
കൊച്ചി: മുപ്പത് രൂപയുടെ ഓട്ടത്തിന് അന്‍പത് രൂപ ആവശ്യപ്പെട്ട് തര്‍ക്കിച്ച ഓട്ടോ ഡ്രൈവര്‍ ഒടുവില്‍ യാത്രക്കാരന്‍ ആരാണെന്ന് അറിഞ്ഞ് ഞെട്ടി.
ഓട്ടോക്കാരിലെ കുഴപ്പക്കാരെ കണ്ടെത്താന്‍ യൂണിഫോം അഴിച്ചുവെച്ച് എത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു യാത്രക്കാരന്‍. തര്‍ക്കത്തിനൊടുവില്‍ യാത്രക്കാരന്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനാണെന്ന് മനസിലാക്കിയ ഓട്ടോഡ്രൈവര്‍ കരഞ്ഞ് മാപ്പ് പറയുകയും ചെയ്തു.
കഴിഞ്ഞ ദിവസം കൊച്ചിയിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ മനോജിന്റെ നിര്‍ദേശപ്രകാരമാണ് അഞ്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വേഷം മാറി ഇറങ്ങുകയായിരുന്നു. കലൂരില്‍ നിന്ന് കതൃക്കടവ് വരെ ഓട്ടോയില്‍ കയറിയ ഉദ്യോഗസ്ഥനോടാണ് ഡ്രൈവര്‍ തര്‍ക്കിച്ചത്. 30 രൂപയുടെ ഓട്ടത്തിന് 50 രൂപ ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥന്‍ നിയമം പറഞ്ഞു. ഇതോടെ ഓട്ടോ ഡ്രൈവര്‍ തട്ടിക്കയറി. പൈസ തന്നിട്ട് പോയി പണിനോക്കാനും പറഞ്ഞു. ഇതോടെ താന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണെന്ന് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. നടപടിയെടുക്കുമെന്നായപ്പോള്‍ ഓട്ടോ ഡ്രൈവര്‍ മാപ്പ് പറയുകയായിരുന്നു.