
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്ന് വിരമിക്കാനിരിക്കെ അതുവരെ വാദംകേട്ട കേസുകളില് ഒന്നൊന്നായി ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ടിരിക്കുമ്ബോള് അതിനിടെ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കേസാണ് ജെറ്റ് എയര്വേയ്സിന്റെത്.
ജെറ്റ് എയര്വേയ്സ് എല്ലാം കൂട്ടിക്കെട്ടി സ്വത്തുക്കള് വിറ്റ് കടംവീട്ടുകയല്ലാതെ മറ്റൊരു മാര്ഗമില്ലെന്നായിരുന്നു ആ വിധി. കൊന്നും കൊല്ലിച്ചും തന്റെ സാമ്രാജ്യം വളര്ത്തിയ നരേഷ് ഗോയല്, ഇന്നലത്തെ കോടതി വിധി കേള്ക്കുമ്ബോള് തീര്ച്ചയായും 29 കൊല്ലം മുമ്ബ് നടന്ന സംഭവങ്ങള് ഒരു ഫഌഷ് ബാക്കായി അദ്ദേഹത്തിന്റെ മനസ്സിലൂടെ ഓടിയെത്തിയിരിക്കും. കൃത്യമായി പറഞ്ഞാല് 1995 നവംബര് 15ന് തഖിയുദ്ദീന് വാഹിദ് എന്ന മലയാളി സംരംഭകന്റെ കൊലപാതകവും അതേതുടര്ന്ന് ഈസ്റ്റ് വെസ്റ്റ് എയര്വേയ്സിന് താഴിട്ടുപൂട്ടിയത് മുതലുള്ള ബ്ലാക്ക് ആന്ഡ് വൈറ്റ് കാലത്ത് നടന്ന ബിസിനസ് വൈര്യവും. സ്വത്തുവകകള് ലിക്വിഡേറ്റ് ചെയ്യുകയല്ലാതെ മറ്റു വഴിയില്ലെന്ന്, ഭരണഘടനയുടെ അനുച്ഛേദം 142 അനുസരിച്ചുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ഇന്നലെ സുപ്രീംകോടതി നരേഷ് ഗോയലിന്റെ ജെറ്റ് എയര്വേയ്സിനോട് പറയുമ്ബോള് അത് കാലംകാത്തുവച്ച മധുരപ്രതികാരമായിരുന്നു, ഒരര്ത്ഥത്തില് ചരിത്രത്തിന്റെ കാവ്യനീതി.! കാരണം നരേഷ് ഗോയലിന്റെ സാമ്രാജ്യത്തിന് തഖിയുദ്ദീന് വാഹിദെന്ന മലയാളി സംരംഭകന്റെ ചോരയുടെ മണമുണ്ട്.
ആരായിരുന്നു തഖിയുദ്ദീന് വാഹിദ്
രാജ്യത്തെ ആദ്യ സ്വകാര്യ വിമാനക്കമ്ബനിയായ ഈസ്റ്റ് വെസ്റ്റ് സ്ഥാപിച്ച തഖിയുദ്ദീന് വാഹിദ് എന്ന സംരംഭകനെ മലയാളികള്ക്ക് ഒരിക്കലും മറക്കാന് കഴിയില്ല. തഖിയുദ്ദീന് വാഹിദ് ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കില് ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസഫലിയെപ്പോലെ ലോകം അറിയപ്പെടുന്ന ഒരു വ്യവസായി ആയി മാറുമായിരുന്നു. ഗള്ഫ് നാടുകളിലേക്ക് മലയാളികളുടെ ഒഴുക്കു ശക്തമായ 1980കളില് മുംബൈയില് സഹോദരങ്ങള്ക്കൊപ്പം ട്രാവല് ഏജന്സി തുടങ്ങിയാണ് തഖിയുദ്ദീന്റെ ബിസിനസ് തുടക്കം.

കേന്ദ്രസര്ക്കാര് സ്വകാര്യ വിമാനയാത്രാ കമ്ബനികള്ക്കു ലൈസന്സ് നല്കാന് തീരുമാനിച്ചപ്പോള് ആദ്യം ലൈസന്സ് കിട്ടിയ കമ്ബനികളിലൊന്നു തഖിയുദ്ദീന്റെതായിരുന്നു. കാരണം ഗള്ഫ് നാടുമായി തഖിക്ക് അത്രയും ബന്ധമുണ്ടായിരുന്നു. തിരുവനന്തപുരം ഒടയം സ്വദേശിയായ തഖിയുദ്ദീന് ബോംബെയില് ട്രാവല്സ് നടത്തിയിരുന്ന കാലത്ത് തന്നെ ഗോയല് അദ്ദേഹത്തിന്റെ ബിസിനസ് എതിരാളിയായിരുന്നു. 1986ല് എയര്ഇന്ത്യയുടേയും ഗള്ഫ് എയറിന്റെയും ഏറ്റവും വലിയ ടിക്കറ്റ് ഏജന്സിയായിരുന്നു ഈസ്റ്റ് വെസ്റ്റ്. ഗള്ഫ് എയറിന്റെ ജനറല് സെയില് ഏജന്റിനെ തിരഞ്ഞെടുക്കുന്ന ഘട്ടംവന്നപ്പോള് നിലവില് ഗള്ഫ് എയറിന്റെ 75 ശതമാനം ടിക്കറ്റുകളും ബുക്ക് ചെയ്തിരുന്ന ഈസ്റ്റ് വെസ്റ്റിന് തന്നെ ലഭിക്കുമെന്ന് തഖിയ്ക്ക് ഉറപ്പായിരുന്നു. എന്നാല് ഡല്ഹിയിലെ ഒരു ഒറ്റമുറിയില് ചെറിയ ട്രാവല് ഏജന്സി നടത്തിയിരുന്ന, ഈ ഫീല്ഡിലെ പുതുമുഖമായ നരേഷ് ഗോയലിന്റെ ജെറ്റ് എയറിനായിരുന്നു അത് ലഭിച്ചത്. താനത് തട്ടിയെടുക്കുകയായിരുന്നുവെന്ന് ഗോയല് തന്നെ തഖിയുദ്ദീനോട് പിന്നീട് പറയുന്നുണ്ട്.
എങ്കിലും 1990ല്, രാജ്യത്തെ ആദ്യ സ്വകാര്യ സംരംഭമായി ഈസ്റ്റ് വെസ്റ്റ് വിമാന സര്വീസ് കമ്ബനി സ്ഥാപിച്ചു. ആഭ്യന്തര റൂട്ടുകളില് ബിസ്സിനസ് ക്ലാസുകള് തുടങ്ങാനായി തഖിയുദ്ദീന് മലേഷ്യയില് നിന്ന് മൂന്ന് ബോയിങ് വിമാനങ്ങള് വാങ്ങി. ഈസ്റ്റ് വെസ്റ്റിന്റെ ഡിസൈന് പെയിന്റ് ചെയ്ത് പറക്കാന് തയ്യാറായി. എന്നാല് വിചിത്രമായ വാദങ്ങളുയര്ത്തി സിവില് ഏവിയേഷന് അധികൃതര് തടസ്സം നിന്നു. എന്നാല് സിവില് ഏവിയേഷന്റെ എതിര്പ്പില്ലാതെ അതേ വിമാനങ്ങള് പെയിന്റ് മാറ്റി ജറ്റ് എയര്വേയ്സ് ഇന്ത്യയിലെത്തിച്ചു. നരേഷ് ഗോയലായിരുന്നു അതിന് പിന്നില്.
വഞ്ചിച്ചും കൊല്ലിച്ചും ഉയര്ത്തിയ ഗോയല് സാമ്രാജ്യം
വഞ്ചിച്ചും കൊല്ലിച്ചുമാണ് ഡല്ഹിയിലെ ചെറിയ ട്രാവല് ഏജന്സി നടത്തിയിരുന്ന നരേഷ് ഗോയല് തന്റെ സാമ്രാജ്യം പടുത്തുയര്ത്തിയത്. തഖിയുദ്ദീന്റെ ബിസ്സിനസ് രഹസ്യങ്ങള് ചോര്ത്താന് ഗോയലിന്റെ വിശ്വസ്ഥനായിരുന്ന മലയാളി ദാമോദരനെ ഈസ്റ്റ് വെസ്റ്റില് നിയോഗിച്ചതായിരുന്നു മറ്റൊന്ന്. ഗോയലുമായി തെറ്റിപ്പിരിഞ്ഞെന്ന് ധരിപ്പിച്ചാണ് ദാമോദരന് ഈസ്റ്റ് വെസ്റ്റില് ചേര്ന്നത്. മാസങ്ങള് കൂടെ നിന്ന ശേഷം ഗോയലിന്റെ പാളയത്തിലേക്ക് അയാള് തിരിച്ചുപോയി. ദാമോദരന് തന്റെ ചാരനായിരുന്നുവെന്ന് ഗോയല് തന്നെ തക്കിയുദ്ദീനെ വിളിച്ചു വീമ്ബിളക്കുന്നുണ്ട്, ഈ കഥയില്.
തഖിയുദ്ദീന്റെ കൊലപാതകം
നരേഷിന്റെ പാരവയ്പ്പിനിടെയും ഈസ്റ്റ് വെസ്റ്റും തഖിയുദ്ദീന് വാഹിദും വളര്ന്നു. തഖിയുദ്ദീന് തിരക്കുപിടിച്ച സംരംഭകനായി മാറുകയുംചെയ്തു. മുംബൈയിലെ ബാന്ദ്രയിലെ ഈസ്റ്റ് വെസ്റ്റ് ആസ്ഥാനത്ത് നിന്ന് രാത്രി വീട്ടിലേക്കുള്ള തഖിയുദ്ദീന് വാഹിദിന്റെ മടക്കം അദ്ദേഹത്തിന്റെ അവസാന യാത്രയായി. പൊടുന്നനെ ഒരുസംഘം ചാടിവീണ് ഗ്ലാസുകള് പൊട്ടിച്ച് ലക്ഷ്വറി കാറിനുള്ളിലേക്ക് നിറയൊഴിച്ചു. ഒന്ന് നിലവിളിക്കാന് പോലും കഴിഞ്ഞില്ല, തഖിയുദ്ദീന്റ ജീവിതം ആ കാറിനുള്ളില് അവസാനിച്ചു.
‘A Cold Blooded Professional Murder…’ തഖിയുദ്ദീന് വാഹിദിന്റെ കൊലപാതകത്തെക്കുറിച്ച് 1995 നവംബര് 14ന് ഇറങ്ങിയ മുംബൈ ടാംബ്ലോഡിയിന്റെ അന്നത്തെ തലക്കെട്ട് ഇങ്ങനെയായിരുന്നു.
തഖിയുദ്ദീനെ കൊന്നതിന് പിന്നില് ഗോയലായിരുന്നുവെന്ന ആരോപണം ശക്തമാണ്. രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണാത്മക പത്രപ്രവര്ത്തകരിലൊരാളായ മലയാളി എഴുത്തുകാരന് ജോസി ജോസഫ് A Feast of Vultures: The Hidden Business of Democracy in India എന്ന പുസ്തകത്തില് ബോളിവുഡ് ത്രില്ലറിന് സമാനമായ ഈ കഥകളെല്ലാം പറയുന്നുണ്ട്. നരേഷ് ഗോയല്, ദാവൂദ് ഇബ്രാഹീമിന്റെ ആളുകളെ ഉപയോഗിച്ച് തഖിയുദ്ദീനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജോസി ജോസഫ് തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നത്.