സതീശന് അഹങ്കാരത്തിന് കയ്യും കാലും വെച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരമെന്നും വെള്ളാപ്പള്ളിയുടെ രൂക്ഷഭാഷയിൽ വിമർശനം.പറവൂരിലെ പരിപാടിയിലാണ് വെള്ളാപ്പള്ളിയുടെ രൂക്ഷ വിമർശനം.പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. ഈഴവന്റെ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്. ഈഴവനായ സുധാകരനെ പുറത്ത് ചാടിച്ചു. മതേതരവാദിയാണെങ്കിൽ ഈഴവർക്ക് എന്താണ് നൽകിയത് എന്ന് സതീശൻ പറയട്ടെ. ഏതെങ്കിലും ഈഴവന് എന്തെങ്കിലും നൽകിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. സതീശന്റെ മണ്ഡലത്തിൽ എത്തി കാര്യങ്ങൾ പറയാതെ പോകുന്നത് സമുദായത്തിന്റെ അന്തസ്സിന് ചേരില്ലെന്നും തന്റെ പൗരുഷത്തിന് ചേരുന്നതല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 100 സീറ്റ് കിട്ടിയാൽ താൻ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി മറിച്ചാണെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകാൻ സതീശൻ തയ്യാറാകുമോ എന്നും വെല്ലുവിളിച്ചു.ഞങ്ങളുടെ സമുദായത്തെ അധിക്ഷേപിച്ച ആളാണ് സതീശൻ. ഞാൻ ശ്രീനാരായണ ധർമ്മം പഠിക്കണമെന്നാണ് സതീശൻ പറയുന്നത്. ഞാൻ പറയുന്നത് അല്ലെ ശരി? ഈഴവന് വേണ്ടി സതീശൻ എന്ത് ചെയ്തു? സതീശൻ മണ്ഡലത്തിൽ എന്താണ് ചെയ്തത്? നാളെ തോൽക്കാൻ വേണ്ടിയിട്ടാണ് സതീശൻ പറയുന്നത് എല്ലാം. 100 പേരെ ജയിപ്പിക്കുമെന്നാണ് സതീശൻ പറഞ്ഞത്, ഇയാളെക്കൊണ്ട് ഒന്നും ചെയ്യാനാകില്ല. ഒരു ഡിസിസി ജില്ലാ സെക്രട്ടറി തന്നെ തുടർഭരണം കിട്ടില്ലെന്ന് പറയുന്നുണ്ട്, അതിൽ കൂടുതൽ താൻ എന്ത് പറയാൻ? ഈഴവർ വോട്ടുകുത്തുന്ന യന്ത്രമല്ലാതെ അധികാരം കിട്ടുന്നില്ല. മുസ്ലിം വിരോധിയായി തന്നെ ഒതുക്കാൻ ശ്രമിച്ചാൽ ഒതുങ്ങുന്നവനല്ല താൻ. പറവൂരിൽ 52% വോട്ട് ഉണ്ടെന്ന് പറഞ്ഞ സതീശൻ പറഞ്ഞിട്ടും തോറ്റത് ഓർമയില്ലേ എന്ന് വെള്ളാപ്പള്ളി ചോദിച്ചു. ഇതുപോലെ അഹങ്കാരം പറഞ്ഞവർ മാരാരിക്കുളത്തും തോറ്റ ചരിത്രമുണ്ട്. ധർമ്മം പഠിപ്പിച്ചു ധർമ്മക്കാരനാക്കാൻ ആണോയെന്നും വെള്ളാപ്പള്ളിയുടെ പരിഹാസം.