പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കും: മുഖ്യമന്ത്രി

Spread the love

പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2008ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടിലെ വ്യവസ്ഥകളനുസരിച്ചാണ് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം അനുവദിക്കുന്നത്. മുമ്പ് 18 മുതല്‍ 55 വയസ്സുവരെ പ്രായമുള്ള പ്രവാസി കേരളീയര്‍ക്കാണ് ക്ഷേമനിധി അംഗത്വം അനുവദിച്ചിരുന്നത്. എന്നാല്‍ പിന്നീട് പ്രായപരിധി 60 വയസ്സാക്കി ഉയര്‍ത്തുകയും കൂടുതല്‍ പ്രവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്തുവരുന്നു.

മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് ആവിഷ്‌ക്കരിച്ചിരിക്കുന്ന NDPREM, പ്രവാസി ഭദ്രത എന്നീ പദ്ധതികള്‍ക്കായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 75 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിദേശത്ത് രണ്ട് വര്‍ഷം തൊഴില്‍ ചെയ്ത് തിരിച്ചെത്തിയ എല്ലാ പ്രവാസികള്‍ക്കും വരുമാന പരിധി കണക്കാക്കാതെ ഇതിന്റെ ഗുണഭോക്താക്കളാകാവുന്നതാണ്. ‘സാന്ത്വന’ സമാശ്വാസ പദ്ധതിക്ക് മാത്രമെ പ്രവാസ കാലയളവ് സംബന്ധിച്ച നിബന്ധന നിലവിലുള്ളൂ. അര്‍ഹതാ മാനദണ്ഡം ഭേദഗതി ചെയ്ത് വാര്‍ഷിക വരുമാന പരിധി ഒന്നരലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുമുണ്ട്. പ്രസ്തുത നിബന്ധനകളില്‍ ഇളവ് നല്‍കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാ രിന്റെ പരിഗണനയില്‍ ഇല്ല.

പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറായും ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. യോഗങ്ങളില്‍ ജില്ലാ പോലീസ് മേധാവിയും പങ്കെടുക്കണമെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.

സാന്ത്വന പദ്ധതിയില്‍ അര്‍ഹരായവര്‍ക്ക് 50,000/ രൂപ വരെ ചികിത്സാധനസഹായം നല്‍കിവരുന്നുണ്ട്. കൂടാതെ നോര്‍ക്ക ഐഡി കാര്‍ഡ് എടുക്കുന്ന പ്രവാസികള്‍ക്ക് നിലവില്‍ അപകടമരണത്തിന് നാല് ലക്ഷം രൂപയുടെയും അപകടം മൂലം ഭാഗികമായോ സ്ഥിരമായോ ഉള്ള അംഗവൈകല്യങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെയും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. വിദേശത്ത് ആറുമാസത്തില്‍ കൂടുതല്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന പ്രവാസികള്‍ക്ക് പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് പോളിസി പ്രകാരം ഗുരുതരരോഗങ്ങള്‍ക്ക് ഒരുലക്ഷം രൂപയും അപകടമരണത്തിന് രണ്ട് ലക്ഷം രൂപയും അപകടം മൂലമുള്ള വൈകല്യത്തിന് ഒരു ലക്ഷം രൂപയും ലഭ്യമാക്കുന്നുണ്ട്. പ്രവാസികള്‍ക്ക് മെഡിസെപ്പ് പോലുള്ള ഒരു പദ്ധതി ഇപ്പോള്‍ പരിഗണനയില്‍ ഇല്ല. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി വി.എന്‍ വാസവന്‍ മറുപടി നല്‍കി.

Leave a Reply

Your email address will not be published.