ശ്രീലങ്കയില്‍ വീണ്ടും എന്‍പിപി തേരോട്ടം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയത്തിലേക്ക് VM TV NEWS CHANNEL

Spread the love

കൊളംബോ: ശ്രീലങ്കന്‍ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയവുമായി പ്രസിഡൻ്റ് അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പവർ (എന്‍ പി പി) പാർട്ടി.

വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നലെ രാത്രിയോടെ തന്നെ ആരംഭിച്ചിരുന്നു. ആദ്യം എണ്ണിത്തുടങ്ങിയ പോസ്റ്റല്‍ വോട്ടുകളില്‍ മുതല്‍ കൃത്യമായ മേധാവിത്വം നേടിയെടുക്കാന്‍ എന്‍ പി പിക്ക് സാധിച്ചു.

വെള്ളിയാഴ്ച രാവിലെ ആറ് മണി വരേയുള്ള കണക്കുകള്‍ പ്രകാരം എന്‍ പി പി 62 ശതമാനം വോട്ട് നേടി. ആകേയുള്ള 225 സീറ്റില്‍ 97 സീറ്റുകളാണ് ഇതുവരെ എന്‍ പി പിക്ക് ലഭച്ചതെന്നാണ് ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. പ്രധാന പ്രതിപക്ഷ കക്ഷിയായ സജിത് പ്രേമദാസയുടെ യു പി പി 26 സീറ്റുകളും നേടി. ശ്രീലങ്കൻ തമിഴ് വംശീയ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇലങ്കൈ തമിഴ് അരസു കക്ഷി -3, എന്‍ ഡി പി – 2, മുന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്ഷയുടെ ശ്രീലങ്ക പൊതുജന പെരുമന – 2, യു എന്‍ പി -1, ഡി പി എന്‍ എ -1, ആള്‍ സിലോണ്‍ തമിഴ് കോണ്‍ഗ്രസ് -1 എന്നിവർ ഓരോ സീറ്റും നേടി. വോട്ടെണ്ണല്‍ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

സെപ്റ്റംബറില്‍ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്ബോള്‍ എൻപിപിക്ക് വലിയ മുന്നേറ്റമുണ്ടായെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 225 അംഗ പാർലമെന്റില്‍ അനുര കുമാര ദിസനായകെയുടെ പാർട്ടി 120 മുതല്‍ 140 വരെ സീറ്റുകള്‍ തനിച്ച്‌ നേടിയേക്കും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധർ വ്യക്തമാക്കുന്നു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നുര കുമാര ദിസനായകെ പാർലമെന്റ് പിരിച്ച്‌ വിട്ടിരുന്നു. നിലവിലെ പാർലമെന്റില്‍ തന്റെ കക്ഷിയായ എന്‍ പി പിക്ക് ആകെ മൂന്ന് സീറ്റ് മാത്രമുണ്ടായ സാഹചര്യത്തിലാണ് ദിസനായകെ പാർലമെന്റ് പിരിച്ച്‌ വിട്ട് പുതിയ തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. അതേസമയം, രാജപക്‌സെയുടെ ശ്രീലങ്കൻ പീപ്പിള്‍സ് ഫ്രണ്ടിന് പിരിച്ചുവിടപ്പെട്ട പാർലമെൻ്റില്‍ 145 സീറ്റുകളാണ് ഉണ്ടായിരുന്നത്. എസ്‌ ജെ ബി -54, ഇല്ലങ്കൈ തമിഴ് അരശു കക്ഷി – 10 എന്നിങ്ങനെയായിരുന്നു മറ്റ് കക്ഷികളുടെ സീറ്റ് നില.

കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പ് പൂർത്തിയായപ്പോള്‍ ഏകദേശം ഏകദേശം 65 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. സെപ്തംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിക്കൊണ്ടായിരുന്നു ദിസനായകെ പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്. 32 ശതമാനം വോട്ടുമായി സജിത് പ്രേമദാസ രണ്ടാമതും മുന്‍ പ്രസിഡന്റ് റനില്‍ വിക്രംസിംഗെ 17 ശതമാനം വോട്ടുമായി നാലാമതുമെത്തി.രാജപക്സെ കുടുംബത്തിലെ പുതുതലമുറക്കാരനായ നമല്‍ രാജപക്സെയ്ക്ക് 2.57 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

Leave a Reply

Your email address will not be published.