കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി പങ്കജ് ചൗധരി പാര്‍ലിമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റെന്ന് തെളിയുന്നു. കേസുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും കേരള പൊലീസ് ഇ ഡി.ക്ക് നല്‍കിയിട്ടില്ലെന്നായിരുന്നു മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചത്. എന്നാല്‍ വിവരങ്ങളെല്ലാം ഇ.ഡിക്ക് കൈമാറിയിരുന്നുവെന്ന് കേരള പൊലീസ് രേഖകള്‍ സഹിതം വ്യക്തമാക്കി.
കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍ എം പി പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേരള പോലീസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ന് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞത്. എന്നാല്‍ മന്ത്രിയുടെ ഈ വാദങ്ങള്‍ തെറ്റാണെന്ന് കേരള പൊലീസ് വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ഫോര്‍മന്റ് ഡയറക്ടറേറ്റിനെ കൃത്യസമയത്ത് അറിയിച്ചിട്ടുണ്ട്. രണ്ടു തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് മെയില്‍ അയച്ച് വിവരങ്ങള്‍ ആരാഞ്ഞത്. ആ രണ്ട് മെയിലിനും കൃത്യസമയത്ത് തന്നെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി മറുപടി നല്‍കിയിട്ടുണ്ട് .മറ്റ് ബന്ധപ്പെടലുകള്‍ ഒന്നും ഇഡിയുടെ ഭാഗത്തുനിന്ന് കേരള പോലീസിനോ സര്‍ക്കാരിനോ ഉണ്ടായിട്ടില്ലെന്നും കേരള പൊലീസ് അറിയിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട വിവരങ്ങള്‍ 2021 ജൂണ്‍ ഒന്നിനും ഓഗസ്റ്റ് രണ്ടിനുംമാണ്‌കേരള പോലീസ് കൈമാറിയത്. തൃശ്ശൂര്‍ റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തില്‍ തൃശൂര്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മെയ് 10നാണ് ചുമതല ഏറ്റെടുത്തത്. കേസില്‍ 1,58,48,801 രൂപയാണ് വീണ്ടെടുത്തിട്ടുള്ളത്. 56,64,710 രൂപ മറ്റുള്ളവര്‍ക്ക് കൈമാറിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.