“ഞാൻ യുദ്ധങ്ങള്‍ നിര്‍ത്താൻ പോകുന്നു…”; ട്രംപിൻ്റെ വിജയ പ്രസംഗത്തില്‍ പരിഭ്രാന്തരാകുന്ന യുക്രെയ്‌ന്‍ VM TV NEWS CHANNEL

Spread the love

ലോകമെമ്ബാടുമുള്ള യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളായിരിക്കും തന്‍റെ പ്രധാന നയതന്ത്ര തീരുമാനങ്ങളിലൊന്ന് എന്ന് സൂചിപ്പിച്ച്‌ ഡൊണാള്‍ഡ് ട്രംപ്.

കേവല ഭൂരിപക്ഷം നേടിയതിനു ശേഷം നടത്തിയ പ്രസംഗത്തിലാണ് ട്രംപ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. എവിടെ നടക്കുന്ന യുദ്ധമെന്ന് വ്യക്തമാക്കിയില്ലെങ്കിലും റഷ്യയേയും ഇസ്രയേലിനേയും ഉദ്ദേശിച്ചാണ് ട്രംപിന്‍റെ പ്രസ്താവന എന്നാണ് ജിയോപൊളിറ്റിക്കല്‍ വിദഗ്ധർ വിലയിരുത്തുന്നത്.

“ഞാൻ യുദ്ധങ്ങള്‍ ആരംഭിക്കാൻ പോകുന്നില്ല, ഞാൻ യുദ്ധങ്ങള്‍ നിർത്താൻ പോകുന്നു. ഐഎസിനെ പരാജയപ്പെടുത്തിയതൊഴിച്ചാല്‍ കഴിഞ്ഞ നാല് വർഷമായി നമുക്ക് യുദ്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല,” ട്രംപ് പറഞ്ഞു.

യുഎസ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്ബോള്‍, പരിഭ്രാന്തരാകുന്ന ഒരു ജന വിഭാഗമുണ്ട്- യുക്രെയ്ന്‍ ജനത. യുഎസ് തെരഞ്ഞെടുപ്പിലെ ഒരോ പുരോഗതിയും സസൂക്ഷ്മം വീക്ഷിച്ചിരുന്നവരാണ് യുക്രെയ്നിലെ യുദ്ധബാധിതരായ ജനത. ട്രംപിൻ്റെ വിജയം റഷ്യൻ സേനയ്‌ക്കെതിരെ പോരാടുന്ന യുക്രെയ്ന് യുഎസില്‍ നിന്നും ലഭിക്കുന്ന സുപ്രധാന സഹായം നിർത്തലാക്കുമോയെന്ന ഭയത്തിലാണ് ഇവർ.

ശുഷ്കമായ സൈനിക ബലവും മതിയായ സൈനിക-ആയുധ ബലമില്ലാതെയാണ് രാജ്യത്തെ കടന്നാക്രമിക്കുന്ന റഷ്യയ്ക്കെതിരെ യുക്ര‌െയ്‌ന്‍ പോരാടുന്നത്. അതേസമയം റഷ്യന്‍ സൈന്യത്തിനൊപ്പം ഉത്തര കൊറിയന്‍ സൈനികരും ചേർന്നതായാണ് റിപ്പോർട്ടുകള്‍. ഈ സാഹചര്യത്തില്‍ യുഎസ് സഹായങ്ങള്‍ കൂടി ലഭിക്കാതെയായാല്‍ യുക്രെയ്‌ന്‍ പ്രതിസന്ധിയിലാകും. യുക്രെയ്‌നെ സഹായിക്കുമെന്ന തരത്തില്‍ ഒരു സൂചനയും ട്രംപ് ഇതുവരെ നല്‍കിയിട്ടില്ല.

“അമേരിക്കയ്ക്ക് ഇനി സുവർണകാലം, അതിർത്തികള്‍ മുദ്രവെയ്ക്കും”; തെരഞ്ഞെടുപ്പ് വിജയ ശേഷം ട്രംപിന്‍റെ ആദ്യ പ്രതികരണം

നാറ്റോയുടെ വലിയ തോതിലുള്ള സഹായമാണ് യുദ്ധത്തില്‍ യുക്രെയ്‌ന് ലഭിക്കുന്നത്. ബില്യണ്‍ കണക്കിനു ഡോളറിന്‍റെ സാമ്ബത്തിക സഹായവും സൈനിക സഹായവുമാണ് ജോ ബൈഡന്‍ ഭരണകൂടം യുക്രെയ്‌നിന് നല്‍കിവന്നിരുന്നത്. എന്നാല്‍ കുറച്ച്‌ മാസങ്ങളായി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നും യുക്രെയ്‌നു ലഭിക്കുന്ന പിന്തുണ കുറഞ്ഞു.

യുക്രെയ്‌നിനുള്ള യുഎസ് പിന്തുണയെ ആവർത്തിച്ച്‌ വിമർശിക്കുകയും 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് അവകാശപ്പെടുകയും ചെയ്യുന്നതാണ് യുക്രെയ്‌നിൻ്റെ ആശങ്കകള്‍ വർധിപ്പിക്കുന്നത്.

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍, റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍ എന്നിവരുമായുള്ള ട്രംപിന്‍റെ സൗഹൃദമാണ് യുക്രെയ്‌നെ അലട്ടുന്ന മറ്റൊരു കാര്യം. ഒരു ഉത്തരകൊറിയൻ നേതാവുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യത്തെ സിറ്റിങ് യുഎസ് പ്രസിഡൻ്റായിരുന്നു കോടീശ്വരനായ വ്യവസായിയില്‍ നിന്നും യുഎസ് പ്രസിഡന്‍റായി മാറിയ ഡൊണാള്‍ഡ് ട്രംപ്. 2016 മുതല്‍ 2020 വരെയുള്ള ഭരണകാലത്താണ് സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിയില്‍ കിം ജോങ് ഉന്നുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായും ട്രംപ് സൗഹൃദം സൂക്ഷിക്കുന്നതായി യുഎസ് മാധ്യമ പ്രവർത്തകന്‍ ബോബ് വുഡ്‍‌വാർഡ് തന്‍റെ പുതിയ പുസ്തകത്തില്‍ (വാർ) വെളിപ്പെടുത്തിയിരുന്നു. ഉത്തര കൊറിയയുമായി മുന്‍പെങ്ങും ഇല്ലാത്ത തരത്തിലുള്ള ബന്ധമാണ് ഇപ്പോള്‍ റഷ്യ കാത്തു സൂക്ഷിക്കുന്നത്. രാജ്യങ്ങളുടെ പൊതു സമീപനങ്ങള്‍ക്ക് വിരുദ്ധമായുള്ള നേതാക്കളുടെ ഇത്തരം ബന്ധങ്ങളാണ് യുക്രെയ്‌നെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

അതേസമയം, ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ യുക്രെയ്‌ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലന്‍സ്കി ആശുസകള്‍ അറിയിച്ചു. ‘ആഗോള കാര്യങ്ങളില്‍ ‘പീസ് ത്രൂ സ്ട്രെങ്ത്’ എന്ന പ്രസിഡൻ്റ് ട്രംപിൻ്റെ സമീപനത്തെ ഞാൻ അഭിനന്ദിക്കുന്നു. യുക്രെയ്നില്‍ സമാധാനം കൊണ്ടുവരാൻ കഴിയുന്ന തത്വമാണിത്. ഞങ്ങള്‍ ഒരുമിച്ച്‌ പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ സെലന്‍സ്കി എക്സില്‍ കുറിച്ചു.

Leave a Reply

Your email address will not be published.