രക്ഷിതാക്കള്‍ ജോലിക്ക് പോയതിന് പിന്നാലെ കാറിന്‍റെ താക്കോല്‍ കുട്ടികള്‍ക്ക് ലഭിക്കുകയും ഇതോടെ ഇവർ കാറിനുള്ളില്‍ കയറി കളിക്കുകയുമായിരുന്നു. എന്നാല്‍, കളിക്കിടെ കാർ ലോക്കാവുകയും നാല് കുട്ടികള്‍ ഉള്ളില്‍ കുടുങ്ങുകയും ചെയ്തു.
സന്ധ്യയോടെ രക്ഷിതാക്കള്‍ ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടികള്‍ കാറിനുള്ളില്‍ ബോധരഹിതരായി കിടക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരും മരിക്കുകയായിരുന്നു. കടുത്ത ചൂടില്‍ കാറിനകത്ത് കുടുങ്ങിയ കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ അമ്രേലി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
തിരുവനന്തപുരം :ആരോരുമില്ലാതെ ആ ഇരുണ്ട മുറിയില്‍ ഭീകരമായ പീഡനമേറ്റ ആ സഹോദരിമാര്‍ പരസ്പരം കെട്ടി പിടിച്ചു അലറി വിളിച്ചു.
ഇരുവരുടെയും വാ പൊത്തി പിടിച്ചു അയാള്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ അയാള്‍ക്ക് വഴങ്ങി. അമ്മയെ കാണണമെന്ന് കരഞ്ഞ് വിളിച്ചെങ്കിലും കേള്‍ക്കാന്‍ ആരുമില്ലായിരുന്നു. ആറ് മാസത്തോളം തടവറയ്ക്ക് സമാനമായ ജീവിതമാണ് ഈ കുരുന്നുകള്‍ അനുഭവിച്ചത്. കുട്ടികളുടെ ബാല്യം നഷ്ടപ്പെടുത്തിയ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി ആര്‍. രേഖ വിധിന്യായത്തില്‍ പറയുന്നു. സഹോദരിയുടെ മുന്നില്‍ വെച്ച് ഒമ്ബതുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മുമ്മയുടെ കാമുകന് വീണ്ടും മരണം വരെ ഇരട്ട ജീവപര്യന്തം കഠിന തടവ് വിധിച്ചിരിക്കുകയാണ്
2020, 2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മുമ്മയ്ക്കായിരുന്നു.അമ്മൂമ്മയുടേയും ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. ഈ സമയമാണ് പ്രതിയുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിപ്പിക്കുകയും ചെയ്തത്. ഈ സമയങ്ങളില്‍ അമ്മുമ്മ പുറത്ത് പോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ച് തുടങ്ങിയത്.ഇരുവരേയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും കുട്ടികളുടെ മുന്നില്‍ വെച്ച് പ്രതി അമ്മൂമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ആറ് മാസങ്ങളായിട്ടുള്ള നിരന്തരമായ പീഡനത്തില്‍ കുട്ടികളുടെ രഹസ്യ ഭാഗത്ത് മുറിവേറ്റിരുന്നു. പീഡിപ്പിക്കുമ്ബോള്‍ കുട്ടികള്‍ പൊട്ടി കരയുമെങ്കിലും കതകടച്ചിട്ടിരുന്നതിനാല്‍ ആരും കേട്ടില്ല. ഒരു ദിവസം കതകടക്കാതെ പീഡിപ്പിച്ചത് അയല്‍വാസി കണ്ടതാണ് സംഭവം പുറത്തറിയാന്‍ ഇടയായത്. കുട്ടികള്‍ നിലവിലും ഷെല്‍ട്ടര്‍ ഹോമിലാണ് താമസിക്കുന്നത്.
മുരുക്കുംപുഴ, വരിയ്ക്കമുക്ക് എന്നിവിടങ്ങളില്‍ താമസിക്കുമ്ബോഴാണ് പ്രതി അമ്മൂമ്മയ്‌ക്കൊപ്പം താമസിക്കാന്‍ എത്തിയത്. അമ്മ ദുബായില്‍ ജോലിക്ക് പോയതിന് ശേഷം കുട്ടികളെ വിളിച്ചിട്ടില്ല. അച്ഛന്‍ തിരിഞ്ഞ് നോക്കിയിട്ടുമില്ല. ഏക ആശ്രയം അമ്മൂമ്മ മാത്രമായിരുന്നു. അമ്മൂമ്മയോടെ പ്രതിക്ക് അടുപ്പമുണ്ടായതിനാല്‍ അമ്മൂമ്മയോട് പറഞ്ഞില്ല. മുരുക്കുംപുഴയില്‍ വെച്ച് അടുത്തു താമസിക്കുന്ന രാജന്‍ എന്നയാളുടെ മുറിയില്‍ പറയാന്‍ പോയെങ്കിലും ഭയന്നു പറഞ്ഞില്ല. കുട്ടികള്‍ അവിടെ നിന്ന് കരഞ്ഞപ്പോള്‍ രാജന് സംശയം തോന്നിയിരുന്നു. പിന്നെ രാജന്‍ ശ്രദ്ധിച്ച് തുടങ്ങിയപ്പോഴാണ് പീഡനം കണ്ടതും സംഭവം വീട് ഉടമസ്ഥയായ മോളിയോടെ പറഞ്ഞത്. തുടര്‍ന്നാണ് മംഗലപുരം പോലീസ് വിവരം അറിഞ്ഞത്.
.
ഒമ്ബതുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അമ്മുമ്മയുടെ കാമുകനായ പ്രതി വിക്രമന്‍ (63)ന് മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചത്. അനിയത്തിയായ ആറ് കാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ആഴ്ച ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു.
പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍ക്കണം. ഇത് കൂടാതെ പതിനാല് വര്‍ഷം കഠിന തടവും അനുഭവിക്കണം. കേസ് വിസ്താര വേളയില്‍ ഇരു കുട്ടികളും കരഞ്ഞതിനാല്‍ കേസ് വിസ്താരം പല തവണ നിര്‍ത്തി വച്ചു. മൂത്ത കുട്ടിയോട് അച്ഛന്‍ വിളിച്ചു തനിക്ക് നാണക്കേടായതിനാല്‍ മൊഴി പറയരുതെന്ന് ആവശ്യപ്പെട്ടതിനാല്‍ ആദ്യം കുട്ടി മൊഴി പറയാന്‍ വിസമ്മതിച്ചു. പിന്നീട് അനിയത്തി കൊടുത്ത ധൈര്യത്തിലാണ് മൊഴി പറഞ്ഞത്. രണ്ട് കേസുകളും ചിട്ടയായി നടത്താന്‍ പ്രോസീക്യൂഷന്‍ സാധിച്ചതിനാല്‍ പ്രതിക്ക് കടുത്ത ശിക്ഷ നല്‍ക്കാനും സാധിച്ചു.
പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. എസ്. വിജയ് മോഹന്‍ ഹാജരായി. കേസിലെ സാക്ഷികള്‍ പ്രൊസിക്യൂഷന്‍ അനുകൂലമായി മൊഴി പറയുകയും ചെയ്തു.
ലഖ്നൗ: മുസ്ലിം വിഷയങ്ങളിലൂന്നി പ്രസംഗം, തലയില് നല്ല വെളുപ്പുനിറമുള്ള വലത്തൊപ്പി, കഴുത്തില് സഊദി തൂവാല നീളത്തിലിട്ടിരിക്കുന്നു…
മുറാദാബാദിലെ കുന്ദര്ക്കി മണ്ഡലത്തില് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്ഥി രാംവീര് സിങ് താക്കൂറിനെ കണ്ടാല് ഒറ്റനോട്ടത്തില് മുസ്ലിം പാര്ട്ടിയുടെ പ്രതിനിധിയായിട്ടേ തോന്നൂ. പ്രത്യക്ഷത്തില് പതിവ് ബി.ജെ.പി നേതാക്കളില്നിന്ന് വ്യത്യസ്തന്. തോളില് ബി.ജെ.പിയുടെ പതാകയുള്ള ഷാളണിഞ്ഞ് പലപ്പോഴും കാവി കുപ്പായമിട്ടാണ് ബി.ജെ.പി നേതാക്കള് പ്രത്യക്ഷപ്പെടാറുള്ളതെങ്കില് അതില്നിന്നെല്ലാം വ്യത്യസ്തനാണ് രാംവീര് സിങ് താക്കൂര്.
രാംവീര് സിങ്ങിന് വേണ്ടി കൂട്ടുപ്രാര്ഥനനടത്താനും അനുയായികളുണ്ട്. ന്യൂനപക്ഷ മോര്ച്ച നേതാവും ആര്.എസ്.എസ്സിന് കീഴിലുള്ള മുസ്ലിംകളുടെ സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് പ്രവര്ത്തകനുമായ ബാസിത് അലിയാണ് പ്രാര്ഥനയ്ക്ക് നേതൃത്വം നല്കുന്നത്. അതു കഴിഞ്ഞ് ദൈവത്തിന്റെ പേരില് ബാസിത് അലി അനുയായികള്ക്ക് ശപഥവും ചെയ്തുകൊടുക്കുന്നു. ഖുര്ആന് സുക്തങ്ങള് സഹിതം അറബിയില് പ്രാര്ഥനയും നടത്തുന്നു. ഇസ്ലാമിക ചരിത്രങ്ങളുദ്ധരിച്ച് മതപ്രഭാഷണശൈലിയില് ബാസിത് പ്രസംഗിക്കുമ്ബോഴേക്കും രാംവീര് സിങ് വേദിയിലെത്തിയിട്ടുണ്ടാകും. തുടര്ന്ന് ഖുര്ആനും പ്രവാചകവചനങ്ങളും ഉദ്ധരിച്ച് രാംവീര് സിങ്ങും പ്രസംഗിക്കും. ഇടയ്ക്ക് എതിര്സ്ഥാനാര്ഥിയായ എസ്.പിയുടെ ഹാജി റിസ്വാനെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്യും.
പൊതുവെ യോഗി ആദിത്യനാഥിന്റെ യു.പിയില് പൊതുസ്ഥലത്ത് ഖുര്ആന് പാരായണവും അറബിയില് പ്രാര്ഥനയും നിര്വഹിക്കുന്നത് തീവഹിന്ദുത്വവാദികളുടെ ആക്രമണത്തിനുള്ള കാരണങ്ങളിലൊന്നാണെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ രീതിയിലാണ് രാംവീര് സിങ്ങിന്റെ പ്രചാരണം മുന്നോട്ടുപോകുന്നത്.
മുസ്ലിം അടയാളങ്ങളണിയുന്ന കോണ്ഗ്രസ് ഉള്പ്പെടെയുള്ള കക്ഷിനേതാക്കളുടെ നടപടിയെ പ്രീണനമായി കാണുന്ന ബി.ജെ.പിയുടെ കുന്ദര്ക്കിയിലെ പ്രചാരണരീതിയെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷം പരിഹസിക്കുന്നത്. 60 ശതമാനമാണ് കുന്ദര്ക്കി നിയമസഭാ മണ്ഡലത്തിലെ മുസ്ലിം ജനസംഖ്യ. ആകെയുള്ള 12 സ്ഥാനാര്ഥികളില് രാംവീര് സിങ് ഒഴികെയുള്ളവരെല്ലാം മുസ്ലിംകളാണ്. ഈ മാസം 13നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. ഫലം 23ന് പുറത്തുവരും.
കോട്ടയം: വൈക്കത്ത് യുവാവ് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്നു. മറവന്തുരുത്ത് സ്വദേശികളായ ഗീത (58) മകള്‍ ശിവപ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്.
ശിവപ്രിയയുടെ ഭര്‍ത്താവ് നിതീഷ് പൊലീസില്‍ കീഴടങ്ങി. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ശിവപ്രിയയുടെ ഭര്‍ത്താവ് നിതീഷ് ആണ് കൊലനടത്തിയതെന്ന് വൈക്കം പൊലീസ് പറഞ്ഞു. കൊലപാതകങ്ങള്‍ നടത്തുമ്ബോള്‍ നാലുവയസുള്ള കുട്ടിയും വീട്ടിലുണ്ടായിരുന്നു. അതിന് പിന്നാലെ മകളെ നീതിഷ് സ്വന്തം വീട്ടിലെത്തി ഏല്‍പ്പിച്ച ശേഷം പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
നീതിഷിന്റെ ശരീരത്തിലെ പരിക്കുകള്‍ കണ്ട് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് നിതീഷ് കൊലപാതകവിവരം അവരെ അറിയിച്ചതും സ്റ്റേഷനില്‍ എത്തി കീഴടങ്ങിയതും. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പടെ സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാളെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വൈക്കം പൊലീസ് പറഞ്ഞു.
കോട്ടയം: വഖ്ഫ് അധിനിവേശത്തിനെതിരെ ശക്തമായി പ്രതികരിച്ച് പിസി ജോർജ്. കുടിയൊഴിപ്പിക്കുമെന്ന നയമൊക്കെ മനസില്‍ വച്ചാല്‍ മതിയെന്നും പിടിച്ചുപറിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം ജനംടിവിയോട് പറഞ്ഞു.
കർണാടകയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 52 സ്ഥലങ്ങളാണ് വഖ്ഫ് കൈവശപ്പെടുത്തിയിരിക്കുന്നത്. നേരത്തെ അയോദ്ധ്യ യിലെ രാമക്ഷേത്രം ഉള്‍പ്പടെ വഖ്ഫിന്റെയാണെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ സീതാദേവി ജനിച്ച നാടും അവരുടേതാണെന്നാണ് പറയുന്നത്. ഇന്ത്യ രാജ്യത്തെ പിടിച്ചെടുക്കാനായി മുസ്ലീം തീവ്രവാദികള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന കള്ള കച്ചവടമാണെന്നും പിസി ജോർജ് ആരോപിച്ചു.
ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും വഖ്ഫ് നിയമത്തില്‍ തീർച്ചയായും മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുല്യം അവകാശം തുല്യ നീതി എന്നതാണ് ഇന്ത്യൻ ജനത ആഗ്രഹിക്കുന്നത്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡുണ്ടാകണം. ഈ പിടിച്ചുപറിക്കെതിരെ ശക്തമായി പ്രതികരിക്കും. പിണറായി വിജയന്റെ ഔദാര്യമൊന്നും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനമ്ബത്തില്‍ നിന്നും ആരെയും ‘പെട്ടെന്ന് ‘കുടിയൊഴിപ്പിക്കില്ലെന്നും എല്ലാം നിയമപരമായി നടക്കുമെന്നും വഖ്ഫ് ബോർഡ് ചെയർമാർ എം. കെ സക്കീർ പറയുന്നത്. മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബോർഡ് നിയമപരമായി കാര്യങ്ങള്‍ നേരിടും. വഖ്ഫ് ബോർഡിനും നിയമപരമായി അവകാശങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം ഉയർത്തിവിട്ട വിവാദക്കൊടുങ്കാറ്റില്‍ സമസ്ത – ലീഗ് ബന്ധം വീണ്ടും ഉലയുകയാണ്.
ഖാസിയാകാൻ സാദിഖലി തങ്ങള്‍ക്ക് യോഗ്യതയില്ലെന്നും, മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മതപണ്ഡിതരാകണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതില്‍ താത്പര്യമെന്നുമുള്ള ഉമർ ഫൈസിയുടെ പരസ്യ അവഹേളനമാണ് പുതിയ പോരിനു തുടക്കമിട്ടത്.
പാണക്കാട് തങ്ങന്മാർ ഖാസിമാരായ മഹല്ലുകളെ ഒരുകുടക്കീഴില്‍ സംഘടിപ്പിക്കാൻ തുടക്കമിട്ട ഖാസി ഫൗണ്ടേഷനെ ചൂണ്ടിക്കാട്ടിയാണ് ഉമർ ഫൈസിയുടെ വിമർശനമെങ്കിലും, യഥാർത്ഥ കാരണം സാദിഖലി തങ്ങള്‍ ചെയർമാനായ കോ-ഓർഡിനേഷൻ ഒഫ് ഇസ്‌ലാമിക് കോളേജസുമായി (സി.ഐ.സി) ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് വ്യക്തം. ഇക്കാര്യത്തില്‍ സമസ്ത നേതൃത്വം അടക്കിപ്പിടിച്ച അതൃപ്തി ഉമർ ഫൈസി മറ്റൊരു വിഷയത്തിലൂടെ പരസ്യമാക്കിയെന്നു മാത്രം. സമസ്തയുടെ കടുത്ത എതിർപ്പിനെ തുടർന്ന് സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ഹക്കീം ഫൈസി ആദ്യശ്ശേരിയെ അടുത്തിടെ വീണ്ടും നിയമിച്ച സാദിഖലി തങ്ങളുടെ നടപടിയാണ് സമസ്തയെ ചൊടിപ്പിച്ചത്. സി.ഐ.സി പ്രശ്നം ശാശ്വതമായി പരിഹരിക്കാതെ സമസ്ത – ലീഗ് പോര് അവസാനിക്കില്ല.
മത, ഭൗതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസ രീതി നടപ്പാക്കുന്നതിന് 2002-ലാണ് സി.ഐ.സിക്ക് മർക്കസ് ആസ്ഥാനത്ത് രൂപമേകിയത്. വാഫി, വഫിയ്യ എന്നിങ്ങനെ കോഴ്സുകളും നടപ്പാക്കി. വഫിയ്യ സ്ത്രീ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുള്ളതാണ്. ആധുനിക വിദ്യാഭ്യാസത്തോടും അവസരങ്ങളോടും സംവദിക്കുന്ന സി.ഐ.സിയുടെ കരിക്കുലത്തെ സമസ്തയ്ക്കു കീഴിലെ വിവിധ സ്ഥാപനങ്ങള്‍ വളരെ പെട്ടെന്ന് സ്വീകരിച്ചു; പ്രത്യേകിച്ച് വനിതാ കോളേജുകള്‍.
നൂറോളം സ്ഥാപനങ്ങള്‍ സി.ഐ.സിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. സി.ഐ.സിയുടെ തുടക്കം മുതല്‍ ഹക്കീം ഫൈസി കൂടെയുണ്ട്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഹൈദരലി ശിഹാബ് തങ്ങളായിരുന്നു ആദ്യ ചെയർമാൻ. രൂപീകരണനാള്‍ മുതല്‍ പാണക്കാട് തങ്ങള്‍ കുടുംബവും ലീഗിനോട് അടുത്തുനില്‍ക്കുന്ന സമസ്ത നേതാക്കളുമാണ് ഇതിന്റെ തലപ്പത്ത്. മതവിദ്യാഭ്യാസത്തിന്റെ കടിഞ്ഞാണ്‍ സമസ്തയില്‍ ഒതുക്കാതെ സി.ഐ.സിയിലൂടെ ലീഗിന്റെ കൈകളില്‍ക്കൂടി എത്തിച്ചതിന്റെ ബുദ്ധികേന്ദ്രമാണ് ഹക്കീം ഫൈസി.
സലഫി ആശയധാരയെ ഹക്കീം ഫൈസി പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് സമസ്ത ഉന്നയിക്കുന്ന പ്രധാന ആരോപണം. സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സി.ഐ.സി കൊണ്ടുവന്ന ചില മാർഗനിർദ്ദേശങ്ങള്‍ ഇതിന് അവസരവുമാക്കി. സി.ഐ.സിക്കു കീഴിലെ കോളേജുകളില്‍ അഞ്ചുവർഷത്തെ വഫിയ്യ കോഴ്‌സിനു ചേർന്നാല്‍ അതു തീരുംവരെ വിവാഹം പാടില്ലെന്ന നിബന്ധന സമസ്തയെ ചൊടിപ്പിച്ചു. 20 വയസ് കഴിയുമ്ബോഴേ പെണ്‍കുട്ടികളുടെ വിവാഹം നടത്താൻ പറ്റൂ. കോഴ്സിനിടെ വിവാഹം നടന്നാല്‍ തുടർപഠനം മുടങ്ങിയേക്കും എന്നതുകൊണ്ട് ഇത് ഒഴിവാക്കാനായിരുന്നു സി.ഐ.സിയുടെ ഈ നിർദ്ദേശം.
പുറത്താക്കിയ ശേഷവും സി.ഐ.സിയുടെ പരിപാടികളില്‍ ഹക്കീം ഫൈസിയുടെ സജീവ സാന്നിദ്ധ്യം സമസ്തയെ ചൊടിപ്പിച്ചിരുന്നു. ഹക്കീം ഫൈസിയുടെ ഇടപെടലുണ്ടാവുന്ന സംവിധാനങ്ങളുമായി സഹകരിക്കില്ലെന്ന് സമസ്ത പരസ്യ നിലപാടെടുത്തു. ഭിന്നത രൂക്ഷമായതോടെ പലതവണ ലീഗ് – സമസ്ത നേതാക്കള്‍ തമ്മില്‍ അനുരഞ്ജന ചർച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല. ഗള്‍ഫിലെ പ്രധാന വ്യവസായി ഇടനിലക്കാരനായി കോഴിക്കോട്ടാണ് ഏറ്റവും ഒടുവിലത്തെ ചർച്ച നടന്നത്. രഞ്ജിപ്പിലേക്ക് കാര്യങ്ങളെത്തുമെന്ന പ്രതീതി ഇരുസംഘടനകളുടെയും നേതാക്കള്‍ നല്‍കി. തുടർചർച്ച നടക്കാനിരിക്കെയാണ് സി.ഐ.സി ജനറല്‍ സെക്രട്ടറിയായി ഹക്കീം ഫൈസിയെ വീണ്ടും തിരഞ്ഞെടുത്തത്.
വിവാദം ഭയന്ന് തീരുമാനം ഒരുമാസത്തോളം ലീഗ് നേതൃത്വം പുറത്തുവിട്ടിരുന്നില്ല. പിന്നീട് സമസ്ത നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് നിയമിച്ചതെന്ന് അവകാശപ്പെട്ട് സി.ഐ.സി പ്രസ്താവനയിറക്കി. ഇത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി സമസ്ത മുശാവറ രംഗത്തെത്തി. തൊട്ടുപിന്നാലെ സാദിഖലി തങ്ങള്‍ സി.ഐ.സി ജനറല്‍ ബോഡി യോഗം വിളിച്ചുചേർത്ത് സമസ്തയുടെ ആശയാദർശങ്ങള്‍ പാലിച്ചു മാത്രമേ സി.ഐ.സി മുന്നോട്ടുപോകൂ എന്നു പ്രഖ്യാപിച്ചു. ഈ അനുനയത്തില്‍ വീഴാതിരുന്ന സമസ്ത, സംഘടനാപരമായ നിർദ്ദേശങ്ങള്‍ അനുസരിച്ചേ സി.ഐ.സി മുന്നോട്ടുപോകൂ എന്ന തരത്തില്‍ ബൈലോ മാറ്റണണെന്ന നിബന്ധന മുന്നോട്ടുവച്ചു. കടിഞ്ഞാണ്‍ സമസ്തയുടെ കൈവശം കൊണ്ടുവരികയാണ് ലക്ഷ്യം. ഇത് അംഗീകരിക്കാൻ ലീഗും സി.ഐ.സിയും തയ്യാറല്ല. ഇതു സംബന്ധിച്ച് ഉരുണ്ടുകൂടിയ കാർമേഘമാണ് സാദിഖലി തങ്ങള്‍ക്കെതിരായ ഉമർ ഫൈസിയുടെ വിവാദ പ്രസ്താവനയില്‍ കലാശിച്ചത്.
സാദിഖലി തങ്ങള്‍ക്കെതിരായ ഉമർ ഫൈസിയുടെ പ്രസ്താവനയെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞിട്ടുണ്ട്. കടുത്ത നടപടിയെന്ന ആവശ്യം ലീഗ് ശക്തമാക്കിയതിനു പിന്നാലെ 40 അംഗ സമസ്ത മുശാവറയിലെ (ഉന്നത പണ്ഡിതസഭ) ഒമ്ബതു പേർ ഉമർ ഫൈസിക്ക് പരസ്യ പിന്തുണയേകിയിട്ടുണ്ട്. സമസ്ത നേതൃത്വത്തിന്റെ പ്രസ്താവനയെ മുശാവറാംഗങ്ങള്‍ തന്നെ തള്ളിപ്പറയുകയെന്ന അത്യപൂർവ സാഹചര്യമുണ്ടായി. മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോദ്ധ്യപ്പെടുത്തല്‍ പണ്ഡിതധർമ്മമാണെന്നും, പ്രഭാഷണങ്ങളെ വളച്ചൊടിക്കുന്നത് അംഗീകരിക്കാവില്ലെന്നും, പണ്ഡിതരെ പരിഹസിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്വപ്പെട്ടവർ പോലും നിരന്തരം ശ്രമിക്കുന്നെന്നും ഇവർക്കെതിരെ നടപടിയില്ലെന്നും ഉമർ ഫൈസിയെ പിന്തുണയ്ക്കുന്ന മുശാവറാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സാദിഖലി തങ്ങള്‍ക്കെതിരായ ആരോപണം ഉമർ ഫൈസി തിരുത്തിപ്പറഞ്ഞാല്‍ മതിയെന്നാണ് ലീഗ് – സമസ്ത ബന്ധം പൊട്ടിത്തെറിയിലേക്ക് പോകരുതെന്ന് ആഗ്രഹിക്കുന്ന ഇരുസംഘടനകളിലെയും മുതിർന്ന നേതാക്കളുടെ നിലപാട്. അതേസമയം, ഉമർ ഫൈസിക്കെതിരെ നടപടിയില്ലെങ്കില്‍ സമസ്തയിലെ ലീഗ് വിരുദ്ധർക്ക് അത് കരുത്തേകുമെന്നും പാണക്കാട് കുടുംബത്തെ ആർക്കും പരസ്യമായി വിമർശിക്കാമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്നുമുള്ള അഭിപ്രായത്തിനാണ് ലീഗില്‍ മുൻതൂക്കം. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉമർ ഫൈസിയുടെ വിവാദ പ്രസ്താവന സി.പി.എമ്മിനെ സഹായിക്കാനാണെന്ന വാദവും ലീഗ് ഉയർത്തുന്നു.
മുസ്‌ലിം സമുദായ സംഘടനകളിലെ ഏറ്റവും പ്രബലമായ ഇ.കെ. സുന്നി വിഭാഗം സമസ്ത ലീഗിന്റെ അടിയുറച്ച വോട്ടുബാങ്കായാണ് അറിയപ്പെടുന്നത്. 1989-ലെ പിളർപ്പിനു ശേഷം പ്രബല വിഭാഗമായി തുടരുന്നതും ഇ.കെ. സുന്നി വിഭാഗമാണ്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള എ.പി വിഭാഗം സുന്നികള്‍ പിളർപ്പിനു ശേഷം ഇടതുപക്ഷത്തേക്കു ചാഞ്ഞപ്പോള്‍ ഇ.കെ.സുന്നി നേതൃത്വവും അണികളും ലീഗിന് കരുത്തേകി നിന്നു. സമസ്തയിലെ പിളർപ്പിനു വഴിവച്ച കാരണങ്ങളിലൊന്ന് ലീഗുമായി സമസ്തയ്ക്കുള്ള അഭേദ്യബന്ധം കൂടിയായിരുന്നു. ഫലത്തില്‍ ഇ.കെ. സുന്നികളുടെ രാഷ്ട്രീയരൂപം കൂടിയായി മാറി, മുസ്‌ലിം ലീഗ്. സമസ്ത നേതൃത്വവും പാണക്കാട് കുടുംബവും തമ്മില്‍ പുലർത്തിയ ഹൃദയബന്ധം ഇരുസംഘടനകളും തമ്മില്‍ വിടവുകളില്ലാതാക്കി. മുസ്‌ലിം സമുദായത്തിന്റെ മതകാര്യങ്ങളില്‍ സമസ്തയും രാഷ്ട്രീയത്തില്‍ ലീഗും അഭിപ്രായം പറയുകയെന്ന അലിഖിത നിയമം പോലും ഇരുകൂട്ടർക്കും ഇടയിലുണ്ടായിരുന്നു.
സംസ്ഥാന സർക്കാരിനു കീഴിലെ മദ്രസാ അദ്ധ്യാപക ക്ഷേമനിധി ബോർഡ് അംഗം, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളില്‍ ഉമർ ഫൈസി പ്രവർത്തിക്കുന്നുണ്ട്. വഖഫ് നിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സമസ്ത നേരിട്ടു നടത്തിയ ചർച്ചയുടെ മുഖ്യകണ്ണി ഉമർ ഫൈസിയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം കോഴിക്കോട്ട് നടത്തിയ ബഹുജന സമ്മേളനത്തില്‍ സമസ്തയില്‍ നിന്ന് പങ്കെടുത്ത ഏക അംഗവും ഉമർ ഫൈസി തന്നെ. ഈ പശ്ചാത്തലങ്ങള്‍ ചൂണ്ടിക്കാട്ടി, ലീഗ് വിരുദ്ധതയെ സമസ്തയിലെ ഒരുവിഭാഗം നേതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നെന്ന വാദം ലീഗ് ശക്തമാക്കിയാല്‍ സമസ്ത നേതൃത്വം പ്രതിസന്ധിയിലാവും. താഴെതട്ടിലെ പ്രവർത്തകർക്കിടയിലാവും ഇതിന്റെ അലയൊലികള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുക.