കോഴിക്കോട് കോർപ്പറേഷൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കോടികളുടെ നഷ്ട്ടം ; അന്വേഷണം ഊർജിതമാക്കി പോലീസ്

Spread the love

ബാങ്ക് അക്കൗണ്ടിൽ നിന്ന് കോഴിക്കോട് കോർപ്പറേഷൻ്റെ രണ്ടര കോടിയിൽപരം രൂപ നഷ്ടമായ കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കോർപ്പറേഷൻ സെക്രട്ടറി നൽകിയ പരാതിയിൽ കോഴിക്കോട് ടൗൺ പോലീസ് ബാങ്ക് ഇടപാട് രേഖകൾ ഹാജരാക്കാൻ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയ്ക്ക് നിർദ്ദേശം നൽകി. തട്ടിപ്പ് നടത്തിയ മുൻ ബാങ്ക് മാനേജർ എം പി റിജിലിനെ സസ്പെൻ്റ് ചെയ്തു.

കോഴിക്കോട് കോർപ്പറേഷൻ്റെ  2,53,59,556 രൂപയാണ് കോർപ്പറേഷൻ അറിയാതെ പിൻവലിച്ചതായി കണ്ടെത്തിയത്.

പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലാണ് മുൻ മാനേജരുടെ തട്ടിപ്പ്.  ഇവിടെ കോർപ്പറേഷന് വിവിധ ആവശ്യങ്ങൾക്കായുള്ള 13 അക്കൗണ്ടുകളുണ്ട്. സപ്ലിമെൻ്ററി ന്യൂട്രീഷൻ ഫണ്ടിൻ്റെ ബാങ്ക് ഇടപാട് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് ബോധ്യമായത്. ഒക്ടോബർ 12,14,20,25 നവംബർ 1 തിയ്യതികളിലായാണ് കോർപ്പറേഷൻ അറിയാതെ വൻ തുകകൾ പിൻവലിച്ചത്. ഇ – പേമെൻ്റ് അക്കൗണ്ട് കൂടി പരിശോധിച്ചതോടെ കൂടുതൽ തുക നഷ്ടമായെന്ന് കണ്ടെത്തി. ശമ്പളവും പെൻഷനും നൽകാൻ  ഇ – പേമെൻ്റ് അക്കൗണ്ടിൽ നിന്ന് 5 കോടി മാറ്റി നിക്ഷേപിക്കാൻ കോർപ്പറേഷൻ അപേക്ഷ നൽകിയിരുന്നു.. പണം നഷ്ടമായത് അറിഞ്ഞ ഉടൻ പോലീസിൽ പരാതി നൽകിയതായി ഡെപ്യുട്ടി മേയർ സി പി മുസാഫർ അഹമ്മദ് പറഞ്ഞു.കോർപ്പറേഷൻ സെക്രട്ടറിയാണ് ടൗൺ പോലീസിൽ പരാതി നൽകിയത്.
ബാങ്ക് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മുൻ ബാങ്ക് മാനേജർ എം പി റിജിലിനെ സസ്പെൻ്റ് ചെയ്തു. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. തെളിവ് ശേഖരണത്തിൻ്റെ ഭാഗമായി ബാങ്ക് ഇടപാട് രേഖകൾ  ഹാജരാക്കാൻ  പോലീസ് ബാങ്ക് ശാഖയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.