അടുത്ത അഞ്ചുവർഷം ആഗോളതാപനില ഉയരാൻ സാധ്യത; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന..

Spread the love

അടുത്ത അഞ്ചുവർഷം ആഗോളതാപനില കൂടാൻ സാധ്യത. ഹരിതഗൃഹ വാതകങ്ങളും എല്‍ നിനോയും സംയോജിച്ച് താപനില കുതിച്ചുയരാന്‍ ഇടയുള്ളതിനാല്‍ 2023 മുതല്‍ 2027 വരെയുള്ള അഞ്ച് വര്‍ഷ കാലയളവ് ഏറ്റവും ചൂടേറിയ കാലമായിരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ് നൽകി. നേരത്തെ ആഗോള താപനം സംബന്ധിച്ച് പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ പ്രഖ്യാപിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ ചൂട്, വരും വര്‍ഷങ്ങളില്‍ അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് യുഎന്നിന് കീഴിലുള്ള ലോക കാലാവസ്ഥാ പഠന കേന്ദ്രം വ്യക്തമാക്കി.

2015നും 2022നും ഇടയിലായിരുന്നു ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ചൂടേറിയ എട്ട് വര്‍ഷങ്ങള്‍. അതിനേക്കാള്‍ ഉയര്‍ന്ന താപനിലയായിരിക്കും അടുത്ത അഞ്ച് വര്‍ഷക്കാലയളവില്‍ ഉണ്ടാവുക. 2023 മുതല്‍ 2027 വരെയുള്ള കാലയളവ് മുഴുവനായോ, അല്ലെങ്കില്‍ പ്രത്യേകിച്ച് ഏതെങ്കിലും ഒരു വര്‍ഷം മാത്രമായോ ആണ് ചൂട് വര്‍ധിക്കുകയെന്നാണ് ഡബ്ല്യു.എം.ഒ അറിയിക്കുന്നത്.

ഒരു വര്‍ഷത്തേക്കെങ്കിലും വാര്‍ഷിക ആഗോള ഉപരിതല താപനില 1.5 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കാന്‍ 66 ശതമാനം സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷം 1.1 C മുതല്‍ 1.8 C വരെ താപനില ഉയര്‍ന്നേക്കും. എന്നാല്‍, ലോകത്ത് സ്ഥിരമായി ഈ താപനില തുടര്‍ന്നേക്കാനിടയില്ലെന്നും ഡബ്ല്യു.എം.ഒ വ്യക്തമാക്കി.

Leave a Reply

Your email address will not be published.