70 -കാരന്റെ ജീവനെടുത്തത് മക്കളെ പോലെ സ്നേഹിച്ചു വളര്‍ത്തിയ സിംഹങ്ങള്‍, ‘ലയണ്‍ മാന്റെ’ ദാരുണമായ കഥ VM TV NEWS CHANNEL

Spread the love

ഇന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം ആളുകള്‍ വിവിധ മൃഗങ്ങളെ ഓമനിക്കുന്ന വീഡിയോകള്‍ കാണാറുണ്ട്. പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങള്‍ക്ക് പുറമെ വന്യമൃഗങ്ങളെ ആളുകള്‍ ഓമനിക്കുന്ന വീഡിയോയും കാണാം.

എന്നാല്‍, വന്യമൃഗങ്ങള്‍ എപ്പോളാണ് എങ്ങനെയാണ് പ്രകോപിതരാകുന്നത് എന്ന് നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. അതുപോലെ ഖേദകരമായ ഒരു സംഭവം ദക്ഷിണാഫ്രിക്കയിലും നടന്നിരുന്നു.

ഒരു 70 -കാരനെ അയാള്‍ തന്നെ നോക്കി വളർത്തിയ സിംഹങ്ങള്‍ കൊന്നതായിട്ടാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ലയണ്‍ മാൻ എന്നറിയപ്പെടുന്ന ലിയോണ്‍ വാൻ ബില്‍ജോണ്‍ എന്ന എഴുപതുകാരനാണ് സിംഹങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മക്കളെപ്പോലെയാണ് ഇയാള്‍ സിംഹങ്ങളെ കണ്ടിരുന്നതും പരിചരിച്ചിരുന്നതും എന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ആണ്‍സിംഹങ്ങള്‍ക്ക് റാംബോ, നകിത എന്നും തൻ്റെ പെണ്‍സിംഹത്തിന് കാട്രിൻ എന്നുമായിരുന്നു അയാള്‍ പേരിട്ടത്.

സിംഹങ്ങളുമായി തനിക്ക് പ്രത്യേകതരം ബന്ധമുണ്ട് എന്നാണ് അയാള്‍ എപ്പോഴും പറഞ്ഞിരുന്നത്. വന്യമൃഗങ്ങളെ വളർത്തുമൃഗങ്ങളാക്കരുത് എന്ന വാക്കുകളൊന്നും അയാള്‍ കേട്ടിരുന്നില്ല. നിരന്തരമായി സിംഹങ്ങളെ പരിചരിക്കുകയും മറ്റുള്ളവരില്‍ സിംഹങ്ങളെ കുറിച്ച്‌ അവബോധമുണ്ടാക്കുകയും ഒക്കെ ചെയ്തിരുന്നുവത്രെ ലിയോണ്‍ വാൻ ബില്‍ജോണ്‍.

അഞ്ചുവർഷം മുമ്ബ് നടന്ന സംഭവമാണെങ്കിലും ഇന്നും വന്യമൃഗങ്ങളെ എന്തുകൊണ്ട് സൂക്ഷിക്കണം എന്നതിന്റെ ഉദാഹരണമായി പലരും ലിയോണ്‍ വാൻ ബില്‍ജോണിന്റെ കഥ പറയാറുണ്ട്.

പ്രിട്ടോറിയയുടെ വടക്ക് സ്ഥിതി ചെയ്യുന്ന ദക്ഷിണാഫ്രിക്കയിലെ ഹമ്മൻസ്‌ക്രാലിലുള്ള ലിയോണ്‍സ് മഹല വ്യൂ ലയണ്‍ ഗെയിം ലോഡ്ജില്‍ 2019 -ലാണ് സംഭവം നടന്നത്. സിംഹങ്ങളെ പാർപ്പിച്ചിരുന്നിടത്ത് ഒരു വേലി ഉറപ്പിക്കുകയായിരുന്നു അയാള്‍. പെട്ടെന്ന് ഒരു സിംഹം അയാളെ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. കഴുത്തിലാണ് അത് കടിച്ചത്. പെട്ടെന്ന് തന്നെ എമർജൻസിയില്‍ വിളിച്ച്‌ ആളുകളെത്തിയെങ്കിലും അയാളെ രക്ഷിക്കാനായില്ല.

സംഘം എത്തിയപ്പോഴേക്കും മൂന്ന് സിംഹങ്ങളും അയാളെ ചുറ്റി നില്‍ക്കുകയായിരുന്നു. സിംഹങ്ങളെ വെടിവച്ച ശേഷമാണ് അവർക്ക് അയാളുടെ അരികിലെത്താനായത്. എന്നാല്‍, അപ്പോഴേക്കും അയാള്‍ മരിച്ചിരുന്നു.

Leave a Reply

Your email address will not be published.