ആശുപത്രിയുടെയും ആശുപത്രി ജീവനക്കാരുടെയും സംരക്ഷണ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

Spread the love

ആശുപത്രിയുടെയും ആശുപത്രി ജീവനക്കാരുടെയും സംരക്ഷണ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമത്തിൽ കർശന ശിക്ഷ ഉറപ്പാക്കും. അതിക്രമങ്ങള്‍ക്ക് പരമാവധി ശിക്ഷ 7 വർഷം വരെയായി ഉയര്‍ത്തി. ഓർഡിനേൻസിൽ പരാതി ഉണ്ടെങ്കിൽ നിയമസഭാ സമ്മേളനത്തിൽ സർക്കാർ ഔദ്യോഗിക ഭേദഗതി ആയി തന്നെ മാറ്റം കൊണ്ട് വരും.

ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും  കൈയേറ്റം ചെയ്യുകയോ അസഭ്യം പറയുകയോ ചെയ്‌താൽ പരമാവധി ശിക്ഷയുറപ്പാക്കുന്നതാണ് പുതിയ ഭേദഗതി. കൊല്ലം കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിൽ ഡോ. വന്ദന ദാസ്‌ കുത്തേറ്റ്‌ മരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ്‌ ആശുപത്രികളിൽ സുരക്ഷ വർധിപ്പിക്കാനും ഓർഡിനൻസിറക്കാനും തീരുമാനിച്ചത്‌.

ഒരു മണിക്കൂറിനുള്ളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം, ആക്രമണമുണ്ടായാൽ അടുത്തുള്ള സ്റ്റേഷനിൽ അറിയിക്കണം, സുരക്ഷയുറപ്പാക്കുന്നതിൽ വീഴ്‌ച വരുത്തുന്നവർക്കെതിരെ നടപടി, വിചാരണ ആറു മാസത്തിൽ പൂർത്തിയാക്കണം, എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും ചുറ്റുമുള്ള 500 മീറ്റർ പ്രദേശവും പ്രത്യേക സംരക്ഷണമേഖലയായി പരിഗണിക്കണം, മുൻകരുതലും പ്രതിരോധ നടപടികളും സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ്‌ ഡോക്ടർമാരുടെ സംഘടനകൾ മുന്നോട്ടുവച്ചിരുന്നത്. ഈ നിര്‍ദ്ദേശങ്ങളടക്കം പരിഗണിച്ചാണ് ആശുപത്രിയുടെയും ആശുപത്രി ജീവനക്കാരുടെയും സംരക്ഷണ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയത്.

Leave a Reply

Your email address will not be published.