
പാലക്കാട്: പാർട്ടിയില്‍ സജീവമാകണമെന്ന ബിജെപി പ്രസിഡണ്ടിൻറെ ആവശ്യം തള്ളി സന്ദീപ് വാര്യർ. കെ സുരേന്ദ്രനെ കടന്നാക്രമിച്ച സന്ദീപ് പാർട്ടിയില്‍ നിന്ന് പുറത്തേക്കാണെന്ന സൂചന ശക്തമാക്കി.
സന്ദീപ് ഇനിയും കടുപ്പിച്ചാല്‍ തെരഞ്ഞെടുപ്പ് തീരും മുമ്ബ് അച്ചടക്ക നടപടി എടുക്കുന്നതിനെ കുറിച്ചും ബിജെപിയില്‍ ചർച്ചകളുണ്ട്.
ആർഎസ്‌എസ് നേതാവ് ജയകുമാറിൻ്റെ അനുനയവും ഫലം കണ്ടില്ല. പ്രശ്നങ്ങള്‍ പിന്നീട് ചർച്ച ചെയ്യാം ഇപ്പോള്‍ പാർട്ടിയില്‍ സജീവമാകാൻ ആവശ്യപ്പെട്ട സന്ദീപിനോട് ആവശ്യപ്പെട്ട സുരേന്ദ്രൻ ഒരടി പിന്നോട്ട് വെച്ചു. പക്ഷേ സുരേന്ദ്രനെ തന്നെ വിമർശിച്ച സന്ദീപ് ബിജെപി ബന്ധം അവസാനിപ്പിക്കുന്നതിൻ്റെ സൂചനകള്‍ സജീവമാക്കുകയാണ്. പരാതികളില്‍ തെരഞ്ഞെടുപ്പിന് ശേഷം ചർച്ചയെന്ന നിർദ്ദേശം വെറുതെയാണെന്ന് സന്ദീപ് കരുതുന്നു. സുരേന്ദ്രൻ ഒന്നയഞ്ഞത് വാതില്‍ ഒറ്റയടിക്ക് കൊട്ടിയടച്ചെന്ന പഴി ഒഴിവാക്കാനാണ്. ഉടൻ പരിഹരിക്കേണ്ട പരാതികളൊന്നും സന്ദീപ് മുന്നോട്ട് വെച്ചിട്ടില്ലെന്നാണ് നേതൃത്വം പറയുന്നത്.
സന്ദീപ് അച്ചടക്ക ലംഘനത്തിൻ്റെ പരിധി വിടുന്നുവെന്ന് തന്നെയാണ് നേതൃത്വത്തിൻ്റെ വിലയിരുത്തല്‍. ഫലത്തില്‍ സന്ദീപും ബിജെപിയും വഴിപിരിയുകയാണ്. നടപടി എപ്പോള്‍ എന്നതിലാണ് തീരുമാനം വരേണ്ടത്. വരും ദിവസങ്ങളില്‍ നേതൃത്വത്തിനെതിരെ കൂടുതല്‍ പറയാനാണ് സന്ദീപിൻ്റെ നീക്കം. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ വെയിറ്റ് ആൻറ് സീ എന്ന നയം സുരേന്ദ്രനും മാറ്റും. 20 ന് മുമ്ബ് ബിജെപി വിട്ടില്ലെങ്കില്‍ രാഷ്ട്രീയനേട്ടമില്ലെന്നാണ് സന്ദീപിനെ കാത്തിരിക്കുന്ന സിപിഎം ലൈൻ.