11, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ 9 കുട്ടികള്‍ ആത്മഹത്യ ചെയ്തു. 2 കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആന്ധ്രപ്രദേശിലാണ് കഴിഞ്ഞ 48 മണിക്കൂറിനിടെ ആത്മഹത്യകള്‍ നടന്നത്. ബുധനാഴ്ച്ചയാണ് ആന്ധ്രപ്രദേശ് ബോര്‍ഡ് ഒഫ് ഇന്‍റര്‍മീഡിയേറ്റ് എക്‌സാമിനേഷന്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചത്.11 ാം ക്ലാസില്‍ 61 ശതമാനവും 12 ാം ക്ലാസില്‍ 72 ശതമാനവും മാര്‍ക്കുകളാണ് വിജയിക്കാന്‍ വേണ്ടത്.
ശ്രീകാകുളം ജില്ലയില്‍ 17 വയസുകാരനായ തരുണ്‍ ഫലപ്രഖ്യാപനത്തിനു പിന്നാലെ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തെന്നാണ് വാര്‍ത്തകള്‍ വരുന്നത്. 11 ക്ലാസ് വിദ്യാര്‍ത്ഥിയായ തരുണ്‍ മിക്ക വിഷയങ്ങളിലും പരാജയപ്പെട്ടതില്‍ വലിയ സങ്കടത്തിലായിരിന്നു. വിശാഖപട്ടണം സ്വദേശിയായ എ അഖിലശ്രീ എന്ന 16 വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 11 ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഖിലശ്രീയും ചില വിഷയങ്ങളില്‍ പരാജയപ്പെട്ടിരുന്നു. വിശാഖപട്ടണത്തുള്ള 12ാം ക്ലാസ് വിദ്യാര്‍ത്ഥിയായ 18 വയസുകാരനും വീടിനുള്ളില്‍ തൂങ്ങിമരിച്ചു.
ചിറ്റൂര്‍ ജില്ലയിലും 17 വയസുള്ള രണ്ട് കുട്ടികള്‍ ജീവനൊടുക്കി. ഒരു പെണ്‍കുട്ടി തടാകത്തില്‍ ചാടി മരിച്ചു. മറ്റൊരു വിദ്യാര്‍ത്ഥി വിഷം കഴിച്ചാണ് മരിച്ചത്. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ 11ാം ക്ലാസ് വിദ്യാര്‍ത്ഥിയായ 17കാരനും തൂങ്ങിമരിച്ചു. അനകാപള്ളിയിലാണ് സംഭവം.
ഈ വര്‍ഷം വിവിധ ഐഐടി ക്യാംപസുകളിലായി നാല് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരിന്നു. വര്‍ദ്ധിക്കുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ ചീഫ് ജസറ്റിസ് ഡിവൈ ചന്ദ്രചൂഢ് ആശങ്ക പ്രകടിപ്പിച്ചിരിന്നു.