കൊടും ക്രിമിനലായ അർഷ്ദീപ് ദല്ല കാനഡയില്‍ പിടിയിലായെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായി കൂടിയാണ് അർഷ്ദീപ് ദല്ല.
ഒക്‌ടോബർ 27-28 തീയതികളില്‍ കാനഡയില്‍ നടന്ന വെടിവെപ്പിന് ശേഷം ദല്ലയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് അറസ്റ്റ് എന്നാണ് പ്രാഥമിക നിഗമനം.
ദല്ലയുടെ അറസ്റ്റ് സംബന്ധിച്ച് ഇന്ത്യൻ സുരക്ഷാ ഏജൻസികള്‍ക്കും വിവരം ലഭിച്ചിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാല്‍ ദല്ലയുടെ അറസ്റ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മില്‍ട്ടണില്‍ നടന്ന വെടിവയ്പിനെക്കുറിച്ച് ഹാള്‍ട്ടണ്‍ റീജിയണല്‍ പൊലീസ് സർവീസ് (എച്ച്‌ആർപിഎസ്) അന്വേഷണം നടത്തിവരികയാണ്.
ഒക്ടോബറില്‍ മില്‍ട്ടണ്‍ ടൗണില്‍ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇയാളെ പിടികൂടിയിരുന്നുവെങ്കിലും അറസ്റ്റ് സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. അറസ്റ്റിനുശേഷമുള്ള സ്ഥിതിഗതികള്‍ ഇന്ത്യൻ അധികൃതർ നിരീക്ഷിച്ചുവരികയാണ്. ഇന്ത്യയില്‍ വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അർഷ്ദീപ് ദല്ല.
28 കാരനായ ദല്ല ഭാര്യയോടൊപ്പം കാനഡയിലെ സറേയിലാണ് താമസിക്കുന്നത്. കൊള്ളയടിക്കല്‍, കൊലപാതകം, മറ്റ് ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാള്‍ക്കെതിരെ യുഎപിഎ പ്രകാരം കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ പഞ്ചാബ് പൊലീസ് ലുക്ക്‌ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്, ഇന്ത്യൻ സുരക്ഷാ ഏജൻസി വൃത്തങ്ങള്‍ അറിയിച്ചു. ഖലിസ്താനി ടൈഗർ ഫോഴ്സിന്റെ ആക്ടിങ് ചീഫായ അർഷ്ദീപ് ദല്ലയെ, ഹര്‍ദീപ് സിങ് നിജ്ജറിന്റെ പിൻഗാമിയായാണ് കണക്കാക്കുന്നത്.