പാലക്കാട്ടെ കുഴല്‍പ്പണ ആരോപണം; പ്രതിപക്ഷ നേതാവ് രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നു: മന്ത്രി എം ബി രാജേഷ്

Spread the love

പാലക്കാട്ടെ കുഴല്‍പ്പണ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് കഴിഞ്ഞ രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നുവെന്ന് മന്ത്രി എം ബി രാജേഷ്.

പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫിന്റെ പരിഭ്രാന്തി എന്തിനാണെന്ന് തെളിഞ്ഞുവെന്നും വിചിത്രമായ ആരോപണങ്ങളാണ് യുഡിഎഫ് ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കള്ളപ്പണ വിവരം കിട്ടിയാല്‍ പൊലീസിന് പരിശോധിച്ച്‌ കൂടെയെന്നും മന്ത്രി ചോദിച്ചു.

രാജ്യമാകെ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പരിശോധന നടത്തും. സ്വാഭാവിക നടപടിയെ അസ്വാഭാവികം ആക്കിയത് കോണ്‍ഗ്രസ് ആണ്. തെരഞ്ഞെടുപ്പ് അവലോകനം ആണെങ്കില്‍ ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണ്ടേ എന്നും മന്ത്രി ചോദിച്ചു.

പരിഹാസ്യമായ വിശദീകരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നതെന്നും ഗൂഢാലോചന നമ്മുടെ മേല്‍ കെട്ടിവെക്കണ്ട എന്നും മന്ത്രി വ്യക്തമാക്കി.

ഷാനിമോള്‍ ഉസ്മാന്‍ തനിക്ക് ഏറെ ബഹുമാനമുള്ള നേതാവാണ്. എല്ലാ വനിതകളോടും എനിക്ക് ആദരവ് തന്നെയാണുള്ളതും. പൊലീസിനെ ഭയക്കണ്ട കാര്യം ഷാനി മോളിനില്ല. പെലീസ് വരുമെന്ന വിവരം ആരോ ഷാനി മോളിനെ അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ഭീഷണി കേട്ട് അയ്യോ സതീശേട്ടാ എന്ന് വിളിച്ച്‌ ചെല്ലുന്ന ആളല്ല താന്‍ എന്നും ഭീഷണി തന്റെടുത്ത് വിലപ്പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമത്തിന് വിധേയമല്ലാത്ത ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.