
കോടിക്കണക്കിന് ഇന്ത്യക്കാർ ഒക്ടബോർ 31-ന് ദീപാവലി ആഘോഷിച്ചപ്പോള്‍ ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി റിതിക് തോമർ വിശ്രമമില്ലാത്ത ജോലിത്തിരക്കിലായിരുന്നു.
കുടുംബാംഗങ്ങളില്‍ നിന്ന് അകന്ന് ആ രാത്രി റിതിക് സൊമാറ്റോ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു. വൈകീട്ട് അഞ്ച് മുതല്‍ 11 വരെ റിതിക് സൊമാറ്റോയ്ക്ക് വേണ്ടി ജോലി ചെയ്തു. ആറു മണിക്കൂർ നേരത്തെ ജോലിക്കിടെ എട്ടിടങ്ങളില്‍ ഭക്ഷണമെത്തിച്ച് നേടിയതാകട്ടെ വെറും 317 രൂപയും.
ദീപാവലി ദിനം യുവാവിന് ലഭിച്ച പ്രതിഫലവും ഉപഭോക്താക്കള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള യാത്രയും ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. റിതിക് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചത്. ആദ്യത്തെ ഓർഡർ ഡെലിവറി ചെയ്ത് നേടിയത് 40 രൂപയാണ്. രണ്ടാമത്തെ ഓർഡറിന് ലഭിച്ചതാകട്ടെ വെറും 20 രൂപയും. മൂന്നാമത്തെ ഡെലിവറിക്ക് 50 രൂപയും നാലാമത്തെ ഡെലിവറിക്ക് 40 രൂപയും ലഭിച്ചു. അഞ്ചാമത്തെ ഓർഡറിന് 24 രൂപയും ആറാമത്തെ ഡെലിവറിക്ക് 70 രൂപയും ലഭിച്ചു.