ജാതിയുടെ അടിസ്ഥാനത്തിൽ ആരെയും മുഖ്യമന്ത്രിയാക്കില്ല: അശോക് ഗെലോട്ട്

Spread the love

രാജസ്ഥാൻ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായുള്ള അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങൾക്കിടയിൽ വിവാദ പരാമർശങ്ങളുമായി അശോക് ഗെലോട്ട് രംഗത്ത് വന്നു.

ഗുജ്ജർ സമുദായത്തിൽപ്പെട്ട സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിനിടെയാണ് ഗെലോട്ടിന്റെ പ്രസ്താവന. ജാതിയുടെ അടിസ്ഥാനത്തിൽ ഇവിടെ ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കില്ല. രാജസ്ഥാൻ നിയമസഭയിൽ മാലി സമുദായത്തിൽ നിന്നുള്ള ഏക എംഎൽഎ ആണ് താൻ. എന്നാൽ തന്റെ ജാതിയുടെ അടിസ്ഥാനത്തിൽ അല്ല രാജസ്ഥാൻ മുഖ്യമന്ത്രിയായത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും സ്നേഹവും അനുഗ്രഹവും ഉള്ളതുകൊണ്ടാണ്  മുഖ്യമന്ത്രിയായത്. ഇപ്പോഴും ആളുകൾ തന്നെ സ്നേഹിക്കുന്നു. അത് കൊണ്ടാണ് മൂന്ന് തവണ ജനങ്ങൾ മുഖ്യമന്ത്രി  ആക്കിയതെന്നും അശോക് ഗെലോട്ട് ട്വിറ്റർ സന്ദേശത്തിൽ പങ്കുവച്ചു.

മൂന്ന് തവണ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായതും മൂന്ന് തവണ മുഖ്യമന്ത്രിയായതും രാജസ്ഥാനിലെ ജനങ്ങളുടെ സ്നേഹവും വാത്സല്യവും അനുഗ്രഹവും കൊണ്ടാണ്. ഹൈക്കമാൻഡിനു തന്നിൽ പൂർണമായ വിശ്വാസം ഉണ്ടെന്നും അശോക് ഗെലോട്ട് കൂട്ടിച്ചേർത്തു.  ജാതി, മത,  വ്യത്യാസമില്ലാതെ രാജസ്ഥാനിലെ ഓരോ പാവപ്പെട്ടവന്റെയും കണ്ണീർ തുടയ്ക്കാനാണ് തന്റെ ശ്രമമെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.

Leave a Reply

Your email address will not be published.