VMTV NEWS

പുഷ്പ 2ൻ്റെ പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് അല്ലുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അല്ലുവിനെ ചിക്കടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പുഷ്പ 2ൻ്റെ പ്രീമിയറിനിടെ രേവതി എന്ന 35 കാരി മരിക്കുകയും 13 വയസ്സുള്ള മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അല്ലു അർജുനെതിരെ കേസെടുത്തിരുന്നു.
പുഷ്പ 2 സിനിമയുടെ യൂണിറ്റ്, പ്രധാന നടൻ അല്ലു അർജുൻ, സന്ധ്യ തിയേറ്റർ ഉടമ, അല്ലു അർജുൻ്റെ സുരക്ഷാ ടീം എന്നിവർക്കെതിരെ കേസെടുത്തതായി സെൻട്രൽ സോൺ ഡിസിപി ആകാൻഷ് യാദവ് സ്ഥിരീകരിച്ചു. ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ), 118 (1) (മുറിവുണ്ടാക്കിയതിനുള്ള ശിക്ഷ) എന്നിവ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.