കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്‍റെ ഭാര്യയ്ക്ക് ജോലി;കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്‍റെ ഭാര്യയ്ക്ക് ജോലി

Spread the love

 അടുത്തിടെ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്‍റെ ഭാര്യയ്ക്ക് സർക്കാർ വകുപ്പിൽ നല്‍കിയ താല്‍ക്കാലിക ജോലി റദ്ദാക്കിയ തീരുമാനം മാറ്റി കർണ്ണാടക സർക്കാർ.  ബിജെപി പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരുവിന്‍റെ ഭാര്യ നൂതൻ കുമാരിയുടെ നിയമന ഉത്തരവ് കർണാടകയിലെ കോൺഗ്രസ് സർക്കാർ റദ്ദാക്കിയിരുന്നു. നിയമനം റദ്ദാക്കി ഒരു ദിവസത്തിന് ശേഷം വീണ്ടും  നൂതൻ കുമാരിക്ക് ജോലി നല്‍കുന്നതായി സിദ്ധരാമയ്യ അറിയിച്ചു. മാനുഷിക കാരണങ്ങളിലാണ് ജോലി തിരികെ നല്‍കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

പുതിയ സർക്കാർ വന്നതിന് ശേഷം, മുൻ സർക്കാർ നിയമിച്ച താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് സ്വാഭാവിക നടപടിയാണെന്ന് സിദ്ധരാമയ്യ  ട്വീറ്റിൽ വ്യക്തമാക്കി. പ്രവീൺ നെട്ടാരുവിന്റെ ഭാര്യയെ മാത്രമല്ല, 150 ലധികം കരാർ തൊഴിലാളികളെ ഇതിനകം സർവീസിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ഇതിൽ സർക്കാർ ഇടപെടലില്ല. എന്നാൽ നൂതൻ കുമാരിയുടേത്  പ്രത്യേക കേസായി പരിഗണിച്ച് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ  വീണ്ടും നിയമിക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്‍റെ ഭാര്യക്ക് കഴിഞ്ഞ വർഷം ജോലി നല്‍കിയത്.  ദക്ഷിണ കന്നഡയിലെ മംഗളുരുവിലെ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഗ്രൂപ്പ് സി തസ്തികയിലാണ് നൂതൻ കുമാരിക്ക്  നിയമനം നൽകിയിരുന്നത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയുന്ന മംഗളൂരു ഡപ്യൂട്ടി കമ്മിഷണറുടെ അസിസ്റ്റന്‍റായിട്ടായിരുന്നു നിയമനം. എന്നാല്‍ പുതിയതായി അധികാരമേറ്റ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ താത്ക്കാലിക നിയമനങ്ങൾ റദ്ദാക്കുകയായിരുന്നു.  2022 ജൂലൈ 26 നാണ് നൂതന്‍റെ ഭർത്താവ് പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്. കേസ് ദേശീയ അന്വേഷണ ഏജൻസിയാണ് അന്വേഷിക്കുന്നത്. പ്രവീണിന്‍റെ കുടുംബത്തിന് ബിജെപി 60 ലക്ഷം രൂപ ചെലവിട്ടു വീട് നിർമിച്ചു നൽകിയിരുന്നു. 

Leave a Reply

Your email address will not be published.