വീടിനരികില്‍ നിർത്തിയിട്ട കാറിനുള്ളില്‍ കളിക്കുന്നതിനിടെ ഡോർ ലോക്കായതിനെ തുടർന്ന് സഹോദരങ്ങളായ നാല് കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിച്ചു.
ഗുജറാത്തിലെ അമ്രേലിയില്‍ രണ്‍ധിയ ഗ്രാമത്തിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളുടെ മക്കളാണ് മരിച്ചത്. ജോലിക്ക് പോയിരുന്ന രക്ഷിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് ദാരുണസംഭവം ശ്രദ്ധയില്‍പെട്ടത്.
മധ്യപ്രദേശ് സ്വദേശിയായ സോബിയ മച്ചാർ എന്നയാളുടെ മക്കളായ സുനിത (എഴ്), സാവിത്രി (നാല്), വിഷ്ണു (അഞ്ച്), കാർത്തിക് (രണ്ട്) എന്നീ കുട്ടികളാണ് മരിച്ചത്. ഇയാള്‍ക്ക് ഏഴ് മക്കളാണുള്ളത്. ഭരത് മന്ഥാനി എന്നയാളുടെ ഫാമിലാണ് സോബിയ മച്ചാറും ഭാര്യയും ജോലിചെയ്തിരുന്നത്. കുഞ്ഞുങ്ങളെ വീട്ടിലാക്കിയാണ് ഇവർ പോകാറുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ഫാം ഉടമയായ ഭരത് മന്ഥാനിയുടെ കാർ ഇവരുടെ വീടിന് സമീപം പാർക്ക് ചെയ്തിരുന്നു. രാവിലെ രക്ഷിതാക്കള്‍ ജോലിക്ക് പോയതിന് പിന്നാലെ കാറിന്‍റെ താക്കോല്‍ കുട്ടികള്‍ക്ക് ലഭിക്കുകയും ഇതോടെ ഇവർ കാറിനുള്ളില്‍ കയറി കളിക്കുകയുമായിരുന്നു. എന്നാല്‍, കളിക്കിടെ കാർ ലോക്കാവുകയും നാല് കുട്ടികള്‍ ഉള്ളില്‍ കുടുങ്ങുകയും ചെയ്തു.
സന്ധ്യയോടെ രക്ഷിതാക്കള്‍ ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടികള്‍ കാറിനുള്ളില്‍ ബോധരഹിതരായി കിടക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരും മരിക്കുകയായിരുന്നു. കടുത്ത ചൂടില്‍ കാറിനകത്ത് കുടുങ്ങിയ കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ അമ്രേലി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി