
ലണ്ടൻ: മൈസൂർ രാജാവായിരുന്ന ടിപ്പു സുല്‍ത്താൻ്റെ സ്വകാര്യ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു.
ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പു ഉപയോഗിച്ച തിളങ്ങുന്ന വായ്ത്തലയുള്ള വാളാണ് ലണ്ടനിലെ ബോണ്‍ഹാംസ് ഓക്ഷൻ ഹൗസില്‍ 317,900 പൗണ്ടിന് (3.4 കോടി രൂപ) ലേലത്തില്‍ വിറ്റത്. ടിപ്പു സുല്‍ത്താൻ്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍ അദ്ദേഹം ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന വാളാണിതെന്നും പറയുന്നു. കടുവയുടെ ചിഹ്നവും പിതാവ്ഹൈദരലിയുടെ പരാമർശിക്കുന്ന ‘ഹ’ എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.
യുദ്ധ ശേഷം ബ്രിട്ടീഷുകാർ ക്യാപ്റ്റൻ ജെയിംസ് ആൻഡ്രൂ ഡിക്കിൻ്റെ സെരിംഗപട്ടത്തെ സേവനത്തിനുള്ള അംഗീകാരമായാണ് വാള്‍ സമ്മാനിച്ചത്. 2024 ജൂണ്‍ വരെ ഡിക്ക് കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു വാള്‍. ആൻഡ്രൂ ഡിക്ക് 75-ാമത് ഹൈലാൻഡ് റെജിമെൻ്റ് ഓഫ് ഫൂട്ടില്‍ സെരിംഗപട്ടത്ത് ലെഫ്റ്റനൻ്റായി സേവനമനുഷ്ഠിച്ചു. റെജിമെൻ്റിലെ പ്രധാനിയായിരുന്നു ഇദ്ദേഹം. മതിലുകള്‍ തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. നഗരത്തില്‍ പ്രവേശിച്ച ബ്രിട്ടീഷ് സേനകളില്‍ ആദ്യത്തേതില്‍ ലഫ്റ്റനൻ്റ് ഡിക്കും ഉള്‍പ്പെടാൻ സാധ്യതയുണ്ട്. യുദ്ധാനന്തരം ടിപ്പുവിൻ്റെ മൃതദേഹം തിരയുന്നതില്‍ അദ്ദേഹത്തിൻ്റെ റെജിമെൻ്റാണ് സഹായിച്ചത്.
പീറ്റർ ചെറിയുടെ വെള്ളി മെഡല്‍ 23,040 പൗണ്ടിന് (24 ലക്ഷം രൂപ) വിറ്റു. 1800 ഏപ്രില്‍ 6-ന് ബംഗാള്‍ ഗവണ്‍മെൻ്റിൻ്റെ പേർഷ്യൻ പരിഭാഷകനായ എൻ.ബി. എഡ്മണ്‍സ്റ്റോണ്‍ ഒപ്പിട്ട, ടിപ്പു സുല്‍ത്താനും കർണാടകത്തിലെ നവാബുമാരും തമ്മിലുള്ള രഹസ്യ സഖ്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് 35,840 പൗണ്ടിന് (38.6 ലക്ഷം രൂപ) വിറ്റു.