
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലാണ് നടൻ ബാല. മാർച്ച് ആറിനാണ് കനത്ത ചുമയും വയറുവേദനയും മൂലം ബാലയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇത്തരത്തിൽ ബാലയ്ക്ക് ഇടക്കിടക്ക് സംഭവിക്കാറുണ്ടെന്നും ഇപ്പോൾ ആശുപത്രിയിൽ ആണെന്നും ഭാര്യ എലിസബത്താണ് പ്രേക്ഷകരെ അറിയിച്ചത്.
അഡ്മിറ്റ് ചെയ്യപ്പെട്ട അന്ന് മുതൽക്കേ ബാലയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് വാർത്തകൾ വന്നുതുടങ്ങിയിരുന്നു. ഇപ്പോളിതാ താൻ തിരിച്ചുവരുമെന്ന ശക്തമായ സൂചന നൽകിയിരിക്കുകയാണ് ബാല. തന്റെ വിവാഹവാർഷികം ആഘോഷിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്ക് വെച്ചാണ് ബാല ഇക്കാര്യം പറയുന്നത്. ‘ഞാൻ ഇപ്പോഴും ആശുപത്രിയിൽ അഡ്മിറ്റാണ്. എല്ലാവരുടെയും പ്രാർത്ഥനയുണ്ട്. സുഖപ്പെട്ട് വരുന്നു. 3 ദിവസം കഴിഞ്ഞാൽ ഒരു മേജർ ഓപ്പറേഷൻ ഉണ്ട്. മരണസാധ്യതകൾ ഉണ്ട്. എന്നാലും തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ്. നിങ്ങളുടെ പ്രാർത്ഥന കൊണ്ട് മുന്നോട്ട് പോകുമെന്ന് വിചാരിക്കുന്നു’, ബാല വീഡിയോയിൽ ഇങ്ങനെ പറയുന്നു.
ഭാര്യ എലിസബത്തും ബാലയുടെ ബന്ധുക്കളും വീഡിയോയിലുണ്ട്. തിരിച്ചുവരുമെന്ന് പറഞ്ഞശേഷം വിവാഹവാർഷികം ആഘോഷിച്ച് ഇരുവരും കേക്ക് മുറിക്കുന്നുണ്ട്. ബാലയുടെ ആരോഗ്യസ്ഥിതിയിൽ എലിസബത്തും വളരെ പോസിറ്റീവായാണ് പ്രതികരിക്കുന്നത്. കഴിഞ്ഞ വർഷം തങ്ങൾ വാർഷികം ആഘോഷിച്ചത് ഡാൻസ് കളിച്ചാണെന്നും അടുത്ത വർഷവും അങ്ങനെത്തന്നെ ആകുമെന്നും എലിസബത്ത് പറയുന്നു.
