ഫ്രൂട്ട്സും വെള്ളവും സൗജന്യമായി വഴിയാത്രക്കാർക്കൊരുക്കി തങ്കവേൽ; തൃശ്ശൂരിലെ വഴിയോര ഫ്രിഡ്ജ് വിശേഷങ്ങൾ

Spread the love

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം അമ്പാടി ലെയ്‌നിൽ റോഡരികിൽ യാത്രക്കാർക്ക് വേണ്ടി ഫ്രിഡ്ജുണ്ട്. തണുത്ത വെള്ളം വേണോ, ഫ്രൂട്ട്സ് വേണോ… വഴിയാത്രക്കാർക്ക് ആവശ്യമുള്ളത് സൗജന്യമായി എടുക്കാം. അഞ്ച് ക്യാൻ വെള്ളം ദിവസവും വാങ്ങും. ഒന്നിന് അറുപത് രൂപ. പിന്നെ തണ്ണിമത്തനും പേരയ്ക്കയും. ദിവസവും 500 രൂപ ചെലവാകും’. ഏറെ നിർബന്ധിച്ചപ്പോൾ തങ്കവേൽ ചെലവ് വെളിപ്പെടുത്തി.ഇവിടെ വാഹന സ്പെയർപാർട്ട്സ് കട നടത്തുന്ന തങ്കവേലാണ് വഴിയാത്രക്കാർക്കായി ഡബിൾ ഡോർ ഫ്രിഡ്ജ് സ്ഥാപിച്ചത്. വൈദ്യുതിയും തങ്കവേലിൻ്റെ കടയിൽ നിന്ന് തന്നെ. ഇവിടത്തെ ജീവനക്കാരി പുനിത ദിവസവും വെള്ളവും പഴങ്ങളും തയാറാക്കി വയ്ക്കും.തങ്കവേലിന്റെ സദ്കർമ്മത്തിന് പിന്നിലൊരു പൊള്ളുന്ന അനുഭവമുണ്ട്. കൊവിഡ് കാലത്ത്
കാൻസർ രോഗിയായ അച്ഛനും അമ്മയുമൊത്ത് ആശുപത്രിയിൽ പോകുകയായിരുന്നു. ലോക്ക്‌ഡൗണിൽ കടകളെല്ലാം അടച്ചിരിക്കയാണ്. മാതാപിതാക്കൾക്ക് ഒരു തുള്ളി കുടിവെള്ളത്തിനായി തങ്കവേൽ പരക്കം പാഞ്ഞു. ആ വേദനയിൽ നിന്നാണ് വഴിയോരയാത്രക്കായുള്ള ഫ്രിഡ്ജ് എന്ന ആശയത്തിൻ്റെ പിറവി. കഴിഞ്ഞ മാർച്ചിൽ കൊടും വേനലിലാണ് തുടക്കം. ആദ്യം വെള്ളം വച്ചു. ദാഹിച്ചു വരുന്നവർ കുടിച്ച് നന്ദി പറഞ്ഞതോടെ പഴങ്ങളും നുറുക്കി ഫ്രിഡ്ജിൽ വച്ചു. ഇടയ്ക്കിടെ സോഫ്റ്റ് ഡ്രിങ്കുകളും വയ്ക്കും. തങ്ക വേലിൻ്റെ അച്ഛൻ അടുത്തിടെ മരിച്ചു. ശരീരം തളർന്ന് അമ്മ കിടപ്പിലാണ്.

Leave a Reply

Your email address will not be published.