
കൗമാരക്കാരിയായ മകള്‍ അതിസുന്ദരിയാകുന്നു, മകള്‍ക്ക് കാഴ്ചയില്‍ താനുമായോ തൻറെ ഭാര്യയുമായോ സാദൃശ്യമില്ല. വിയറ്റ്നാം സ്വദേശിയായ പിതാവിനുണ്ടായ ഈ തോന്നലുകള്‍ നയിച്ചത് മകളുടെ ഡി.എൻ.എ.
പരിശോധനയിലേക്കായിരുന്നു. ഒടുവില്‍ ഡി.എൻ.എ. പരിശോധനയില്‍ ഇതുവരെ വളർത്തിയത് സ്വന്തം മകളെയല്ലെന്ന് ആ പിതാവ് തിരിച്ചറിഞ്ഞു. ഭാര്യയെ കുറ്റപ്പെടുത്തി. ഇതോടെ മകളെയും കൂട്ടി ഭാര്യ വീടുവിട്ടിറങ്ങി. എന്നാല്‍, മറ്റൊരിടത്ത് മകളുമായി താമസിക്കുന്നതിനിടെ മാതാവും ആ സത്യം മനസിലാക്കി. ഇത് തന്റെ മകളല്ലെന്ന് മാതാവും തിരിച്ചറിഞ്ഞത് ഒരു ഡി.എൻ.എ. പരിശോധനയിലൂടെയായിരുന്നു.
സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് സിനിമാക്കഥകളെപ്പോലും വെല്ലുന്ന, വിയറ്റ്നാമിലെ ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മകള്‍ക്ക് തന്റെയോ തന്റെ ഭാര്യയുടെയോ രൂപസാദൃശ്യമില്ലെന്ന വിയറ്റ്നാം സ്വദേശിയുടെ സംശയമാണ് വർഷങ്ങള്‍ക്ക് മുൻപ് ആശുപത്രിയില്‍ സംഭവിച്ച ഗുരുതരവീഴ്ചയുടെ ചുരുളഴിച്ചത്. കൗമാരക്കാരിയായ മകള്‍ അതിസുന്ദരിയായതും തന്റെ രൂപസാദൃശ്യമില്ലാത്തതും ഇദ്ദേഹത്തിന്റെ സംശയം വർധിപ്പിച്ചിച്ചിരുന്നു. ഇതോടെ മകളുടെ ഡി.എൻ.എ. പരിശോധന നടത്താൻ തീരുമാനിച്ചു. പ്രസവസമയത്ത് കുട്ടികള്‍ മാറിപ്പോയതാണെന്ന ഞെട്ടിക്കുന്ന വസ്തുതയാണ് ഇതോടെ ഇവർക്കുമുന്നില്‍ വെളിപ്പെട്ടത്.
ഡി.എൻ.എ. പരിശോധനയില്‍ പെണ്‍കുട്ടിയുടെ പിതാവ് താൻ അല്ലെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞു. ഇതോടെ മറ്റൊരുബന്ധമുണ്ടെന്ന് പറഞ്ഞ് ഭാര്യയെ കുറ്റപ്പെടുത്തി. എന്നാല്‍, ഭാര്യ ഇത് അംഗീകരിച്ചില്ല. അതേസമയം, ഭാര്യ തന്നെ ചതിച്ചെന്ന തോന്നലില്‍ ഇദ്ദേഹം മദ്യപിക്കുന്നതും വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതും പതിവായി. പ്രശ്നങ്ങള്‍ സ്ഥിരമായതോടെ ഭാര്യ മകളെയും കൂട്ടി വിയറ്റ്നാമിലെ തന്നെ ഹനോയിയിലേക്ക് താമസം മാറ്റി. മകളെ ഇവിടെ പുതിയ സ്കൂളിലും ചേർത്തു.
സ്കൂളില്‍വെച്ച് ഈ പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലായി. ഇരുവരുടെയും ജന്മദിനവും ജനനസ്ഥലവും ഒന്നാണെന്നതായിരുന്നു മറ്റൊരു സവിശേഷത. ഇരുവരും തമ്മിലുള്ള സൗഹൃദം ദൃഢമായതോടെ രണ്ടുപേരുടെയും ജന്മദിനം ഒരുമിച്ച് ആഘോഷിക്കാൻ കൂട്ടുകാരിയുടെ മാതാവ് തീരുമാനിച്ചു. തുടർന്ന് ജന്മദിനാഘോഷത്തിന് മകളുടെ കൂട്ടുകാരിയെയും ഇവർ വീട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍, മകളുടെ കൂട്ടുകാരിയെ കണ്ട് ഇവർ അക്ഷാർഥത്തില്‍ ഞെട്ടി. തന്റെ കൗമാരക്കാലത്തെ അതേ രൂപമായിരുന്നു മകളുടെ കൂട്ടുകാരിക്കും. തുടർന്ന് സംശയം തോന്നിയതോടെ ഇരുകുടുംബങ്ങളും ഡി.എൻ.എ. പരിശോധനയ്ക്ക് തയ്യാറായി. ഈ പരിശോധനയിലാണ് പ്രസവാനന്തരം കുട്ടികള്‍ പരസ്പരം മാറിപ്പോയതെന്നാണെന്ന് വ്യക്തമായത്.
ഡി.എൻ.എ. പരിശോധനയിലെ കണ്ടെത്തല്‍ രണ്ടുകുടുംബങ്ങള്‍ക്കും ആദ്യം വിശ്വസിക്കാനായില്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. അതേസമയം, ഇരുകുടുംബങ്ങളും ഇതുമായി പൊരുത്തപ്പെടാൻ ശ്രമിച്ചുവരികയാണെന്നും ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. പെണ്‍കുട്ടികളെ എങ്ങനെ സത്യം പറഞ്ഞ് മനസിലാക്കാൻ കഴിയുമെന്നാണ് ഇവർ ഇപ്പോള്‍ ആലോചിക്കുന്നത്.
അതേസമയം, പ്രസവസമയത്ത് ഗുരുതര അനാസ്ഥ കാണിച്ചതിന് ആശുപത്രി അധികൃതർക്കെതിരേ നിയമനടപടി സ്വീകരിക്കണമോ എന്നകാര്യത്തില്‍ ഇരുകുടുംബങ്ങളും തീരുമാനമെടുത്തിട്ടില്ലെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.