ഡ്രൈവറുടെ ചെറിയ അശ്രദ്ധമൂലം ഇലക്‌ട്രിക് കാറുകള്‍ കൊണ്ടുപോവുകയായിരുന്ന കണ്ടെയ്‌നര്‍ ട്രക്കിന് തീപിടിച്ച് എട്ട് കാറുകള്‍ കത്തിനശിച്ചു.
ട്രക്കിനുള്ളില്‍ ഉണ്ടായിരുന്ന എട്ട് ടാറ്റാ നെക്‌സോണ്‍ ഇവി കാറുകളാണ് കത്തിനശിച്ചത്.
മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് കാറുകള്‍ കൊണ്ടുവരികയായിരുന്ന ട്രക്കാണ് സഹീറാബാദ് ബൈപ്പാസിന് സമീപം രഞ്‌ജോളില്‍ വെച്ച് കത്തിനശിച്ചത്. ഇതോടെ മുംബൈ ഹൈവേയില്‍ ഏറെ നേരം ഗതാഗതക്കുരുക്കുമുണ്ടായി.
ട്രക്കിന്റെ ക്യാബിനുള്ളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. വാഹനം നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ ക്യാബിനുള്ളില്‍ മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്തതാണ് തീപടരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീപിടിത്തത്തില്‍ ചെറിയതോതില്‍ പൊള്ളലേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്. സഹീറാബാദ് സ്റ്റേഷനില്‍ നിന്ന് അഗ്‌നി ശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
കണ്ടെയ്‌നറിനകത്ത് ഉണ്ടായിരുന്ന കാറുകള്‍ക്ക് തീപിടിച്ചതോടെ കറുത്ത പുക വാഹനത്തില്‍ നിന്ന് ഉയര്‍ന്നതായി സംഭവത്തിന് സാക്ഷിയായ നാട്ടുകാര്‍ പറഞ്ഞു. അഗ്‌നിശമന സേനയുടെ പെട്ടെന്നുള്ള ഇടപെടല്‍ കാരണം തീ മറ്റിടങ്ങളിലേക്കോ മറ്റ് വാഹനങ്ങളിലേക്കോ പടരാതെ തടയാന്‍ കഴിഞ്ഞുവെന്ന് അധികൃതര്‍ അറിയിച്ചു.
കണ്ടെയ്‌നറിലും അതിനുള്ളിലുണ്ടായിരുന്ന കാറുകളുടെയും കാര്യത്തില്‍ പരിധോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.