കൊച്ചി: തിരഞ്ഞെടുപ്പിന് ശേഷം സിപിഐക്ക് എതിരെ നീങ്ങിയ പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് സിപിഎമ്മിന്റെ വക പണി തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു.
നേരത്തെ കക്കാടംപൊയിലില്‍ അന്‍വറിന്റെ പാര്‍ക്കിലെ തടയണ പെളിച്ചുകൊണ്ടായിരുന്നു സിപിഎമ്മിന്റെ ആദ്യ പണി. ഇപ്പോള്‍ ആലുവയ്ക്ക് അടുത്തുള്ള എടത്തല പഞ്ചായത്തില്‍ സുരക്ഷാ മേഖലയില്‍ പിവി അന്‍വറിന്റെ ഏഴ് നില കെട്ടിടം പൊളിച്ച് നീക്കണം എന്നാണ് പിവി അന്‍വറിന് ലഭിച്ചിരിക്കുന്ന അടുത്ത പണി.
എടത്തല പഞ്ചായത്തില്‍ സുരക്ഷാ മേഖലയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ പേരിലുള്ള ഏഴുനില കെട്ടിടവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അന്‍വറിനും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും ഹൈക്കോടതിയുടെ അന്ത്യശാസനം നല്‍കിയിരുന്നു. അവസാന അവസരമായി കണ്ട് മൂന്നാഴ്ചക്കകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് നിര്‍ദ്ദേശം നല്‍കിയത്. സാമൂഹിക പ്രവര്‍ത്തകനായ കെവി ഷാജി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ അന്ത്യശാസന. പിവി അന്‍വര്‍ എംഎല്‍എയുടെ പേരിലുള്ള ഏഴുനില കെട്ടിടം അനുമതിയില്ലാതെ നിര്‍മിച്ചതാണെന്നും ഇത് പൊളിച്ചു നീക്കണമെന്നുമായിരുന്നു ഹര്‍ജി.
നേരത്തെ, എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി മൂന്നാഴ്ച സമയം അനുവദിച്ചിരുന്നെങ്കിലും ഇരുകൂട്ടരും ഇത് സമര്‍പ്പിക്കാതിരുന്നതോടെയാണ് കോടതി അന്ത്യശാസനം നല്‍കിയത്. കേസ് ഡിസംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും. ന്യൂഡല്‍ഹിയിലെ കടാശ്വാസ കമ്മീഷന്‍ 2006 സെപ്തംബര്‍ 18ന് നടത്തിയ ലേലത്തിലാണ് പിവി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 99 പാട്ടത്തിന് ഏഴുനില കെട്ടിടം ഉള്‍പ്പെടുന്ന 11.46 ഏക്കര്‍ ഭൂമി സ്വന്തമാക്കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.
അനുമതിയിലാത്ത കെട്ടിടനിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് എടത്തല പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നല്‍കിയിട്ടും അത് പരിഗണിക്കാതെയാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചെത്താനും ഹര്‍ജിയില്‍ പറയുന്നു. ഡിജെ പാര്‍ട്ടിയടക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഈ കെട്ടിടത്തില്‍ നടക്കുന്നതായും ഹരജിയില്‍ ആരോപിക്കുന്നു.
2018 ഡിസംബര്‍ എട്ടിന് രാത്രി 11.30ന് ഈ കെട്ടിടത്തില്‍ ആലുവ എക്സൈസ് സിഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി ഇവിടെനിന്നും 19 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കെട്ടിട ഉടമയായ അന്‍വറിനേയോ നടത്തിപ്പുകാരനേയോ കേസില്‍ പ്രതിയാക്കിയില്ല. ഇക്കാര്യങ്ങളെലാം ചൂണ്ടിക്കാട്ടി അനധികൃത കെട്ടിടം പൊളിക്കാന്‍ താന്‍ എറണാകുളം കളക്ടര്‍ക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നുവെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. ഇത് പരിഗണിക്കാതിരുന്നതോടെയാണ് നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.