ന്യൂഡൽഹി: വ്യക്തികൾക്കുമേൽ വ്യാജ തെളിവുകളോ കള്ളക്കേസുകളോ ചുമത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്ന് സുപ്രീം കോടതി. ഇത്തരം ദുർവിനിയോഗം അവരുടെ ചുമതലയുടെ ഭാഗമായി കാണാൻ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ജെ.ബി പർദ്ധിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ജനങ്ങളെ സേവിക്കേണ്ടവർ അധികാര ദുർവിനിയോഗം നടത്തിയാൽ നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കാൻ വ്യാജ രേഖ ചമച്ച ഉദ്യോഗസ്ഥനെതിരെയുള്ള ഹർജിയുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി റദ്ധാക്കികൊണ്ടായിരുന്നു കോടതിയുടെ പരാമർശം.
പോലീസ് ഉദ്യോഗസ്ഥനുനേരെ കള്ളക്കേസ് ഫയൽ ചെയ്തു എന്ന ആരോപണം ഉയരുമ്പോൾ സി.ആർ.പി.സി 197 ാം വകുപ്പ് പ്രകാരം വിചാരണ നേരിടാൻ അനുമതി വേണമെന്ന് പറയാൻ കഴിയില്ലെന്നും ഇത് ഉദ്യോഗസ്ഥന്റെ അധികാര പദവിയുടെ കീഴിൽ വരില്ലെന്നും കോടതി പറഞ്ഞു