മുപ്പത്തിരണ്ടാംവയസ്സില്‍ ഭർത്താവ് മരിക്കുമ്ബോള്‍ ഇനിയങ്ങോട്ടുള്ള വഴികളില്‍ ഒറ്റയ്ക്ക് തന്നെ നടക്കേണ്ടി വരുമല്ലോ എന്ന് സഹതപിച്ചവരോട് ഹൈമ മറുപടി ഒന്നും പറഞ്ഞിരുന്നില്ല.
ഇനി നല്ല ഡ്രസ്സൊക്കെ ധരിച്ച് പുറത്തിറങ്ങാൻ പോലും പറ്റില്ലല്ലോ എന്ന് ദുഖിച്ചവരോടും ഹൈമ പ്രതികരിച്ചില്ല. പക്ഷേ അവർ ഒരുകാര്യം മനസ്സിലുറപ്പിച്ചിരുന്നു,’ഞാൻ ഒറ്റയ്ക്ക് തന്നെ നടക്കും, ആരുടെയും സഹതാപം എനിക്ക് ആവശ്യമില്ല.’ആ ഒറ്റവഴിയിലൂടെ നടന്ന് അവർ ഡോക്ടറായി. ഭർത്താവിന്റെ അതേ ആശുപത്രിയില്‍, അതേ കസേരയിലിരുന്ന് അവർ രോഗികളെ ചികിത്സിക്കുന്നു.. വിവാഹം കഴിഞ്ഞ് അധികംവൈകാതെ ഭർത്താവിനെ നഷ്ടമായ ഒരാള്‍ക്കുനേരെ സമൂഹം പുറത്തെടുക്കുന്ന സഹതാപത്തെയും ഒറ്റപ്പെടുത്തലിനെയും ഒറ്റയ്ക്ക് മറികടന്ന ഹൈമയ്ക്ക് ഇന്ന് കോഴിക്കോട് കാരന്തൂരില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ട്, രോഗികളുടെ പ്രിയപ്പെട്ട ഡോക്ടർ ഹൈമ.
സ്വപ്നങ്ങളുടെ ബാല്യം
ഹൈമ ജനിച്ചുവളർന്നത് നാഗർകോവിലാണ്. അച്ഛൻ ഗോവിന്ദന്റെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ട് വർഷങ്ങളായി കന്യാകുമാരിയില്‍ താമസമാക്കിയ മലയാളി കുടുംബത്തില്‍. വളർന്നുവരുമ്ബോഴൊക്കെ ഹൈമ അച്ഛന്റെ ഉള്ളിലെ ആ പ്രത്യേക ഇഷ്ടവും തിരിച്ചറിയുന്നുണ്ടായിരുന്നു. സർവേ വകുപ്പിലാണ് ജോലിയെങ്കിലും അച്ഛന് ഹോമിയോപ്പതിയായിരുന്നു ജീവൻ. പുലരുംവരെ ഹോമിയോപ്പതി പുസ്തകങ്ങള്‍ വായിച്ച് അതേക്കുറിച്ച് പഠിച്ച് ജീവിച്ചൊരാള്‍. ആ കാഴ്ചയില്‍നിന്നാണ് മുതിർന്നാല്‍ തനിക്കൊരു ഹോമിയോ ഡോക്ടറാവണമെന്നുള്ള ആഗ്രഹം ഹൈമയിലുണ്ടാവുന്നത്.
‘പ്ലസ്ടുവിന് നല്ല മാർക്കുണ്ടായിരുന്നെങ്കിലും എനിക്ക് ഹോമിയോക്ക് ചേർന്നാല്‍ മതിയായിരുന്നു. അന്ന് ബി.എച്ച്.എം.എസിന് അഡ്മിഷനെടുക്കാൻ ചെന്നപ്പോള്‍ അച്ഛന് ആ കോളേജ് ഇഷ്ടമായില്ല. ഉള്‍നാട്ടില്‍ യാതൊരു വികസനവുമില്ലാത്ത സ്ഥലത്തായിരുന്നു കോളേജ്. അടിസ്ഥാന സൗകര്യങ്ങളും കുറവ്. അവിടെ പഠിക്കുന്ന പെണ്‍കുട്ടികളാവട്ടെ വിരലിലെണ്ണാവുന്നവരും. ഇതു കണ്ടതോടെ അച്ഛൻ ആഗ്രഹം ഉപേക്ഷിച്ചു. എന്നെ ബിഎസ്.സി. ഫിസിക്സിന് ചേർത്തു്. അല്‍പംകഴിഞ്ഞ് അച്ഛൻ മരിച്ചു. അതോടെ ഞങ്ങള്‍ കോഴിക്കോട്ടേക്ക് താമസംമാറി. ഇവിടെ വെച്ചാണ് ഞാൻ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷൻ കോഴ്സ് കഴിഞ്ഞത്.’പിന്നെ ഹൈമയ്ക്ക് കല്യാണാലോചനകളുടെ കാലമായിരുന്നു. ഒടുവില്‍ ഹൈമയുടെ മനസ്സറിഞ്ഞെത്തിയ ആലോചനയിലെ നായകനും ഒരു ഹോമിയോ ഡോക്ടർ. പ്രദീപ്കുമാറിന്റെ ജീവിതപങ്കാളിയായി തനി കോഴിക്കോട്ടുകാരിയായി ഹൈമ ദാമ്ബത്യജീവിതം തുടങ്ങി. ഒഴിവുനേരങ്ങളില്‍ ഭർത്താവിനൊപ്പം ചികിത്സാമുറിയില്‍ അവരും കയറിയിരിക്കും. ഹോമിയോയെക്കുറിച്ച് കേട്ടുവളർന്ന ബാല്യം ആ നേരങ്ങളില്‍ അവരുടെ ഉള്ളില്‍ സന്തോഷത്തോടെ തുടിച്ചിരുന്നു.ഹൈമ ഭർത്താവിനും മകനുമൊപ്പം
വിവാഹം കഴിഞ്ഞ് ആറാംമാസം ഹൈമ ഇഖ്റ ആശുപത്രിയില്‍ എക്സിക്യൂട്ടീവ് ഓഫീസറായി ജോലിക്ക് ചേർന്നു. ജീവിതം സന്തോഷത്തോടെ ഒഴുകിക്കൊണ്ടിരുന്ന കാലം. പക്ഷേ പൊടുന്നനെയാണ് ആ ദുരന്തം കയറിവന്നത്, ഒരു നെഞ്ചുവേദനയുടെ രൂപത്തില്‍. അവരുടെ ഭർത്താവ് ഡോ.പ്രദീപിന്റെ ജീവൻ രക്ഷിക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞില്ല. ആ വിയോഗത്തില്‍ പതറിപ്പോയ ഹൈമ ആഘാതത്തില്‍നിന്ന് ഒന്ന് എഴുന്നേറ്റുവരാൻ നിരന്തരം പരിശ്രമിച്ചു. പക്ഷേ ചുറ്റുപാടുകളില്‍നിന്നെല്ലാം നെഗറ്റീവ് കമന്റുകളാണ് അവർക്ക് കേള്‍ക്കേണ്ടി വന്നത്. തളർന്നുപോയ ഒരാളെ വീണ്ടും ഇല്ലാതാക്കാൻ ശേഷിയുള്ള അഭിപ്രായങ്ങള്‍.
‘അതിലൊന്നും പതറാതെ മുന്നോട്ട് പോവുകയെന്നത് ജീവൻമരണ പോരാട്ടമാണ്. വലിയ പുരോഗമന സമൂഹമാണ് നമ്മുടേത്. എന്നിട്ടും എന്റെ അടുത്ത് പലരും പറഞ്ഞിട്ടുണ്ട്. അയ്യോ ഭർത്താവ് മരിച്ചല്ലോ,ഇനി നിങ്ങളെ പഴയ പോലെയൊന്നും ഡ്രസ് ചെയ്ത് കാണാൻ പറ്റില്ലല്ലോ എന്ന്. ഏറെ വിദ്യാസമ്ബന്നരായ ആളുകള്‍ പോലും അങ്ങനെ പറയുന്നത് കേള്‍ക്കുമ്ബോള്‍ ഞെട്ടിപ്പോയിട്ടുണ്ട്. അവരോടൊക്കെ അതൊക്കെ നിങ്ങളുടെ തോന്നലാണെന്ന് ഞാൻ മറുപടി പറഞ്ഞു. ഞാൻ പണ്ടുള്ളപോലെ തന്നെ ഇനിയും മുന്നോട്ടുപോവുമെന്നും. ഞാൻ ഇതുവരെ എന്തായിരുന്നോ അതുതന്നെയാവണം തുടർന്നും.
നമ്മുടെ അകത്ത് നിറയെ പ്രശ്നങ്ങളുണ്ട്. പ്രയാസങ്ങളും പ്രതിസന്ധികളുമെല്ലാം മനസ്സിനെ വരിഞ്ഞുമുറുക്കുന്നുണ്ട്. പക്ഷേ അതൊന്നും മറ്റൊരാളുടെ മുന്നില്‍ കാണിക്കേണ്ടതില്ലല്ലോ. അതിന്റെ പേരില്‍ ആരുടെയും സഹതാപം ആവശ്യമില്ലെന്ന് മനസ്സിനെ ബോധ്യപ്പെടുത്തി. ഈ സമയത്ത് കൂടെയുണ്ടാവുമെന്നൊക്കെ ധാരാളമാളുകള്‍ പറയും, അങ്ങനെ എന്നോടും പറഞ്ഞവരുണ്ട്. അതൊക്കെ തുടക്കത്തിലേ കാണൂ. അതുകഴിഞ്ഞാല്‍ നമ്മള്‍ ഒറ്റയ്ക്ക് തന്നെ നടക്കണം. അതിനുവേണ്ടി മനസ്സിനെ പാകപ്പെടുത്തണം.’അങ്ങനെ ഒറ്റയ്ക്ക് നടക്കാനുള്ള ആലോചനകള്‍ക്കൊടുവിലാണ് ഹൈമയുടെ മനസ്സിലേക്ക് ആ പഴയകാലം ഓടിവന്നത്. ചെറുപ്പത്തില്‍ ഹോമിയോപ്പതി പഠിക്കാൻ പോയതും കോളേജിലെ അസൗകര്യങ്ങള്‍ കാരണം അതുപേക്ഷിക്കേണ്ടി വന്നതും. ആ ബാല്യത്തിലേക്ക് ഒന്ന് തിരികെ നടക്കാൻ അവർക്ക് തോന്നി. അതുതന്നെയാവും മനസ്സിലെ മുറിവുണക്കാനുള്ള മരുന്നും.
വീണ്ടും കന്യാകുമാരിയിലേക്ക്
അഞ്ചുവയസ്സുള്ള മകൻ അഭിനവിനെയും പ്രായമായ അമ്മ ചന്ദ്രികയെയും കൂട്ടി കന്യാകുമാരിയിലേക്കുള്ള തീവണ്ടിയില്‍ ഇരിക്കുമ്ബോള്‍ ഹൈമയുടെ മനസ്സില്‍ ചുറ്റിലുമുള്ളവരുടെ വാക്കുകള്‍ തികട്ടി വന്നുകൊണ്ടിരുന്നു. ‘ഉള്ള ജോലി രാജിവെച്ച് പഠിക്കാൻ പോവുന്നത് റിസ്ക് ആണ്, കുഞ്ഞിനെ വളർത്താൻ കഷ്ടപ്പാട് അല്ലേ, ഇനിയൊരു ജോലി കിട്ടുമെന്ന് എന്താണ് ഉറപ്പ്, വിധവയായാല്‍ പിന്നെ മുന്നോട്ട് പോവാൻ വലിയ പ്രയാസമാവും…’ മുന്നോട്ട് നടക്കാൻ തീരുമാനിച്ച ഒരാളെ പിന്നോട്ട് വലിക്കുന്ന അഭിപ്രായങ്ങള്‍. പക്ഷേ എല്ലാ നെഗറ്റീവ് കമന്റുകളെയും മറികടന്ന് മുന്നോട്ട് പോയേ പറ്റൂ എന്ന് ഹൈമ മനസ്സിലുറപ്പിച്ചു. ഭർത്താവ് ഇല്ലാതായിപ്പോയതിന്റെ സങ്കടം മറികടക്കണമെങ്കില്‍ ജീവിതത്തിലൊരു വഴിത്തിരിവുണ്ടാവണം. അതിനുള്ള ഏകമാർഗം പഠനമാണെന്ന് ഹൈമയ്ക്ക് മനസ്സിലായി.
‘ഭർത്താവ് മരിച്ച സ്ത്രീയോടുള്ള ഒരു അയ്യോ പാവം ഫീലിങ് എനിക്ക് വേണ്ടതില്ല. അങ്ങനെ ഒരു അവസ്ഥയിലേക്ക് എന്നെ കൊണ്ടുപോവാൻ താത്പര്യവുമില്ല, അയ്യോ ഭർത്താവ് മരിച്ച് അവളിങ്ങനെ ആയിപ്പോയല്ലോ എന്ന് ആരും പറയാനിടവരരുത്. ഭർത്താവ് മരിച്ചിട്ടും അവളെക്കൊണ്ട് ഇങ്ങനെയൊക്കെ പറ്റിയല്ലോ എന്നാണ് ആളുകളെക്കൊണ്ട് പറയിക്കേണ്ടത്. അതോടെ എന്റെ മനസ്സിലെ സംശയങ്ങള്‍ നീങ്ങി. ‘ആ തീവണ്ടി മഞ്ഞപ്പാടങ്ങളും തെളിനീർ പൊയ്കകളും മുറിച്ചുകടന്ന് കന്യാകുമാരിയിലെത്തുമ്ബോഴേക്കും ഹൈമയുടെ മനസ്സിലെ ആശങ്കകളെല്ലാം മാഞ്ഞുപോയിരുന്നു. തീവണ്ടി ജനാലയിലൂടെ പിന്നിലേക്ക് ഓടിപ്പോയ കാഴ്ചകള്‍പോലെ.