തമിഴ്നാട് സെക്രട്ടറിയേറ്റിൽ ഇഡി റെയ്ഡ്. സെക്രട്ടറിയേറ്റിലുള്ള വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫീസിലാണ് പരിശോധന. ഗതാഗത വകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് വിഭാഗം മന്ത്രിക്കെതിരെ അന്വേഷണം നടത്തിവരികയാണ്. ഇതിൻ്റെ ഭാഗമായിട്ടാണ് പരിശോധന എന്നാണ് സൂചനകൾ.

2011-15 കാലഘട്ടത്തിൽ അന്തരിച്ച ജെ. ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു സെന്തിൽ ബാലാജി. ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ ഡ്രൈവർമാരായും കണ്ടക്ടർമാരായും നിയമനം നൽകുന്നതിന് വിവിധ വ്യക്തികളിൽ നിന്ന് വൻതുക കൈക്കൂലി വാങ്ങിയതായും മന്ത്രിക്കെതിരെ പരാതിയുണ്ടായിരുന്നു. 2016ൽ ചീഫ് സെക്രട്ടറി രാം മോഹൻ റാവുവിന്റെ സ്കെട്ടറിയേറ്റ് മുറിയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത് വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
സെന്തിലിൻ്റെ സഹോദരൻ്റെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും കഴിഞ്ഞ ആഴ്ച ഇഡി പരിശോധന നടത്തിയിരുന്നു. ഇത്തവണ മന്ത്രിയുടെ ചെന്നൈയിലെ കരൂരിലുള്ള വസതിയിലും പരിശോധന നടക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
