ബഹിരാകാശത്ത് നടന്ന് ചരിത്രം സൃഷ്ടിച്ച് യുഎഇ സുല്‍ത്താന്‍ അല്‍ നെയാദി

Spread the love

ബഹിരാകാശത്ത് നടന്ന് പുതിയ ചരിത്രം സൃഷ്ടിച്ച് യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. അറബ് ലോകത്ത് നിന്ന് ബഹിരാകാശത്തെത്തി ആദ്യമായി നടന്ന വ്യക്തി എന്ന നിലയിലാണ് സുല്‍ത്താന് അല്‍ നെയാദി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. പ്രാദേശിക സമയം 5.39നാണ് അല്‍ നെയാദി ബഹിരാകാശത്ത് കാലുകുത്തിയത്. ഇതോടെ ബഹിരാകാശ നിലയത്തിന് പുറത്ത് എക്‌സ്ട്രാ വെഹിക്കുലാര്‍ ആക്ടിവിറ്റി ഏറ്റെടുക്കുന്ന പത്താമത്തെ രാജ്യമായി യുഎഇ മാറി.

കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ കെന്നഡി സ്‌പേസ് സ്റ്റേഷനില്‍ നിന്ന് നെയാദി അടങ്ങുന്ന സംഘം തങ്ങളുടെ ദൗത്യത്തിനായി പുറപ്പെട്ടത്. വെളളിയാഴ്ച വൈകുന്നേരം യുഎഇ സമയം 5.15 ഓടെ ദൗത്യം ആരംഭിച്ചു. യുഎഇ സുല്‍ത്താനൊപ്പം നാസയുടെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ സ്റ്റീവന്‍ ബോവനുമുണ്ടായിരുന്നു. ആറര മണിക്കൂറത്തെ ദൗത്യമാണ് നിശ്ചയിച്ചിരുന്നതെങ്കിലും അത് ഒരു മണിക്കൂര്‍ ഒരു മിനിറ്റുകൂടി നീണ്ടു.

കയ്യില്‍ കരുതിയ ചരടും കൊളുത്തും ബഹിരാകാശ വാഹനത്തില്‍ ഉറപ്പിച്ചാണ് സുല്‍ത്താന്‍ നടന്നത്. ബഹിരാകാശ നടത്തമെന്ന് പറയുമെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ ഭാരമില്ലാതെയുള്ള പറക്കലാണ് സുല്‍ത്താന്‍ നടത്തിയത്. സൂര്യാസ്തമയ മേഖലയില്‍ എത്തിയപ്പോള്‍ ഹെല്‍മറ്റിലെ വെളിച്ചം ഉപയോഗിച്ചു. ഈ സമയം തണുപ്പ് മൈനസ് 121 ലേക്ക് വരും. ഇതിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സ്യൂട്ടാണ് ധരിച്ചിരിക്കുന്നത്. സ്യൂട്ടിന് ഏകദേശം 145 കിലോഗ്രാം ഭാരമുണ്ട്. ആറുമാസത്തിലേറ നീണ്ട പരിശീലനത്തിനൊടുവിലാണ് ബഹിരാകാശ ദൗത്യത്തിന് സുല്‍ത്താന്‍ അല്‍ നെയാദി പരുവപ്പെട്ടത്.

Leave a Reply

Your email address will not be published.